കോങ്കോയിൽ നിന്ന് എറണാകുളത്ത് എത്തിയ ഒമിക്രോൺ സ്ഥിരീകരിച്ച വ്യക്തിയുടെ സമ്പർക്കപ്പട്ടിക വിപുലമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. എല്ലാ ജില്ലകളിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. മാളുകളിലും ഹോട്ടലുകളിലും പോയി. കോങ്കൊ ഹൈ റിസ്‌ക് രാജ്യമായിരുന്നില്ലെന്നും മന്ത്രി പറഞ്ഞു.
എറണാകുളത്ത് രോഗം സ്ഥിരീകരിച്ച ആളുകളെ റൂട്ട് മാപ്പ് തയ്യാറാക്കുമെന്നും ആരോഗ്യ മന്ത്രി അറിയിച്ചു. സമ്പർക്ക പട്ടികയിലുള്ളവർ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടേണ്ടതാണ്. മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനംരോഗികൾ കൂടുന്ന സാഹചര്യമുണ്ടായാൽ ഐസൊലേഷൻ വാർഡുകൾ ജില്ലകൾ സജ്ജമാക്കിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. ആവശ്യമുള്ളവർക്ക് സ്വകാര്യ ആശുപത്രികളിലും ചികിത്സയിൽ കഴിയാവുന്നതാണ്. എയർപോർട്ടിലും സീപോർട്ടിലും നിരീക്ഷണം ശക്തമാക്കി. ഇവിടെയെല്ലാം ലാബുകൾ സജ്ജമാക്കിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
കോങ്കോയിൽ നിന്ന് വന്ന വ്യക്തി സ്വയം നിരീക്ഷണം ലംഘിച്ചുവെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. സ്വയം നിരീക്ഷണത്തിലെ വ്യവസ്ഥകൾ എല്ലാവരും കൃത്യമായി പാലിക്കണമെന്നും സാമൂഹിക ഇടപെടലുകൾ, ആൾക്കൂട്ടങ്ങളുള്ള സ്ഥലങ്ങൾ, തീയറ്ററുകൾ, മാളുകൾ എന്നിവ സന്ദർശിക്കുന്നത് ഒഴിവാക്കണമെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു.
ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വരുന്നവരുടേയും മറ്റ് രാജ്യങ്ങളിൽ നിന്നും വരുന്നവരിൽ റാൻഡം പരിശോധനയിൽ കൊവിഡ് പോസിറ്റീവാകുന്നവരുടേയും ഇവരുടെ സമ്പർക്കത്തിൽ വന്ന് കൊവിഡ് പോസിറ്റീവാകുന്നവരുടേയും സാമ്പിളുകൾ ജനിതക പരിശോധനയ്ക്ക് അയക്കുന്നത് തുടരും. ഒമിക്രോൺ സാഹചര്യത്തിൽ കൂടുതൽ സാമ്പിളുകൾ ജനിതക പരിശോധനയ്ക്ക് അയക്കുന്നതാണ്. ക്ലസ്റ്ററുകൾ രൂപപ്പെടുന്ന പ്രദേശങ്ങളിലെ കോവിഡ് പോസിറ്റീവ് സാമ്പിളുകളും ജനിതക പരിശോധനയ്ക്ക് അയയ്ക്കും.
എറണാകുളത്ത് യുകെയിൽ നിന്നും എത്തിയാൾക്കാണ് ആദ്യം ഒമിക്രോൺ സ്ഥിരീകരിച്ചത്. അദ്ദേഹത്തിന്റെ സമ്പർക്കപ്പട്ടികയിലുള്ള ഭാര്യയ്ക്കും (38) ഭാര്യാ മാതാവിനും (67), കോങ്കോയിൽ നിന്നും വന്ന മറ്റൊരാൾക്കുമാണ് (37) ഇന്നലെ എറണാകുളത്ത് ഒമിക്രോൺ സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് ഒമിക്രോൺ സ്ഥിരീകരിച്ച യുവതിക്ക് (22) വിമാനത്തിൽ നിന്നുള്ള സമ്പർക്കം മാത്രമാണുള്ളത്. ഇവർ തിരുവനന്തപുരത്തെ പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലാണുള്ളത്. എല്ലാവരുടേയും ആരോഗ്യനില തൃപ്തികരമാണ്.
