ശബരിമലയില്‍ മണ്ഡലപൂജ ഡിസംബര്‍ 26ന്
തങ്ക അങ്കി ചാര്‍ത്തിയുള്ള ദീപാരാധന ഡിസംബര്‍ 25ന്
തങ്ക അങ്കി ഘോഷയാത്ര ഡിസംബര്‍ 22ന് ആറന്‍മുളയില്‍ നിന്ന് പുറപ്പെടും
ശബരിമല: മണ്ഡല പൂജയ്ക്ക് ശബരിമല അയ്യപ്പസ്വാമിക്ക് ചാര്‍ത്താനുള്ള തങ്ക അങ്കിയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഡിസംബര്‍ 22ന് രാവിലെ ഏഴിന് ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്നും പുറപ്പെടും. ഘോഷയാത്ര 25ന് ഉച്ചയ്ക്ക് പമ്പയില്‍ എത്തിച്ചേരും. വൈകുന്നേരം മൂന്നിന് പമ്പയില്‍ നിന്ന് തിരിക്കുന്ന തങ്ക അങ്കി ഘോഷയാത്രയ്ക്ക് വൈകുന്നേരം അഞ്ചിന് ശരംകുത്തിയില്‍ വച്ച് ആചാരപ്രകാരമുള്ള സ്വീകരണം നല്‍കും.
ശബരിമല ക്ഷേത്രത്തില്‍ നിന്നും തന്ത്രി പൂജിച്ചു നല്‍കിയ പ്രത്യേക പുഷ്പഹാരങ്ങള്‍ അണിഞ്ഞെത്തുന്ന ദേവസ്വം ബോര്‍ഡ് ജീവനക്കാരും മറ്റ് ചില വകുപ്പുകളുടെ പ്രതിനിധികളും അടങ്ങുന്ന സംഘമാണ് തങ്ക അങ്കിയെ ആചാരപൂര്‍വം സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കുന്നത്. ഘോഷയാത്ര പതിനെട്ടാംപടി കയറി വരുമ്പോള്‍ കൊടിമരത്തിനു മുന്നിലായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റും അംഗങ്ങളും ചേര്‍ന്ന് തങ്ക അങ്കിയെ സ്വീകരിക്കും. പിന്നീട് തങ്ക അങ്കി പേടകം സോപാനത്ത് എത്തുമ്പോള്‍ തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് തങ്ക അങ്കി ഏറ്റുവാങ്ങി അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തി 6.30ന് ദീപാരാധന നടത്തും. ഡിസംബര്‍ 26ന് ഉച്ചക്ക് 11.50നും 1.15 നും മദ്ധ്യേയുള്ള മുഹൂര്‍ത്തത്തിലാണ് തങ്ക അങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ.
തങ്ക അങ്കി ഘോഷയാത്രയ്ക്ക് വിവിധ സ്ഥലങ്ങളില്‍ ഭക്തി നിര്‍ഭരമായ സ്വീകരണം നല്‍കും. 22ന് രാവിലെ അഞ്ചു മുതല്‍ ഏഴുവരെ ആറന്മുള ക്ഷേത്രാങ്കണത്തില്‍ തങ്ക അങ്കി ദര്‍ശിക്കാന്‍ ഭക്തര്‍ക്ക് അവസരമുണ്ട്. തിരുവിതാംകൂര്‍ മഹാരാജാവ് ശബരിമല അയ്യപ്പസ്വാമിക്ക് മണ്ഡല പൂജയ്ക്ക് ചാര്‍ത്താനായി നടയ്ക്കു വച്ചതാണ് തങ്ക അങ്കി. 22 ന് തങ്ക അങ്കി ഘോഷയാത്രയെ ആറന്‍മുള ക്ഷേത്രത്തില്‍ നിന്ന് ആചാരപൂര്‍വം യാത്രയാക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപനും, ദേവസ്വം ബോര്‍ഡ് അംഗങ്ങളായ അഡ്വ. മനോജ് ചരളേലും പി.എം. തങ്കപ്പനും ദേവസ്വം കമ്മീഷണറും ആറന്‍മുള ക്ഷേത്രത്തില്‍ എത്തും.
