Trending Now

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍  ശബരിമല തീര്‍ഥാടകര്‍ക്ക് പ്രത്യേക വാര്‍ഡ് ആരംഭിച്ചു

 
ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു
ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തോടനുബന്ധിച്ച് തീര്‍ഥാടകര്‍ക്കായി പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രത്യേക ശബരിമല വാര്‍ഡ് ആരംഭിച്ചു. തീര്‍ഥാടന കാലയളവിലെ ബേയ്സ് ആശുപത്രിയായ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ആരംഭിച്ചിരിക്കുന്ന പ്രത്യേക വാര്‍ഡില്‍ 18 കിടക്കകളും നാല് ഐ.സി.യു കിടക്കകളുമാണ് സജീകരിച്ചിരിക്കുന്നത്. കിടക്കകള്‍ ഉള്‍പ്പെടെയുള്ള വാര്‍ഡിലെ സൗകര്യങ്ങള്‍ തീര്‍ഥാടകര്‍ക്ക് സൗജന്യമാണെന്ന് വാര്‍ഡ് ഉദ്ഘാടനം വീഡിയോ കോണ്‍ഫന്‍സിലൂടെ നിര്‍വഹിച്ച് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
വാര്‍ഡില്‍ അഞ്ച് സ്പെഷലിസ്റ്റ് ഡോക്ടര്‍മാര്‍, കൂടാതെ നഴ്സുമാര്‍, അറ്റന്‍ഡറുമാര്‍ ഉള്‍പ്പെടെ ഉണ്ടാകും. കാത്ത് ലാബ്, ലബോറട്ടറി പരിശോധനകള്‍ സി.ടി ഉള്‍പ്പടെയുള്ള മറ്റ് പരിശോധനകള്‍, മരുന്നുകള്‍ എന്നിവയും തീര്‍ഥാടകര്‍ക്ക് ലഭ്യമാകും. സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ നിന്ന് ഫിസിഷ്യന്‍, സര്‍ജന്‍, ഓര്‍ത്തോ, അനസ്‌തേഷ്യ വിഭാഗത്തിലുള്ള സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടേയും, മറ്റ് ജീവനക്കാരുടേയും സേവനം അധികമായി ആശുപത്രിയില്‍ ലഭ്യമാണ്. അടിയന്തര ഘട്ടത്തില്‍ തീര്‍ഥാടകര്‍ക്കുള്ള ആംബുലന്‍സ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
കോവിഡ് പശ്ചാത്തലത്തില്‍, തീര്‍ഥാടന കാലത്ത് ആരോഗ്യ വകുപ്പ് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ആവശ്യമായ ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ള ആരോഗ്യ പ്രവര്‍ത്തകരെ സന്നിധാനം മുതല്‍ എല്ലായിടത്തും നിയോഗിച്ചിട്ടുണ്ട്. സുരക്ഷിതമായ തീര്‍ത്ഥാടനം ഉറപ്പുവരുത്തുന്നതിന് പത്തനംതിട്ട, കോട്ടയം എന്നീ ജില്ലകള്‍ക്കായി പ്രത്യേകമായി ആരോഗ്യ പ്രവര്‍ത്തകരെ നല്‍കുമെന്നും കൂടുതല്‍ ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
നിലയ്ക്കല്‍ പ്രാഥമികാരോഗ്യ കേന്ദ്രം, ചരല്‍മേട് ഡിസ്‌പെന്‍സറി, എരുമേലി സാമൂഹികാരോഗ്യ കേന്ദ്രം, പത്തനംതിട്ട ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ അധികമായി നിയമിച്ചിട്ടുണ്ട്. 2 കാര്‍ഡിയോളജിസ്റ്റ്, 2 പള്‍മണോളജിസ്റ്റ്, 5 ഫിസിഷ്യന്‍, 5 ഓര്‍ത്തോപീഡിഷ്യന്‍, 4 സര്‍ജന്‍, 3 അനസ്തറ്റിസ്റ്റ്, 8 അസിസ്റ്റന്റ് സര്‍ജന്‍മാര്‍ എന്നിവരെ 7 ദിവസത്തെ ഡ്യൂട്ടി കാലയളവ് കണക്കാക്കി നിയമിച്ചിട്ടുണ്ട്. 6 ലാബ് ടെക്‌നീഷ്യന്‍, 13 ഫാര്‍മസിസ്റ്റ്, 19 സ്റ്റാഫ് നഴ്‌സ്, 11 നഴ്‌സിംഗ് അസിസ്റ്റന്റ്, 17 ആശുപത്രി അറ്റന്റന്റ്, 4 റേഡിയോഗ്രാഫര്‍ എന്നിവരും ഒരു ബാച്ചിലുണ്ടാകും. ഇതുകൂടാതെ എല്ലാ എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകളിലും നഴ്‌സുമാരെ നിയമിച്ചിട്ടുണ്ട്.
കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ എരുമേലി, കോഴഞ്ചേരി ജില്ലാ ആശുപത്രി, റാന്നി പെരിനാട് സാമൂഹികാരോഗ്യ കേന്ദ്രം, റാന്നി താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രി, പന്തളം വലിയ കോയിക്കല്‍ ക്ഷേത്രം ഇടത്താവളം, അടൂര്‍ ജില്ലാ ആശുപത്രി, താലൂക്ക് ആശുപത്രി മുണ്ടക്കയം, കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി, വണ്ടിപ്പെരിയാര്‍ സാമൂഹികാരോഗ്യ കേന്ദ്രം, കുമളി പ്രാഥമികാരോഗ്യ കേന്ദ്രം, ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രി, പത്തനംതിട്ട ജില്ലാ ആശുപത്രി എന്നിവിടങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് ചികിത്സാ സൗകര്യം ഒരുക്കിയിട്ടുണ്ട്.
ഇതിന് പുറമേ ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍, മഹാദേവ ക്ഷേത്രം എന്നിവിടങ്ങളില്‍ സ്‌പെഷ്യല്‍ എയ്ഡ് പോസ്റ്റും സ്ഥാപിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷനായിരുന്ന പത്തനംതിട്ട നഗരസഭാ ചെയര്‍മാന്‍ അഡ്വ.ടി സക്കീര്‍ ഹുസൈന്‍ നിലവിളക്ക് കൊളുത്തി. ആശുപത്രി സൂപ്രണ്ട് ഡോ.താജ് പോള്‍ പനയ്ക്കല്‍, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.സി.ആര്‍ ജയശങ്കര്‍, ആര്‍എംഒ ഡോ.ആശിഷ് മോഹന്‍കുമാര്‍, ഡോ.കെ സുരേഷ് കുമാര്‍, ഡോ.ജിബി വര്‍ഗീസ്, അന്നമ്മ, പി.കെ ജയപ്രകാശ് എന്നിവര്‍ പങ്കെടുത്തു.
error: Content is protected !!