മികച്ച നിലവാരമുള്ള റോഡുകള്‍ നിര്‍മ്മിക്കുകയാണ്
സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി പി.എ മുഹമ്മദ് റിയാസ്
KONNIVARTHA.COM : മികച്ച നിലവാരമുള്ള റോഡുകള്‍ നിര്‍മ്മിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ തണ്ണിത്തോട്മൂഴി തേക്ക്തോട് പ്ലാന്റേഷന്-കരിമാന്‍തോട് റോഡ് നിര്‍മ്മാണോദ്ഘാടനം തേക്കുതോട് ജംഗ്ഷനില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
തേക്കുതോടിന്റെയും കരിമാന്‍തോടിന്റെയും മുഖഛായ മാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണു തുടക്കം കുറിച്ചിരിക്കുന്നത്. ഇവ നാടിന്റെ പൊതുഗതാഗതം സുഗമമാക്കുന്നതിനു സഹായകമാകും. 130 കോടി രൂപയുടെ പൊതുമരാമത്ത് റോഡിന്റെ പ്രവര്‍ത്തനങ്ങളാണ് കോന്നി നിയോകജ മണ്ഡലത്തില്‍ നടക്കുന്നത്. ഈ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും. പൊതുമരാമത്ത് വകുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി വര്‍ക്കിംഗ് കലണ്ടര്‍ നിര്‍മ്മിച്ച് ഉടന്‍ പുറത്തിറക്കുമെന്നും മന്ത്രി പറഞ്ഞു.
തേക്കുതോട്-കരിമാന്‍തോടുകാരുടെ യാത്രാ ദുരിതത്തിനു പരിഹാരമായി 6.76 കോടി രൂപ വിനിയോഗിച്ചാണ് ഉന്നത നിലവാരത്തില്‍ തണ്ണിത്തോട്മൂഴി തേക്ക്തോട് പ്ലാന്റേഷന്-കരിമാന്‍തോട് റോഡ് നിര്‍മ്മിക്കുന്നത്. പൊതുമരാമത്ത് വകുപ്പില്‍ നിന്നും രണ്ടര കോടി രൂപയും റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് ഉള്‍പ്പെടുത്തി 4.26 കോടി രൂപയും വകയിരുത്തിയാണ് റോഡ് നിര്‍മ്മിക്കുന്നത്. റോഡിന്റെ വീതി വര്‍ധിപ്പിച്ചും വശങ്ങളില് സംരക്ഷണഭിത്തി നിര്‍മിച്ചും ബിഎം ആന്‍ഡ് ബിസി, ഡി.ബി.എം സാങ്കേതിക വിദ്യയിലുമാണ് റോഡ് നിര്‍മ്മിക്കുന്നത്.
കോഴിക്കോട് കേന്ദ്രമാക്കിയുള്ള ഏബിള്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയാണു പ്രവര്‍ത്തിയുടെ നിര്‍മ്മാണ കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. അഞ്ചുവര്‍ഷം അറ്റകുറ്റപ്പണി ഉള്‍പ്പെടെ നടത്തുന്നതിനുള്ള കരാറാണു നല്‍കിയിരിക്കുന്നത്. എട്ടു മാസമാണു നിര്‍മ്മാണ കാലാവധി.
പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള 2.50 കിലോമീറ്റര്‍ ഭാഗവും ജില്ലാ പഞ്ചായത്ത് അധീനതയിലുള്ള നാലു കിലോമീറ്റര്‍ ദൂരവും റീ ബില്‍ഡ് കേരള ഇനിഷ്യേറ്റിവില്‍ ഉള്‍പ്പെടുത്തിയും തുക വകയിരുത്തിയും ഒരേദിവസമാണു നിര്‍മാണം ആരംഭിക്കുന്നത്.
അഡ്വ.കെ.യു ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷ വഹിച്ച ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്. അയ്യര്‍, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി, തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എ കുട്ടപ്പന്, ജില്ലാ പഞ്ചായത്ത് അംഗം ജിജോ മോഡി, ബ്ലോക്ക് പഞ്ചായത്ത് അംഗം എം.വി അമ്പിളി, പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് പൊന്നച്ചന്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ വി.വി സത്യന്, എം.എസ് സുലേഖ, സി.ഡി ശോഭ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.