മണ്ഡലപൂജ കഴിഞ്ഞ് ഉച്ചയ്ക്ക് നട അടയ്ക്കും. വൈകുന്നേരം നാലിന് ക്ഷേത്ര നട വീണ്ടും തുറക്കും. 6.30ന് ദീപാരാധനയും തുടര്‍ന്ന് പടിപൂജയും ഉണ്ടാവും. അത്താഴപൂജയ്ക്ക് ശേഷം രാത്രി 9.50 ന് ഹരിവരാസനം പാടി 10 ന് ക്ഷേത്രനട അടയ്ക്കും. ഇതോടെ 41 ദിവസം നീണ്ടുനിന്ന ശബരിമല മണ്ഡലകാല ഉല്‍സവ തീര്‍ത്ഥാടനത്തിനും സമാപനമാകും. മകരവിളക്ക് ഉല്‍സവത്തിനായി ഡിസംബര്‍ 30 ന് വൈകുന്നേരം അഞ്ചിന് ക്ഷേത്രനട തുറക്കും. അന്നേ ദിവസം ഭക്തര്‍ക്ക് പ്രവേശനം ഉണ്ടാവില്ല. 31 മുതല്‍ 2022 ജനുവരി 19 വരെ അയ്യപ്പഭക്തര്‍ക്ക് ശബരിമല ദര്‍ശനത്തിനായി എത്തിച്ചേരാം. 2022 ലെ ശബരിമല മകരവിളക്ക് – മകരജ്യോതി ദര്‍ശനം ജനുവരി 14 ന് ആണ്. ജനുവരി 19ന് മാളികപ്പുറത്ത് ഗുരുതി നടക്കും. പൂജകള്‍ പൂര്‍ത്തിയാക്കി ജനുവരി 20ന് നട അടയ്ക്കും.
അധ്വാനത്തിന്റെ ഉപ്പുപുരളുന്ന ശബരിമലയിലെ കൊപ്രാക്കളങ്ങള്‍
ശബരിമല: നെയ്യഭിഷേക പ്രിയനായ സ്വാമി അയ്യപ്പന് നാളികേര പ്രിയനെന്നും വിശേഷണമുണ്ട്. കേരളത്തെ കേരളമാക്കിയ നാളികേരമാണ് അയ്യപ്പന്‍റെ ഇഷ്ട നേദ്യം. അതുകൊണ്ടാണ് അയ്യപ്പന്മാര്‍ പമ്പയിലും പതിനെട്ടാംപടിയ്ക്ക് അരികിലും നാളികേരം ഉടയ്ക്കുന്നതും അഭിഷേകത്തിനുള്ള നെയ്യ് തേങ്ങയില്‍ നിറച്ചുകൊണ്ട് വരുന്നതും.
വര്‍ഷം തോറും എത്തുന്ന ലക്ഷക്കണക്കിന് തീര്‍ഥാടകര്‍ കൊണ്ടുവരുന്ന നാളികേരം മുഴുവന്‍ നശിച്ചുപോകാതെ സംരക്ഷിച്ചും സംഭരിച്ചും സംസ്കരിച്ചും തിരിച്ച് നാട്ടിലെത്തിക്കുന്ന വലിയ വിഭാഗമുണ്ട് ശബരിമലയില്‍. നട തുറക്കുമ്പോള്‍ തീര്‍ഥാടകര്‍ക്കൊപ്പം മലകയറി ഒടുവില്‍ മകരവിളക്കും കഴിഞ്ഞ് നട അടയ്ക്കുമ്പോള്‍ മല ഇറങ്ങുന്നവര്‍. അത്രയുംകാലം അധ്വാനം മാത്രം കൈമുതലാക്കി സന്നിധാനത്തെ കൊപ്രാക്കളത്തില്‍ രാപ്പകല്‍ പണിയെടുക്കുന്ന കൊപ്രാ തൊഴിലാളികള്‍. നാട്ടില്‍ പത്തുമാസം എല്ലുമുറിയെ പണിതാലും ദുര്‍വ്യയങ്ങളും അമിത ചിലവും കീശ കാലിയാക്കുമ്പോള്‍ അയ്യപ്പസ്വാമിയുടെ പ്രസാദം ഭക്ഷിച്ച് അധ്വാനം ഭക്തിയാക്കി മാറ്റി വേല ചെയ്ത് ഇത്തിരിയെങ്കിലും സമ്പാദിക്കുന്നവര്‍, കടങ്ങൾ തീർക്കുന്നവർ. ഭക്തിയോടൊപ്പം അധ്വാനത്തിന്‍റെ ഉപ്പ് പുരളുന്ന കഥകളാണ് ശബരിമലയിലെ കൊപ്രാക്കളങ്ങള്‍ക്ക് പറയുവാനുള്ളത്. എട്ട് കങ്കാണിമാര്‍ക്ക് കീഴില്‍ ഏകദേശം അഞ്ഞുറിന് അടുത്ത് തൊഴിലാളികളായിരുന്നു സന്നിധാനത്തെ കൊപ്രാക്കളത്തില്‍ പണിയെടുത്തിരുന്നത്. കൊവിഡും പ്രളയവുമെല്ലാം തീർത്ഥാടകരുടെ എണ്ണത്തിൽ കുറവ് വരുത്തിയതോടെ തേങ്ങയുടെ വരവും തൊഴിലാളികളുടെ എണ്ണവും കുറഞ്ഞു. ഇക്കുറി നൂറ്റിഅമ്പതിലേറെ തൊഴിലാളികളാണ് കളത്തിൽ വേലചെയ്യുന്നത്. കങ്കാണിമാരുടെ എണ്ണം ആറായി.
