എം ആര്‍ എസിലെ വെള്ളക്കെട്ട്: ശാശ്വത പരിഹാരത്തിനായി എല്ലാവരും
ഒരുമിച്ച് പരിശ്രമിക്കണം – അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ
വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ തുടര്‍ച്ചയായ മഴയില്‍ വെള്ളക്കെട്ട് ഉണ്ടാകുന്നതായും ഈ പ്രശ്‌നത്തിന് ശാശ്വതമായ പരിഹാരത്തിനായി എല്ലാവരും ഒരുമിച്ച് പരിശ്രമിക്കണമെന്നും അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ക്കൊപ്പം വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയതിന് ശേഷം സംസാരിക്കുകയായിരുന്നു എംഎല്‍എ.
വടശേരിക്കരയില്‍ ദീര്‍ഘകാലമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന പട്ടിക വര്‍ഗ വകുപ്പിന്റെ കീഴിലുള്ള മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 167 കുട്ടികളാണ് വിവിധ ക്ലാസുകളിലായിട്ടുള്ളത്. സവിശേഷമായ ജീവിത സാഹചര്യങ്ങളെ മറികടന്ന് ജീവിതത്തില്‍ ഉയരങ്ങളിലെത്താന്‍ പ്രത്യേകമായ പരിരക്ഷയും പഠനത്തില്‍ മികവ് പുലര്‍ത്തുന്നവര്‍ക്ക് അതിനുള്ള സാഹചര്യവും ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു സ്‌കൂള്‍ സ്ഥാപിതമായത്. വടശേരിക്കരയിലെ സ്‌കൂള്‍ അത്തരത്തില്‍ മാതൃകാപരമായി പ്രവര്‍ത്തിക്കുമ്പോഴും ആവര്‍ത്തിച്ചുണ്ടാകുന്ന പ്രളയം സ്‌കൂളിന്റെ പ്രവര്‍ത്തനത്തെ പലപ്പോഴും സാരമായി ബാധിക്കാറുണ്ട്.
സ്‌കൂളിനോട് ചേര്‍ന്ന് ഒഴുകുന്ന തോട് പല കാരണങ്ങളാല്‍ മുന്‍പുണ്ടായ പ്രളയത്തിന്റെ ഘട്ടങ്ങളിലെല്ലാം ഗതി മാറി സ്‌കൂള്‍ കോമ്പൗണ്ടിന് അകത്തേക്ക് ഒഴുകുകയും കെട്ടിടത്തിനും ഭൂമിക്കും കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. നാല് അടി വരെ വെള്ളം ഉയര്‍ന്നതിനേ തുടര്‍ന്ന് കുട്ടികളെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്യേണ്ട സാഹചര്യം പല തവണ ഉണ്ടായിട്ടുണ്ട്. ഇക്കാര്യം ശ്രദ്ധയില്‍ പെട്ടതിനേ തുടര്‍ന്ന് കഴിഞ്ഞ ദിവസം സ്ഥലം സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്ന് സ്ഥാപനത്തിന്റെ അഡ്മിനിസ്ട്രറ്റീവ് കമ്മിറ്റിയുടെ ചെയര്‍പേഴ്‌സണായ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരുടെ ശ്രദ്ധയില്‍ ഇക്കാര്യം കൊണ്ടുവന്നു. ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, സ്‌കൂളിലെ അധ്യാപകര്‍, ജീവനക്കാര്‍, നാട്ടുകാര്‍ ഉള്‍പ്പെടെയുള്ള ഒരു സംയുക്ത യോഗം ചേര്‍ന്നു.
