റാന്നി നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പ് പ്രവര്‍ത്തികള്‍ അതിവേഗം പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. എംഎല്‍എ വിളിച്ചു ചേര്‍ത്ത പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് വിവിധ പ്രവൃത്തികള്‍ സംബന്ധിച്ചുള്ള അവലോകനം നടത്തിയത്.
മുടങ്ങിക്കിടക്കുന്ന ഇട്ടിയപ്പാറയിലെ ശബരിമല പില്‍ഗ്രിം സെന്റര്‍ നിര്‍മാണം അടിയന്തരമായി പുനരാരംഭിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കാന്‍ യോഗത്തില്‍ തീരുമാനമായി. നിര്‍മാണ തടസങ്ങള്‍ പരിഹരിക്കാന്‍ ഉദ്യോഗസ്ഥതലത്തില്‍ വേണ്ട നടപടികള്‍ അടിയന്തരമായി സ്വീകരിക്കണം. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എല്ലാ ഇടപെടലുകള്‍ നടത്തുമെന്നും എംഎല്‍എ പറഞ്ഞു. സ്ഥലമേറ്റെടുപ്പ് എത്രയുംവേഗം നടത്തി റാന്നി വലിയ പാലത്തിന്റെ നിര്‍മാണവും ഉടന്‍ പുനരാരംഭിക്കണം. മുടങ്ങിപ്പോയ പ്രവര്‍ത്തികളെല്ലാം പുനരാരംഭിക്കാന്‍ പ്രത്യേകം ഇടപെടലുകള്‍ നടത്തി എല്ലാ ആഴ്ചയിലും പുരോഗതി വിലയിരുത്തി വിശദാംശങ്ങള്‍ ലഭ്യമാക്കണമെന്ന് എംഎല്‍എ നിര്‍ദേശിച്ചു.
നിര്‍മാണം നടക്കുന്ന പ്രവര്‍ത്തികള്‍ക്ക് പൂര്‍ത്തീകരണത്തിന് സമയം നിശ്ചയിച്ചു. അതനുസരിച്ച് നിര്‍ദിഷ്ട സമയത്തിനുള്ളില്‍ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കണം. നിര്‍മാണം ആരംഭിക്കാനിരിക്കുന്ന പ്രവര്‍ത്തികള്‍ എത്രയും വേഗം ആരംഭിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് എംഎല്‍എ ഉദ്യോഗസ്ഥരോട് പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് റോഡ്‌സ്, കെട്ടിട വിഭാഗം, പാലം വിഭാഗം അധികൃതര്‍ യോഗത്തില്‍ പങ്കെടുത്തു.