Trending Now

അമിതഭാരം കയറ്റി സഞ്ചരിക്കുന്ന വാഹനങ്ങള്‍ക്കെതിരേ കര്‍ശന നടപടി

 

konnivartha.com : പത്തനംതിട്ട ജില്ലയിലെ റോഡുകള്‍ക്കും നിര്‍മാണങ്ങള്‍ക്കും ബലക്ഷയവും തകരാറും ഉണ്ടാകാന്‍ കാരണമാകുന്ന വിധം അമിതഭാരം കയറ്റി സഞ്ചരിക്കുന്ന വാഹനങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പത്തനംതിട്ട റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ (എന്‍ഫോഴ്സ്മെന്റ്) കെ. ഹരികൃഷ്ണന്‍ അറിയിച്ചു. അമിതഭാരം കയറ്റി വരുന്ന വാഹനങ്ങളുടെ പെര്‍മിറ്റും അവ ഓടിച്ചു വരുന്ന ഡ്രൈവര്‍മാരുടെ ലൈസന്‍സും റദ്ദാക്കുന്നത് ഉള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കും.

വാഹനത്തിന്റെ ഉടമയ്ക്കും ഡ്രൈവര്‍ക്കും പ്രത്യേകം പിഴ ചുമത്തുന്നതിനു പുറമേയാണിത്. മോട്ടോര്‍ വാഹന നിയമം സംസ്ഥാന സര്‍ക്കാര്‍ ക്രമീകരിച്ചത് അനുസരിച്ച് ഏറ്റവും കുറഞ്ഞത് പതിനായിരം രൂപ വീതമാണ് പിഴ. എന്നാല്‍, മോട്ടോര്‍ വാഹന വകുപ്പിന്റെ മുന്‍പാകെ പിഴയടയ്ക്കാത്ത പക്ഷം ഇവ കോടതിയിലേയ്ക്ക് കൈമാറപ്പെടും. കോടതിയുടെ മുന്‍പാകെ ഈ കേസുകള്‍ കൈകാര്യം ചെയ്യപ്പെടുന്നത് കേന്ദ്ര മോട്ടോര്‍ വാഹന നിയമപ്രകാരം ആയതിനാല്‍ പിഴ ഭാരത്തിന് അനുസരിച്ച് ഇരുപതിനായിരം രൂപ മുതല്‍ മുകളിലേയ്ക്ക് ആയിരിക്കും.

ജില്ലയിലെ എല്ലാ റോഡുകളിലും രാവിലെ 8.30 മുതല്‍ 10 വരെയും വൈകിട്ട് മൂന്നു മുതല്‍ 4.30 വരെയും ടിപ്പര്‍ സംവിധാനമുള്ള ചരക്ക് വാഹനങ്ങളുടെ ഗതാഗതം നിരോധിച്ചിട്ടുള്ളതാണ്. ഇത് തെറ്റിച്ചാല്‍ ഇരുപതിനായിരം രൂപയാണ് പിഴ. ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റില്‍ യാത്ര ചെയ്യുന്നവരടക്കം ഹെല്‍മറ്റ് ധരിച്ചിട്ടില്ലായെങ്കില്‍ പിഴയ്ക്ക് പുറമേ നിയമപ്രകാരം ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കും. വിദ്യാലയങ്ങള്‍ തുറന്നതിനു ശേഷം കുട്ടി ഡ്രൈവര്‍മാര്‍ക്കെതിരെ കൈക്കൊള്ളുന്ന നടപടികളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. ലൈസന്‍സില്ലാതെ വാഹനം ഓടിക്കുന്ന പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് പിഴയ്ക്ക് പുറമേ അവരുടെ രക്ഷിതാക്കാളുടെ മേലും പിഴയും തടവുശിക്ഷയും നിയമം അനുശാസിക്കുന്നുണ്ട്. അത്തരത്തില്‍ ശിക്ഷ നേടുന്നവര്‍ക്ക് ഇരുപത്തിയഞ്ച് വയസ് വരെ ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുന്നതിന് അയോഗ്യതയും കല്‍പ്പിക്കും.

മഴക്കാലത്ത് അപകടസാധ്യത വര്‍ധിക്കുന്ന സാഹചര്യത്തില്‍ അമിതവേഗത, വളവുകളിലെ ഓവര്‍ടേക്കിംഗ്, അപകടകരമായി വാഹനം ഓടിക്കല്‍ എന്നീ നിയമലംഘനങ്ങള്‍ക്കെതിരെ കേസുകള്‍ തയാറാക്കി നടപടികള്‍ക്കായി കോടതിയില്‍ സമര്‍പ്പിച്ചു വരുന്നുണ്ട്. വാഹനങ്ങളിലെ ടയര്‍, സൈലന്‍സര്‍ മുതലായവ ഉള്‍പ്പെടെ മാറ്റി അനധികൃതമായി രൂപമാറ്റം വരുത്തല്‍, ശബ്ദമലിനീകരണം എന്നിവയും നടപടികള്‍ ക്ഷണിച്ചുവരുത്തും. ജില്ലയിലെ റോഡുകള്‍ എല്ലാ സമയവും സേഫ് കേരള എന്‍ഫോഴ്സ്മെന്റിന്റെ നിരീക്ഷണത്തിലാണെന്നും നിയമം കര്‍ശനമായി നടപ്പാക്കുക വഴി റോഡ് യാത്ര കൂടുതല്‍ സുരക്ഷിതമാക്കാന്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗം പ്രതിജ്ഞാബദ്ധമാണെന്നും ആര്‍ ടി ഒ (എന്‍ഫോഴ്സ്മെന്റ്) അറിയിച്ചു.