ശാശ്വതമായ പരിഹാരം എങ്ങനെ കാണാം എന്നതിനേ കുറിച്ചുള്ള ഒരു ആലോചനാ യോഗമാണ് ചേര്‍ന്നത്. ഒരു റിപ്പോര്‍ട്ട് നല്‍കി പട്ടിക ജാതി, പട്ടിക വര്‍ഗ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്റെ ശ്രദ്ധയില്‍ ഇക്കാര്യം കൊണ്ടുവന്നിരുന്നു. എംഎല്‍എ എന്ന നിലയില്‍ ഇതിനൊരു ശാശ്വത പരിഹാരം കാണാന്‍ ഇറിഗേഷന്‍ വകുപ്പുമായി ആലോചിച്ച് ഈ പദ്ധതിക്കായി പണം അനുവദിക്കണമെന്നും പരിഹാരത്തിനായി നിര്‍ദേശിക്കണമെന്നും ഇടപെടണമെന്നും ആവശ്യപ്പെട്ട് മന്ത്രിയുടെ ശ്രദ്ധ ഇക്കാര്യത്തില്‍ കൊണ്ടുവന്നിരുന്നു. ഇറിഗേഷന്‍ വകുപ്പിന്റെ ഉദ്യോഗസ്ഥര്‍ പരിഹാരമായി നിര്‍ദേശിച്ചിട്ടുള്ള പദ്ധതിയേ സംബന്ധിച്ച് വിശദമായി ചര്‍ച്ച ചെയ്തു. സ്ഥലം നേരിട്ട് സന്ദര്‍ശിച്ചു. ഇനി പട്ടിക വര്‍ഗ വകുപ്പില്‍ നിന്നും ആവശ്യമായ പണം ലഭ്യമാക്കാനുള്ള ശ്രമങ്ങളാണ് നടത്തേണ്ടത്. ഒപ്പം ഇവിടേക്ക് വരുന്ന തോട്ടിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനും തോട് അളന്ന് കൃത്യമായി സ്ഥലം അടയാളപ്പെടുത്തി സര്‍വേ നടത്തി ആവശ്യമായ നിലയില്‍ തോടിന്റെ താഴ്ചയും വീതിയും കൂട്ടുന്നതിനുള്ള കാര്യം ആലോചിക്കുന്നുണ്ട്. ജില്ലാ കളക്ടര്‍ ഇക്കാര്യത്തില്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ട്. നിലവില്‍ തയാറാക്കിയിരിക്കുന്ന പദ്ധതിക്ക് എല്ലാവിധ പരിശ്രമങ്ങളും വേഗത്തില്‍ നടത്തും. ജില്ലാ ഭരണ കേന്ദ്രവും ഇതിനായുള്ള ശ്രമങ്ങള്‍ നടത്തും. ഇതിലൂടെ ശാശ്വതമായ പരിഹാരത്തിനായി എല്ലാവരും ഒരുമിച്ച് പരിശ്രമിക്കണമെന്നും എംഎല്‍എ പറഞ്ഞു.
പത്തനംതിട്ട ജില്ലയിലെ ഏക മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്തിന്റെ ഭൂപ്രകൃതിയുടെയും നിരന്തമായി ജില്ലയ്ക്ക് ലഭിക്കുന്ന ശക്തമായ മഴയുടെയും മഴക്കെടുതിയുടെയും സാഹചര്യത്തില്‍ കുട്ടികളുടെ സുരക്ഷിതത്വവും പഠനത്തിലുള്ള തുടര്‍ച്ചയും ഉറപ്പ് വരുത്തുന്നതില്‍ കുറച്ചു പ്രയാസം നേരിടുന്നുണ്ടെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. അതിനുള്ള പരിഹാരം കണ്ടെത്താന്‍ ഇറിഗേഷന്‍ വകുപ്പ് മുഖേന ഒരു സാങ്കേതിക പഠനം നടത്തിയിട്ടുണ്ട്. ഇറിഗേഷന്‍, റവന്യൂ, പട്ടിക വര്‍ഗ വകുപ്പ് തുടങ്ങി വിവിധ മേഖലകള്‍ സംയുക്തമായി പരിശ്രമിച്ചുകൊണ്ട് കുട്ടികളുടെ പഠനം യാതൊരു പ്രയാസവും കൂടാതെ തുടരുവാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും കളക്ടര്‍ പറഞ്ഞു.
ഹോസ്റ്റല്‍, ഭക്ഷണശാല, തോട് എന്നിവിടങ്ങളും എം എല്‍എയും കളക്ടറും സന്ദര്‍ശിച്ചു. വടശേരിക്കര പാലത്തിന് സമീപമുള്ള ആല്‍മരം അപകട ഭീഷണി ഉയര്‍ത്തുന്നതിനേ തുടര്‍ന്ന് ശിഖരങ്ങള്‍ മുറിച്ചു മാറ്റുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാനും തീരുമാനമായി.
വടശേരിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലത മോഹന്‍, റാന്നി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കോമളം അനിരുദ്ധന്‍, ഗ്രാമ പഞ്ചായത്ത് ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വി.ആര്‍. അശ്വതി, വാര്‍ഡ് മെമ്പര്‍ ജോര്‍ജ് കുട്ടി, വൈസ് പ്രസിഡന്റ് ഒ.എന്‍. യശോധരന്‍, റാന്നി തഹസീല്‍ദാര്‍ നവീന്‍ ബാബു, അസിസ്റ്റന്റ് ടിഡിഒ സബീര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, പ്രിന്‍സിപ്പല്‍ ജി. സുന്ദരേശന്‍, സീനിയര്‍ സൂപ്രണ്ട് കെ.ജി. ജോളിക്കുട്ടി, മാനേജര്‍ എസ്. രാജേഷ്, സ്‌കൂള്‍ ജീവനക്കാര്‍, എഇഇ എസ് ശ്രീലേഖ, എഇസി. ജ്യോതികുമാര്‍, മറ്റ് ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.