ഒമിക്രോൺ ക്വാറന്‍റൈന്‍ മാർഗ്ഗ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം
എറണാകുളം ജില്ലയിൽ രണ്ടു അന്താരാഷ്ട്ര യാത്രികർക്കും സമ്പർക്കത്തിൽ പെട്ട മറ്റുരണ്ടുപേർക്കും ഒമിക്രോൺ സ്ഥിരീകരിച്ച സാഹചര്യത്തിൽ അന്താരാഷ്ട്ര യാത്രികർ സ്വയം നിരീക്ഷണത്തിലിരിക്കേണ്ടതും ,ക്വാറന്റെയ്ൻ വ്യവസ്ഥകൾ കർശനമായി പാലിക്കേണ്ടതുമാണ്. ഹൈ റിസ്‌ക് രാജ്യമല്ലാത്ത കോങ്കോയില്‍ നിന്നും വന്നവ്യക്തിക്ക് ഒമിക്രോൺ സ്ഥിരീകരിക്കുകയുണ്ടായി. ഈ സാഹചര്യത്തിൽ ഒമിക്രോൺ റിപ്പോർട്ട് ചെയ്യാത്ത രാജ്യങ്ങളിൽ നിന്നും എത്തുന്നവരും സ്വയം നിരീക്ഷണത്തിലിരിക്കേണ്ടതും ക്വാറന്റെയ്ൻ വ്യവസ്ഥകൾ കർശനമായി പാലിക്കേണ്ടതുമാണ്. യാതൊരു കാരണവശാലും കുടുംബാംഗങ്ങളുമായോ, മറ്റുള്ളവരുമായോ , പൊതു ഇടങ്ങളിലോ ഇടപഴകരുത്. ക്വാറന്റെയ്ൻ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുന്നതോടൊപ്പം തന്നെ അടിസ്ഥാന .പ്രതിരോധ മാർഗ്ഗങ്ങളായ മാസ്കും, കൈകളുടെ ശുചിത്വവും, സാമൂഹിക അകലവും കർശനമായി പാലിച്ചാൽ മാത്രമേ ഒമിക്രോൺ ഭീഷണിയെ ഫലപ്രദമായി നേരിടുവാൻ സാധിക്കുകയുള്ളു.സാധിക്കുകയുള്ളു.
ഒമിക്രോൺ ഭീഷണി നേരിടാൻ വാക്സിനേഷൻ തീവ്രയജ്ഞം
എറണാകുളം ജില്ലയിൽ ഇതുവരെ നാല് ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ള സാഹചര്യത്തിൽ അതീവ ജാഗ്രത പുലർത്തേണ്ടതാണ്.രണ്ട് അന്താരാഷ്ട്ര യാത്രികർക്കും രണ്ട് സമ്പർക്കത്തിൽ പെട്ടവരും ഉൾപ്പെടെ നാല് ഒമിക്രോൺ കേസുകളാണ് ജില്ലയിൽ സ്ഥിരീകരിച്ചിട്ടുള്ളത്.അതിതീവ്ര വ്യാപനശേഷിയുള്ള ഒരു കോവിഡ് വകഭേദമാണ് ഒമിക്രോൺ. കോവിഡ് വാക്സിൻ സ്വീകരിച്ചവരിൽ ഒമിക്രോൺ ഗുരുതരമാകുന്നതായി കാണപ്പെടുന്നില്ല.. ആയതിനാൽ വാക്സിൻ ആദ്യ ഡോസ് ഇനിയും എടുക്കാനുള്ളവരും, രണ്ടാം ഡോസ് എടുക്കാൻ സമയമായിട്ടുള്ളവരും എത്രയും പെട്ടെന്ന് തന്നെ തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ നിന്നും വാക്സിനേഷൻ എടുത്ത് സുരക്ഷിതരാകേണ്ടതാണ്. ഇതിനായി ഡിസംബർ 18,19, 20 തീയതികളിൽ ജില്ലയിൽ തീവ്ര വാക്സിനേഷൻ യജ്ഞം നടത്തുന്നതും , ഈ അവസരം ജനങ്ങൾ വീഴ്ച കൂടാതെ ഉപയോഗപ്പെടുത്തേണ്ടതുമാണെന്ന് .ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു..