Trending Now

ശബരിമല : ഏറ്റവും പുതിയ വാര്‍ത്തകള്‍ ,അറിയിപ്പുകള്‍ , വിശേഷങ്ങള്‍ (17/11/2021 )

 

ശബരിമല ദര്‍ശനത്തിന് നാളെ മുതല്‍ സ്‌പോട്ട് ബുക്കിംഗ്; 10 കേന്ദ്രങ്ങള്‍ സജ്ജം

കോന്നി വാര്‍ത്ത ഡോട്ട് കോം : ശബരിമല ദര്‍ശനത്തിന് നാളെ മുതല്‍ സ്‌പോട്ട് ബുക്കിംഗ് ആരംഭിക്കും. പത്ത് ഇടത്താവളങ്ങളില്‍ ഇതിനുള്ള സൗകര്യം ഏര്‍പ്പെടുത്തി. വെര്‍ച്ച്വല്‍ ക്യൂവിലൂടെ മുന്‍കൂര്‍ ബുക്ക് ചെയ്യാത്ത തീര്‍ഥാടകര്‍ക്ക് ഈ സംവിധാനം ഉപയോഗപ്പെടുത്താം. എരുമേലി, നിലയ്ക്കല്‍, കുമളി എന്നീ മൂന്ന് കേന്ദ്രങ്ങള്‍ക്ക് പുറമെ തിരുവനന്തപുരം ശ്രീകണ്‌ഠേശ്വരം മഹാദേവക്ഷേത്രം, കോട്ടയം ഏറ്റുമാനൂര്‍ ശ്രീ മഹാദേവ ക്ഷേത്രം, വൈക്കം ശ്രീ മഹാദേവ ക്ഷേത്രം, കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രം, പന്തളം വലിയകോയിക്കല്‍ ക്ഷേത്രം, പെരുമ്പാവൂര്‍ ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം, കീഴില്ലം ശ്രീ മഹാദേവ ക്ഷേത്രം എന്നീ ഏഴു കേന്ദ്രങ്ങളിലാണ് പുതുതായി സ്‌പോട്ട് ബുക്കിംഗ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുക.

 

ശബരിമല തീര്‍ഥാടകര്‍ക്കുള്ള പോലീസിന്റെ നിര്‍ദേശങ്ങള്‍

ശബരിമല തീര്‍ഥാടകരുടെ വാഹനങ്ങള്‍ നിലയ്ക്കല്‍ ബേസ് ക്യാമ്പിലെ പാര്‍ക്കിംഗ് സ്ഥലത്ത് പാര്‍ക്ക് ചെയ്യണം. വാഹനങ്ങള്‍ നിലയ്ക്കല്‍ പാര്‍ക്ക് ചെയ്ത ശേഷം കെഎസ്ആര്‍ടിസിയുടെ നിലയ്ക്കല്‍-പമ്പ ചെയിന്‍ സര്‍വീസ് പ്രയോജനപ്പെടുത്തി പമ്പയിലേക്കും തിരിച്ചും യാത്ര ചെയ്യാം. ശബരിമല സന്നിധാനത്തേക്ക് പോകാതെ വാഹനങ്ങളില്‍ തങ്ങുന്ന ഡ്രൈവര്‍ ഉണ്ടെങ്കില്‍, അങ്ങനെയുള്ള ഫോര്‍ വീലറില്‍ സ്വാമിമാര്‍ക്ക് പമ്പയില്‍ ഇറങ്ങാം. ഡ്രൈവര്‍ വാഹനം തിരികെ നിലയ്ക്കല്‍ എത്തി പാര്‍ക്ക് ചെയ്യണം.

പമ്പ ഗണപതി കോവിലിലെ നടപ്പന്തലിലെ കൗണ്ടറില്‍ വെര്‍ച്വല്‍ ക്യൂവില്‍ ബുക്ക് ചെയ്തവരുടെ വെരിഫിക്കേഷന്‍ നടത്തും. പമ്പയില്‍ നിന്നും സന്നിധാനത്തേക്കുള്ള യാത്രയില്‍ നീലിമല, അപ്പാച്ചിമേട് പാത ഉപയോഗിക്കാതെ സ്വാമി അയ്യപ്പന്‍ റോഡ് മാത്രം ഉപയോഗിക്കണം.

പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ താമസിക്കുന്നതിനോ, തങ്ങുന്നതിനോ അനുവാദമില്ല. പമ്പ ഗണപതി കോവിലിനു താഴെയുള്ള പന്തളം രാജ പ്രതിനിധിയുടെ മണ്ഡപത്തിനടുത്തുനിന്നും ലഭിക്കുന്ന ടാഗ് കുട്ടികളുടെ കൈയില്‍ കെട്ടേണ്ടതാണ്.
നിലയ്ക്കല്‍, പമ്പ, സന്നിധാനം തുടങ്ങിയ സ്ഥലങ്ങളില്‍ മദ്യം, പുകയില ഉത്പന്നങ്ങള്‍ കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. കോവിഡുമായി ബന്ധപ്പെട്ട് രണ്ട് ഡോസ് വാക്‌സിന്‍ എടുത്തതിന്റെ സര്‍ട്ടിഫിക്കേറ്റോ, 72 മണിക്കൂറിനുള്ളില്‍ ചെയ്ത ആര്‍ ടി പി സി ആര്‍ ടെസ്റ്റിന്റെ നെഗറ്റീവ് റിപ്പോര്‍ട്ടോ കൈയില്‍ കരുതണം.
കൃത്രിമ തിക്കും തിരക്കും ഉണ്ടായാല്‍ പ്രത്യേകം ശ്രദ്ധിക്കണം. മോഷണം ഉണ്ടാകാതെ സൂക്ഷിക്കണം. അയ്യപ്പ ഭക്തരുടെ തോള്‍ സഞ്ചിയില്‍ വിലപിടിപ്പുള്ള വസ്തുക്കളോ പണമോ സൂക്ഷിക്കാന്‍ പാടില്ല. തിരക്കുള്ള സ്ഥലങ്ങളില്‍ അമിത തിരക്കുണ്ടാകുമ്പോള്‍ ബാഗുകള്‍ പ്രത്യേകം ശ്രദ്ധിക്കണം.

പൂങ്കാവനത്തെ സംരക്ഷിക്കുന്നതിനുള്ള സപ്തകര്‍മ്മങ്ങള്‍

അയ്യപ്പന്റെ പൂങ്കാവനത്തിന് ദോഷമായ ഒന്നും, പ്രത്യേകിച്ച് പ്ലാസ്റ്റിക്ക് വസ്തുക്കള്‍ കൊണ്ടുവരാതിരിക്കുക. ശബരിമലയില്‍ തീര്‍ഥാടനത്തിനിടയില്‍ ഉണ്ടാകുന്ന മാലിന്യം അവിടെ ഉപേക്ഷിക്കാതെ തിരിച്ചുകൊണ്ടുപോയി സംസ്‌കരിക്കുക. ശബരിമലയില്‍ എത്തുന്ന എല്ലാ അയ്യപ്പന്മാരും കുറഞ്ഞത് ഒരുമണിക്കൂര്‍ ശുചീകരണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക. പമ്പാനദിയെ സംരക്ഷിക്കുക. നദിയില്‍ കുളിക്കുമ്പോള്‍ സോപ്പോ, എണ്ണയോ ഉപയോഗിക്കരുത്. മടക്കയാത്രയില്‍ വസ്ത്രങ്ങള്‍ നദിയില്‍ ഉപേക്ഷിക്കരുത്. ടോയ്‌ലറ്റുകള്‍ വൃത്തിയായി സൂക്ഷിക്കുക. ഒരു കാരണവശാലും തുറസായ സ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജനം നടത്തരുത്. എല്ലാ അയ്യപ്പന്മാര്‍ക്കും സ്വാമിയെ കാണാന്‍ തുല്യ അവകാശമുണ്ട്. നിര തെറ്റിക്കാതെ തിക്കും തിരക്കും കാണിക്കാതെ ക്യൂ പാലിക്കുക. അയ്യപ്പന്റെ പൂങ്കാവനത്തില്‍ മാലിന്യം അല്ല, പകരം നന്മയുടെ വിത്തുകള്‍ വിതറുക. ആത്മജ്ഞാനത്തിന്റെ പൂങ്കാവനമാണ് ശബരിമല. അവിടം നശിപ്പിക്കരുത്. തത്വമസി ഒരു ജീവിതചര്യയാണ്. ഉത്തരവാദിത്വത്തോടും ബോധപൂര്‍വവുമായ തീര്‍ഥാടനമാണ് കാനനവാസനായ അയ്യപ്പന് പ്രിയം.

ശബരിമലയില്‍ അതീവ ജാഗ്രതയില്‍ അഗ്നിശമന സേന;വലിയ നടപ്പന്തലും പടികളും ശുചീകരിച്ചു

ശബരിമല സന്നിധാനത്തെ വലിയ നടപ്പന്തലും തിരുമുറ്റത്തേക്ക് കയറുന്ന പടികളും അഗ്‌നിശമന സേന കഴുകി വൃത്തിയാക്കി. അത്യാഹിതങ്ങള്‍ ഉണ്ടാകാതെ അതീവ ജാഗ്രത പുലര്‍ത്തുന്നതിനൊപ്പമാണ് തീര്‍ഥാടകര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതെ സന്നിധാനത്ത് തിരക്ക് കുറയുന്ന സമയം വളരെ ശ്രദ്ധയോടെ ഫയര്‍ ഫോഴ്‌സ് സേനാംഗങ്ങള്‍ ശുചീകരണം നടത്തുന്നത്. സീറോ ടോക്ക് ഹാന്‍ഡ് കണ്‍ട്രോള്‍ഡ് ബ്രാഞ്ച് ഉപയോഗിച്ച് വലിയ നടപ്പന്തലില്‍ നിന്ന് തിരുമുറ്റത്തേക്ക് കയറുന്ന പടികളിലെ പായല്‍ നീക്കം ചെയ്തു. രാവിലെ അപ്പം അരവണ കൗണ്ടര്‍ പരിസരത്തും ഉച്ചയ്ക്ക് ശേഷം നടപ്പന്തലിലും വെള്ളം പമ്പ് ചെയ്ത് ശുചീകരിച്ചു. ഫയര്‍ഫോഴ്‌സ് സേനാംഗങ്ങള്‍ക്കൊപ്പം അയ്യപ്പാ സേവാ സംഘം സന്നദ്ധ പ്രവര്‍ത്തകരും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി.

ഫയര്‍ഫോഴ്സ് സ്പെഷ്യല്‍ ഓഫീസര്‍ എസ്. സൂരജിന്റെ നേതൃത്വത്തില്‍ സ്റ്റേഷന്‍ ഓഫീസര്‍ ഗോപകുമാര്‍, അസി. സ്റ്റേഷന്‍ ഓഫീസര്‍ ടി. വിജയന്‍, സീനിയര്‍ ഫയര്‍ ആന്‍ഡ് റസ്‌ക്യു ഓഫീസര്‍ രാജശേഖരന്‍, ഫയര്‍ ആന്‍ഡ് റസ്‌ക്യു ഓഫീസര്‍മാരായ വി.ആര്‍. അരുണ്‍കുമാര്‍, രാഹുല്‍, ജയേഷ്, വിജയ് തുടങ്ങിയവരാണ് വാട്ടര്‍ പമ്പിംഗ് പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
വെള്ളം അടിക്കുന്നതിനായി നടപ്പന്തല്‍, കൊപ്രാക്കളം പരിസരം, മാളികപ്പുറം, കെഎസ്ഇബി ഓഫീസിന് സമീപം, ശരംകുത്തി, മരക്കൂട്ടം തുടങ്ങി സന്നിധാനത്തെ വിവിധ ഇടങ്ങളിലായി ഫയര്‍ പോയിന്റുകളുണ്ട്. ഈ പോയിന്റുകളിലെ ഫയര്‍ ഹൈഡ്രന്റുകളില്‍ നിന്നുള്ള ജലമാണ് ഹോസ് മുഖേന പമ്പ് ചെയ്യുന്നത്. സന്നിധാനത്തെ ഫയര്‍ ആന്‍ഡ് റസ്‌ക്യു കണ്‍ട്രോള്‍റൂം മുഖേനയാണ് ഫയര്‍ പോയിന്റുകള്‍ നിയന്ത്രിക്കുന്നത്. നിലവില്‍ സന്നിധാനത്ത് 42 ഉം പമ്പയില്‍ 40 ഉം ഉദ്യോഗസ്ഥരെയാണ് അഗ്‌നിശമന സേനാ പ്രവര്‍ത്തനങ്ങള്‍ക്കായി വിന്യസിച്ചിട്ടുള്ളത്. ഇതിന് പുറമെ സിവില്‍ ഡിഫന്‍സ് അംഗങ്ങളും പമ്പയിലും സന്നിധാനത്തുമായി പ്രവര്‍ത്തിക്കുന്നുണ്ട്. അടിയന്തിര ഘട്ടങ്ങളിലെ ഉപയോഗത്തിനായി കോണ്‍ക്രീറ്റ് കട്ടര്‍, ഇന്‍ഫ്‌ളേറ്റബിള്‍ ടവര്‍ ലൈറ്റ്, ഹ്രൈഡ്രോളിക് റസ്‌ക്യു ടൂള്‍സ്, ചെയിന്‍ സോ, വാട്ടര്‍ മിസ്റ്റ്, ഫോം മേക്കിംഗ് എക്വിപ്‌മെന്റ്‌സ് തുടങ്ങിയ സംവിധാനങ്ങള്‍ ഫയര്‍ഫോഴ്‌സ് സജ്ജമാക്കിയിട്ടുണ്ട്.

സംഗീതാര്‍ച്ചന നടത്തി യുവശ്രീ

ശബരിമല സ്വാമി അയ്യപ്പന്റെ ശ്രീകോവിലിനു മുന്നില്‍ സംഗീതാര്‍ച്ചന നടത്തി
കന്നി മാളികപ്പുറമായ യുവശ്രീ. തേടിവരും കണ്ണുകളില്‍ എന്ന് തുടങ്ങുന്ന ഭക്തിഗാനത്തിന്റെ തമിഴ് വരികളാണ് യുവശ്രീ ആലപിച്ചത്. ചെന്നൈ സ്വദേശിനിയായ യുവശ്രീ അച്ഛന്‍ ബാലാജിയോടൊപ്പമാണ് ദര്‍ശനത്തിനെത്തിയത്. ബുധനാഴ്ച ഉച്ചപൂജയ്ക്ക് മുമ്പാണ് യുവശ്രീ അയ്യപ്പ സ്വാമിക്കു മുന്നില്‍ സംഗീതാര്‍ച്ചന നടത്തിയത്. മൂന്നു വര്‍ഷമായി കര്‍ണാടക സംഗീതം അഭ്യസിക്കുന്ന യുവശ്രീ ചെന്നൈ ഔവര്‍ലേഡി സെന്റര്‍ മെട്രിക്കുലേഷന്‍ സ്‌കൂളില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.

error: Content is protected !!