Trending Now

ശബരിമല : വാര്‍ത്തകള്‍ ,വിശേഷങ്ങള്‍ ,അറിയിപ്പുകള്‍ (18/11/2021 )

konnivartha.com : റാന്നി താലൂക്ക് ആശുപത്രിയില്‍ അഞ്ച് കിടക്കകളോടുകൂടിയ ശബരിമല വാര്‍ഡ് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
ശബരിമല മണ്ഡല-മകരവിളക്കിനോട് അനുബന്ധിച്ച് അയ്യപ്പഭക്തര്‍ക്ക് ആവശ്യമായ ചികിത്സാ സൗകര്യം സജ്ജമാക്കാനാണിത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. എസ് ഗോപി, റാന്നി  പഞ്ചായത്ത് പ്രസിഡന്റ് ശോഭ ചാര്‍ളി, അഡ്വ.ജേക്കബ് സ്റ്റിഫന്‍, പി.ആര്‍ പ്രസാദ്, എം.എസ് സുജ, നയന സാബു, സന്ധ്യ ദേവി, സതീഷ് കെ പണിക്കര്‍, തോമസ് മാത്യു, ജോര്‍ജ് എബ്രഹാം,  ആശുപത്രി സൂപ്രണ്ട് ഡോ.ലിന്‍ഡ ജോസഫ്, ആര്‍.എം.ഒ ഡോ.വി.ആര്‍ വൈശാഖ് എന്നിവര്‍ സംസാരിച്ചു.
മഴ മാറി, മാനം തെളിഞ്ഞു;സുഖദര്‍ശന നിറവില്‍ അയ്യപ്പന്മാര്‍
മണ്ഡല പൂജയ്ക്കായി ശബരിമല ക്ഷേത്ര നട തുറന്ന് നാലാം ദിനത്തില്‍ സന്നിധാനത്ത് മഴ മാറി നിന്നത് ദര്‍ശനം സുഗമമാക്കി.
പുലര്‍ച്ചെ നാല് മണിക്ക് ക്ഷേത്ര നട തുറന്നപ്പോള്‍ തന്നെ ദര്‍ശനത്തിനായി തീര്‍ഥാടകരുടെ നിര കാത്തുനില്‍പ്പുണ്ടായിരുന്നു. പതിനെട്ടാം പടി കയറുന്നതിന് എത്തിയ അയ്യപ്പന്മാരെ തിരക്ക് ഉണ്ടാകാതെ കൃത്യമായി ദര്‍ശനത്തിനായി കടത്തി വിടാന്‍ പോലീസ് സംവിധാനത്തിനു കഴിയുന്നുണ്ട്.
കോവിഡ്കാല ജാഗ്രത പൂര്‍ണമായും ഉറപ്പു വരുത്തിയാണ് ദര്‍ശനം ഒരുക്കിയിരിക്കുന്നത്. അയ്യപ്പന്മാര്‍ക്ക് നീണ്ട സമയം ക്യുവില്‍ കാത്തു നില്‍ക്കേണ്ടി വരുന്നില്ല. ദേവസ്വം ബോര്‍ഡ് നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ അന്നദാനം ഒരുക്കിയിട്ടുണ്ട്. അയ്യപ്പസേവാ സംഘം പമ്പയിലും സന്നിധാനത്തും അന്നദാനം നല്‍കുന്നു. പുലര്‍ച്ചെ നട തുറന്ന് രാത്രി അടയ്ക്കുന്നതു വരെ അന്നദാനം ലഭിക്കും. തീര്‍ഥാടന പാതയില്‍ അയ്യപ്പന്മാര്‍ക്ക് ആശ്വാസമേകുന്നതിന് ഔഷധ കുടിവെള്ള വിതരണ കൗണ്ടറുകളും ദേവസ്വം ബോര്‍ഡ് സജ്ജമാക്കിയിട്ടുണ്ട്. ചുക്ക്, പതിമുഖം, രാമച്ചം എന്നിവ ചേര്‍ത്ത് തയാറാക്കുന്ന കുടിവെള്ളം ദാഹശമനത്തോടൊപ്പം രോഗപ്രതിരോധത്തിനും ഉത്തമമാണ്.
വഴിപാട്, അപ്പം-അരവണ, പഞ്ചാമൃതം കൗണ്ടറുകളിലും തീര്‍ഥാടര്‍ക്ക് വളരെ വേഗം സേവനം ലഭ്യമാക്കുന്നതിന് ദേവസ്വം ബോര്‍ഡ് സംവിധാനമൊരുക്കിയിട്ടുണ്ട്. പുലര്‍ച്ചെ നാലു മുതല്‍ മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെയും വൈകിട്ട് നാലു മുതല്‍ രാത്രി ഹരിവരാസനം വരെയും ദര്‍ശനത്തിന് അവസരമുണ്ട്.
ശബരിമല തീര്‍ഥാടനത്തിലെ സവിശേഷമായ വഴിപാടാണ് നെയ്യഭിഷേകം. കോവിഡ് കാലമായതു കൊണ്ട് നെയ്യഭിഷേകം നേരിട്ട് നടത്താന്‍ കഴിയില്ല. പകരം ഇരുമുടി കെട്ടില്‍ കൊണ്ടുവരുന്ന നെയ്യ്അഭിഷേകത്തിനായി ശേഖരിക്കുന്നതിന് സന്നിധാനത്ത് പ്രത്യേക കൗണ്ടറുകള്‍ ദേവസ്വം ബോര്‍ഡ് ഒരുക്കിയിട്ടുണ്ട്. അയ്യപ്പന്മാര്‍ക്ക് ഭഗവാനെ അഭിഷേകം ചെയ്ത ആടിയശിഷ്ടം നെയ്യ് കൗണ്ടറുകളില്‍ നിന്നും വാങ്ങാം. കോവിഡ് മഹാമാരി കാലത്തും സുഖദര്‍ശന നിറവില്‍ വഴിപാടുകള്‍ കഴിച്ച് ദര്‍ശനത്തിനു ശേഷം പ്രസാദവും വാങ്ങി അന്നദാനത്തില്‍ നിന്നും രുചികരമായ ഭക്ഷണവും കഴിച്ച് മനംനിറഞ്ഞാണ് അയ്യപ്പന്മാര്‍ മലയിറങ്ങുന്നത്.