പുലര്‍ച്ചെ നാലുമണിയോടെ തുടങ്ങുന്ന അധ്വാനം രാവിലെ ഒമ്പതിന് തീരുന്നു. പിന്നീടങ്ങോട്ട് മുഴുവന്‍ അധികസമയ ജോലിയിലാണിവര്‍. അധിക വരുമാനമുണ്ട്. ശരാശരി അഞ്ഞൂറ് രൂപയാണ് ഒരു ദിവസം ഒരാൾക്കുള്ള പ്രതിഫലം. അഞ്ചു കൂട്ട തേങ്ങ ചിരട്ടയിൽ നിന്നും അത് കഴിഞ്ഞാൽ പിന്നീടുള്ള ഓരോ കുട്ടയ്ക്കും എഴുപതു രൂപ വച്ച് പ്രതിഫലം നൽകും. ഇങ്ങനെ ദിവസം ആയിരവും ആയിരത്തി അഞ്ഞൂറും രൂപ വരെ നേടുന്നവരുണ്ട്. അനുഷ്ഠാനാവശ്യം കഴിഞ്ഞ് ശേഖരിക്കുന്ന തേങ്ങ പുക കയറ്റി കാമ്പുമാറ്റി വെയിലത്തോ ഡ്രയറിലോ ഉണക്കി കൊപ്രയാക്കുന്ന പ്രവൃത്തിയാണ് കൊപ്രാക്കളങ്ങളില്‍ നടക്കുന്നത്. പിന്നീടിത് ട്രാക്ടറില്‍ പമ്പയിലെത്തിച്ച് വിവിധ മില്ലുകള്‍ക്ക് എണ്ണയാക്കാന്‍ നല്‍കുന്നു.
തേങ്ങ ശേഖരിക്കാനുള്ള അവകാശം ലേലം ചെയ്യുകയാണ് പതിവ്. രണ്ടുവര്‍ഷമായി വേലഞ്ചിറ ഭാസ്കരനാണ് തേങ്ങസംഭരണ അവകാശം നേടിയത്. കഴിഞ്ഞവര്‍ഷം ഒരു കോടി രൂപയ്ക്ക് നേടിയ അവകാശം ഇക്കുറി ഒരു കോടി തൊണ്ണൂറ്റിരണ്ട് ലക്ഷം രൂപയ്ക്കാണ് ഭാസ്കരൻ സ്വന്തമാക്കിയത്. കൊറോണ വ്യാപനം കഴിഞ്ഞവർഷം വലിയ തിരിച്ചടിയാണ് നൽകിയതെന്നും ഇക്കുറി തുടക്കം മോശമായിരുന്നെങ്കിലും പതിയെ തീർത്ഥാടകരുടെ എണ്ണം കൂടിയത് പ്രതീക്ഷയ്ക്ക് വകനൽകുന്നെണ്ടെന്നും ഭാസ്ക്കരന്‍ പറഞ്ഞു. ഇത്തവണ വെളിച്ചെണ്ണയ്ക്കും തേങ്ങയ്ക്കും ഉണ്ടായ വിലവര്‍ധന പ്രതീക്ഷ നല്‍കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ശബരിമലയിൽ മുന്‍പു തന്നെ സജീവമായിരുന്നു കൊപ്രാക്കളങ്ങള്‍. കാടുവെട്ടി കളമൊരുക്കി മരംവെട്ടി വിറകാക്കിയായിരുന്നു അന്നത്തെ സംസ്ക്കരണം. എന്നാല്‍ ക്ഷേത്രപരിസര വികസനത്തിനായി കൊപ്രാക്കളത്തിന്‍റെ സ്ഥാനം പലപ്പോഴും മാറിക്കൊണ്ടിരുന്നു. എങ്കിലും ശബരിമല ക്ഷേത്രത്തിന്‍റെ വികസന ചരിത്രത്തില്‍ കൊപ്രാക്കളങ്ങള്‍ക്കും അവിടുത്തെ തൊഴിലാളികള്‍ക്കും വലിയ സ്ഥാനമുണ്ട്.
