തീര്‍ഥാടനവുമായി ബന്ധപ്പെട്ട് സന്നിധാനത്തും പരിസരത്തും ഒരുക്കിയിരിക്കുന്നതും കൂടുതല്‍ തീര്‍ഥാടകര്‍ എത്തിയാല്‍ സജ്ജമാക്കേണ്ടതുമായ ക്രമീകരണങ്ങള്‍ ശബരിമല എഡിഎം അര്‍ജുന്‍ പാണ്ഡ്യന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം വിലയിരുത്തി. സന്നിധാനത്തെ ദേവസ്വം കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പോലീസ് സ്പെഷല്‍ ഓഫീസറും ക്രൈം ബ്രാഞ്ച് എസ്പിയുമായ എ.ആര്‍. പ്രേംകുമാര്‍, ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ കൃഷ്ണകുമാര വാര്യര്‍, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ നടന്ന അവലോകന യോഗത്തില്‍ മന്ത്രി നിര്‍ദേശിച്ച പ്രവര്‍ത്തികളുടെ പുരോഗതി യോഗം വിലയിരുത്തി.
സന്നിധാനത്തെ ദേവസ്വം ഗസ്റ്റ്ഹൗസുകളിലെ മുറികളുടെ ശുചീകരണ പ്രവര്‍ത്തികള്‍ ആരംഭിച്ചു. സന്നിധാനത്ത് വിരിവയ്ക്കുന്നതിനുള്ള മറ്റ് സ്ഥലങ്ങളിലും ശുചീകരണ പ്രവര്‍ത്തികള്‍ ആരംഭിച്ചു. സന്നിധാനത്ത് 500 മുറികളുടെ ശുചീകരണം പൂര്‍ത്തിയായി വരുന്നു. സന്നിധാനത്ത് പണം അടയ്ക്കേണ്ടതും അല്ലാത്തതുമായ മുറികള്‍ ഉള്‍പ്പെടെ ആകെ 17,000 പേര്‍ക്ക് വിരിവയ്ക്കാനുള്ള സ്ഥലമാണുള്ളത്. ഭസ്മക്കുളത്തില്‍ കോവിഡ് പഞ്ചാത്തലത്തില്‍ ഒരുക്കേണ്ട ക്രമീകരണങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. തീര്‍ഥാടകരുടെ സൗകര്യാര്‍ഥം നെയ്യഭിഷേക കൗണ്ടറുകളില്‍ തിരക്ക് ക്രമീകരിക്കാനുള്ള സജ്ജീകരണം ഒരുക്കും.
പരമ്പരാഗത പാതയില്‍ മുന്നൊരുക്കത്തിന്റെ ഭാഗമായി നടത്തിയ പ്രവര്‍ത്തികള്‍ അവലോകനം ചെയ്തു. സന്നിധാനത്തും പരിസര പ്രദേശങ്ങളിലും വിവിധ വകുപ്പുകള്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.