സന്നിധാനത്ത് മികച്ച ആരോഗ്യ സേവനങ്ങളൊരുക്കി ഗവ. ആശുപത്രി
ശബരിമല സന്നിധാനത്ത് അയ്യപ്പഭക്തന്മാരുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ആശ്വാസമേകാന്‍ മികച്ച സംവിധാനം. മല കയറിയെത്തുന്ന അയ്യപ്പഭക്തരുടെ ഏത് അടിയന്തിര ആരോഗ്യപ്രശ്നങ്ങളും പരിഹരിക്കാന്‍ കഴിയുന്ന ആധുനിക സംവിധാനങ്ങളാണ് ആരോഗ്യ വകുപ്പിനു കീഴിലുള്ള സന്നിധാനത്തെ ഗവണ്‍മെന്റ് ആശുപത്രിയില്‍ ഒരുക്കിയിട്ടുള്ളത്.
ജില്ലാ ആര്‍സിഎച്ച് ഒഫീസറും ശബരിമല നോഡല്‍ ഓഫീസറുമായ ഡോ. സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ. അരുണ്‍ പ്രതാപാണ് സന്നിധാനത്തെ ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ഇവര്‍ക്ക് പുറമെ ഗവണ്‍മെന്റ് ആശുപത്രിയില്‍ സേവന സന്നദ്ധരായി 70 ആരോഗ്യപ്രവര്‍ത്തകരുണ്ട്. ഇതില്‍ എമര്‍ജന്‍സി മെഡിക്കല്‍ സെന്ററിലെ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സൂപ്പര്‍ സ്‌പെഷ്യാലിറ്റി – സ്‌പെഷ്യലിറ്റി വിഭാഗങ്ങളിലായി കാര്‍ഡിയോളജി, പള്‍മനോളജി, ജനറല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി, ഓര്‍ത്തോ, അനസ്‌തേഷ്യ തുടങ്ങി എല്ലാ വിഭാഗങ്ങളിലെയും ഡോക്ടര്‍മാരുടെ സേവനവും ഇവിടെ ലഭ്യമാണ്. ഇത് കൂടാതെ അടിയന്തിര ശസ്ത്രക്രിയ നടത്താനുള്ള ഓപ്പറേഷന്‍ തീയറ്ററും അടിയന്തര ചികിത്സയ്ക്ക് വേണ്ട ഐസിയു, വെന്റിലേറ്റര്‍, എഇഡി ഡെഫിബ്രിലേറ്റര്‍ തുടങ്ങിയവയും സജ്ജമാണ്. ചരല്‍മേടുള്ള ആരോഗ്യ കേന്ദ്രത്തില്‍ രണ്ട് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 13 ആരോഗ്യ പ്രവര്‍ത്തകരുണ്ട്. സന്നിധാനത്ത് മൂന്നും പമ്പയില്‍ രണ്ടും ഉള്‍പ്പെടെ അഞ്ച് എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകളും പ്രവര്‍ത്തിക്കുന്നുണ്ട്.
ഡോക്ടര്‍മാരെ കൂടാതെ പാരാമെഡിക്കല്‍ സ്റ്റാഫ്, നഴ്‌സിംഗ് ഓഫീസര്‍, നഴ്‌സിംഗ് അസിസ്റ്റന്റ്, ലാബ് ടെക്നീഷ്യന്‍, ഫാര്‍മസിസ്റ്റ്, റേഡിയോഗ്രാഫര്‍ തുടങ്ങി എല്ലാ വിദഗ്ധരുടെ സേവനവും ആശുപത്രിയില്‍ ലഭ്യമാണ്. ആരോഗ്യ വകുപ്പിനു കീഴില്‍ വനം വകുപ്പിന്റെയും, ദേവസ്വം ബോര്‍ഡിന്റെയും രണ്ട് ആംബുലന്‍സുകളുടെ സേവനവും സന്നിധാനം ഗവണ്‍മെന്റ് ആശുപത്രിയില്‍ സജ്ജീകരിച്ചിട്ടുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതാണ് ആംബുലന്‍സ് സര്‍വീസ്. ഇതിന് പുറമെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ സേവനവും ലഭ്യമാണ്.
പൊതുജനാരോഗ്യ കാര്യങ്ങള്‍ വിലയിരുത്തുന്നതിനോടൊപ്പം അരവണ ഫുഡ് പ്ലാന്റിന്റേയും സന്നിധാനത്തെ മറ്റിടങ്ങളിലെയും സാനിറ്റൈസേഷന്‍ പ്രവര്‍ത്തനങ്ങളും, ഹോട്ടല്‍ പരിശോധന, ഹെല്‍ത്ത് കാര്‍ഡ് പരിശോധന, ഭക്ഷ്യസുരക്ഷ, പകര്‍ച്ച വ്യാധികള്‍ തടയല്‍ എന്നിവയും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ നടത്തി വരുന്നു.