ദിവസ വേതനക്കാർ: അഭിമുഖം 21 ന്
ശബരിമല മണ്ഡല മകരവിളക്ക് അടിയന്തിരങ്ങളിലേക്ക് ആവശ്യമായ ദിവസവേതനക്കാർക്കുള്ള അഭിമുഖം ഡിസംബർ 21 രാവിലെ 10.30 ന് ദേവസ്വം ബോർഡ് ആസ്ഥാനത്തെ ചീഫ് എഞ്ചിനീയർ ഓഫീസിൽ നടക്കും. ഡിസംബർ 14 ന് പ്രസിദ്ധീകരിച്ച നോട്ടീസിനെ തുടർന്ന് അപേക്ഷ സമർപ്പിച്ചവർക്ക് പങ്കെടുക്കാം
ഗാനാർച്ചനയുമായി എക്സൈസ് വകുപ്പ്
ശബരിമലയിലെ പതിവ് സേവന പ്രവൃത്തികൾക്ക് പുറമെ എക്സൈസ് വകപ്പിൻ്റെ വക ഗാനാർച്ചനയും. കഴിഞ്ഞ ദിവസമാണ് സന്നിധാനം വലിയ നടപന്തലിലെ മുഖ്യ വേദിയിൽ ഭക്തിഗാനസുധ അരങ്ങേറിയത്. കോട്ടയം അസിസ്റ്റൻറ് എക്സൈസ് കമ്മീഷണറും മൃദംഗവാദകനുമായ എം എൻ ശിവപ്രസാദിൻ്റെ നേതൃത്യത്തിലായിരുന്നു സംഗീതാർച്ചന. എക്സൈസ് ഉദ്യോഗസ്ഥരായ സത്യൻ സെബാസ്റ്റ്യൻ, രാജേഷ്, സാബുലാൽ, കിരൺ, സജിത്ത്, ഗായകരായ സുമേഷ്, സതീഷ്, സന്തോഷ്, ജഗതി എന്നിവർ ഗാനങ്ങളാലപിച്ചു.വയലിനിൽ സുമേഷ് പാലയും മൃദംഗത്തിൽ എം എൻ ശിവപ്രസാദും പിന്നണിയൊരുക്കി.
ശബരിമലയിലെ നാളത്തെ (17.12.2021) ചടങ്ങുകള്‍
പുലര്‍ച്ചെ 3.30 ന് പള്ളി ഉണര്‍ത്തല്‍
4 മണിക്ക്…. തിരുനട തുറക്കല്‍
4.05 ന്….. അഭിഷേകം
4.30 ന് …ഗണപതി ഹോമം
5 മണി മുതല്‍ 7 മണി വരെ നെയ്യഭിഷേകം
7.30 ന് ഉഷപൂജ
8 മണി മുതല്‍ ഉദയാസ്തമന പൂജ
11.30 ന് 25 കലശാഭിഷേകം
തുടര്‍ന്ന് കളഭാഭിഷേകം
12 ന് ഉച്ചപൂജ
1 മണിക്ക് നട അടയ്ക്കല്‍
4 മണിക്ക് ക്ഷേത്രനട തുറക്കും
6.30 ….ദീപാരാധന
7 മണിക്ക് …..പടിപൂജ
9 മണിക്ക് ….അത്താഴപൂജ
9.50 ന് ഹരിവരാസനം സങ്കീര്‍ത്തനം പാടി 10 മണിക്ക് ശ്രീകോവില്‍ നട അടയ്ക്കും.