Trending Now

പേവിഷബാധക്കെതിരെ ജാഗ്രത പാലിക്കണം

പേവിഷബാധക്കെതിരെ ജാഗ്രത പാലിക്കണമെന്ന് കണ്ണൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ നാരായണ നായ്ക് അറിയിച്ചു. സൂക്ഷിച്ചാല്‍ പൂര്‍ണ്ണമായും ഒഴിവാക്കാവുന്ന ഒന്നാണ് പേവിഷ ബാധ.

രോഗലക്ഷണങ്ങള്‍ പ്രത്യക്ഷമായാല്‍ മരണം ഉറപ്പായ രോഗമായതിനാല്‍ തികഞ്ഞ സൂക്ഷ്മത പുലര്‍ത്തുകയും രോഗത്തെ പ്രതിരോധിക്കുകയും വേണം. മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് പകരുന്ന ജന്തുജന്യരോഗമാണ് പേവിഷബാധ. വളര്‍ത്തുമൃഗങ്ങളുമായോ മററു മൃഗങ്ങളുമായോ ഇടപഴകുമ്പോള്‍ കടിയേല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ഏതെങ്കിലും തരത്തില്‍ കടിയേറ്റാല്‍ ആ ഭാഗം സോപ്പും വെള്ളവും ഉപയോഗിച്ച് എത്രയും പെട്ടെന്ന് നന്നായി കഴുകിയതിനു ശേഷം വൃത്തിയുള്ള പഞ്ഞിയോ തുണിയോ ഉപയോഗിച്ച് തുടക്കണം. ഉടന്‍ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കണം.

പേ വിഷബാധ സംശയിക്കുന്ന മൃഗങ്ങളില്‍ നിന്ന് കടിയോ പോറലോ ഏല്‍ക്കുകയോ ഇവയുമായി നേരിട്ട് സമ്പര്‍ക്കത്തില്‍ വരികയോ ചെയ്താല്‍ നിര്‍ബന്ധമായും പേവിഷബാധയ്‌ക്കെതിരെയുളള കുത്തിവെപ്പ് (ഇന്‍ട്രാ ഡെര്‍മല്‍ റാബീസ് വാക്‌സിന്‍) എടുക്കണം. ജില്ലയില്‍ സാമൂഹിക ആരോഗ്യകേന്ദ്രങ്ങള്‍, താലൂക്ക് ആശുപത്രികള്‍, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, ജനറല്‍ ആശുപത്രി തലശ്ശേരി, ജില്ലാ ആശുപത്രി കണ്ണൂര്‍, ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ ഈ കുത്തിവെപ്പ് സൗജന്യമായി ലഭിക്കും. മുറിവില്‍ നിന്നും രക്തം പൊടിയുന്നുണ്ടെങ്കില്‍ ആദ്യ ഡോസ് വാക്‌സിനോടൊപ്പം ആന്റി റാബീസ് സിറമായ ഇമ്മ്യൂണോ ഗ്ലോബുലിന്‍ കൂടി നല്‍കണം. ഇത് മെഡിക്കല്‍ കോളേജ്, ജില്ലാ ആശുപത്രി, ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ ലഭ്യമാണ്. രോഗബാധ പ്രതിരോധിക്കാന്‍ കുട്ടികള്‍ക്ക് പ്രത്യേക ബോധവല്‍ക്കരണം നല്‍കണം. മൃഗങ്ങളുമായി ഇടപഴകുന്ന കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കണം.

രോഗം ബാധിച്ച മൃഗങ്ങളുടെ ഉമിനീരിലാണ് റാബിസ് വൈറസുകള്‍ കാണപ്പെടുന്നത്. മൃഗങ്ങളില്‍ നിന്ന് കടിയോ പോറലോ ഏല്‍ക്കുമ്പോള്‍ അവ മനുഷ്യശരീരത്തിലേക്ക് പകരുകയും തലച്ചോറിനെയും സുഷുമ്‌ന നാഡിയേയും ബാധിക്കുകയും ചെയ്യും. ചിലപ്പോള്‍ മാസങ്ങളോളം രോഗലക്ഷണം പ്രകടിപ്പിക്കണമെന്നില്ല. ശരീരത്തില്‍ പ്രവേശിക്കുന്ന റാബിസ് വൈറസ് കേന്ദ്രനാഡീവ്യൂഹത്തിലെത്താനെടുക്കുന്ന സമയദൈര്‍ഘ്യമാണ് രോഗലക്ഷണം പ്രകടിപ്പിക്കാനും ആവശ്യമായി വരുന്നത്. ഇത് ഒരാഴ്ച മുതല്‍ ഒരു വര്‍ഷം വരെ എടുക്കാനും സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ കടിയേററ ഉടനെ തന്നെ കുത്തിവെയ്പ്പ് എടുക്കാന്‍ ശ്രദ്ധിക്കണമെന്നും ഡിഎം ഒ അറിയിച്ചു. നായ, പൂച്ച എന്നിവയിലാണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നത്. പന്നി, കുരങ്ങന്‍, അണ്ണാന്‍, കീരി, കുതിര, കഴുത, കുറുക്കന്‍ , ചെന്നായ തുടങ്ങിയ മൃഗങ്ങളിലൂടെയും മററ് വന്യമൃഗങ്ങളിലൂടെയും രോഗബാധയുണ്ടാകാം