ഡോക്ടര്‍, നഴ്സ്, ലാബ്, ഐസിയു സംവിധാനം ആംബുലന്‍സില്‍

അയ്യപ്പന്മാര്‍ക്ക് ആരോഗ്യസുരക്ഷയ്ക്കായി അത്യാധുനിക ആംബുലന്‍സ്
ഒരുക്കി ചെന്നൈ എസ്ആര്‍എം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്
ശബരിമലയില്‍ എത്തുന്ന അയ്യപ്പഭക്തര്‍ക്ക് ആരോഗ്യ സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി ചെന്നൈ എസ് ആര്‍എം ഗ്രൂപ്പിന്റെ അധീനതയിലുള്ള എസ്ആര്‍എം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് അത്യാധുനിക സംവിധാനങ്ങളുള്ള ആംബുലന്‍സ് സജ്ജമാക്കി. ഡോക്ടര്‍, നഴ്സ് എന്നിവരുടെ സേവനവും ലാബ്, ഐസിയു സംവിധാനവും ഈ ആംബുലന്‍സില്‍ ഉണ്ട്. എസ്ആര്‍എം ഗ്രൂപ്പ് സ്‌പോണ്‍സര്‍ ചെയ്തു നല്‍കിയ ആംബുലന്‍സിന്റെ ഫ്‌ളാഗ് ഓഫ് തമിഴ്നാട് ദേവസ്വം മന്ത്രി ടി.കെ. ശേഖര്‍ ബാബു കഴിഞ്ഞ ദിവസം ചെന്നൈയില്‍ നിര്‍വഹിച്ചു. ഈ ആംബുലന്‍സ് നാളെ(19) പമ്പയില്‍ എത്തിച്ചേരും. ഈ മണ്ഡല മകരവിളക്ക് കാലത്ത് ഇരുപത്തിനാലു മണിക്കൂറും സേവന സജ്ജമായി ആംബുലന്‍സ് പമ്പയില്‍ ഉണ്ടാകും. ശബരിമലയില്‍ എത്തുന്ന അയ്യപ്പഭക്തര്‍ക്കായി ചെന്നൈ സ്വദേശിയായ സെന്തില്‍ കുമാര്‍ സ്‌പോണ്‍സര്‍ ചെയ്ത പത്ത് ബയോ ടോയ്ലെറ്റുകള്‍ വിവിധ കേന്ദ്രങ്ങളില്‍ സ്ഥാപിച്ചു.

error: Content is protected !!