Trending Now

മലയാലപ്പുഴ പഞ്ചായത്തിലെ റോഡുകള്‍ക്ക് 16 കോടി രൂപ അനുവദിച്ചു

 

konni vartha.com : മലയാലപ്പുഴ പഞ്ചായത്തിലെ വിവിധ പൊതുമരാമത്ത് റോഡുകള്‍ക്ക് 16 കോടി രൂപ അനുവദിച്ചതായി അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു.

ആഞ്ഞിലികുന്ന്-കാവനാല്‍ പടി റോഡ്, വടക്കുപുറം,-മലയാലപ്പുഴ റോഡ്, മലയാലപ്പുഴ-ഇറമ്പത്തോട് റോഡ്, മുഹൂര്‍ത്തിക്കാവ് -മലയാലപ്പുഴ റോഡ്, തുടങ്ങിയ നാല് റോഡുകള്‍ ആധുനിക നിലവാരത്തില്‍ ബിഎം ആന്‍ഡ് ബിസി സാങ്കേതിക വിദ്യയില്‍ ഉന്നതനിലവാരത്തില്‍ നിര്‍മിക്കും. 10 കിലോമീറ്റര്‍ ദൂരത്തിലുള്ള റോഡുകളാണ് നിര്‍മിക്കുക.
വെള്ളക്കെട്ട് ഒഴിവാക്കാന്‍ പുതിയ 14 കലുങ്കുകളും, 1480 മീറ്റര്‍ റോഡ് സംരക്ഷണ ഭിത്തിയും, റോഡിന്റെ വശങ്ങളില്‍ ഓടയും, 5100 മീറ്റര്‍ ഐറിഷ് ഓടയും നിര്‍മിക്കുകയും ക്രാഷ് ബാരിയറുകള്‍ സ്ഥാപിക്കുകയും എല്ലാഭാഗത്തും സൂചന ബോര്‍ഡുകള്‍ സ്ഥാപിക്കുകയും ചെയ്യും.

മലയാലപ്പുഴ ക്ഷേത്രത്തിലേക്ക് വരുന്നവര്‍ക്ക് ഏറെ ഉപകാരപ്രദമാണ് ഈ റോഡ് വികസനം. ദിവസേന നൂറു കണക്കിന് വാഹനങ്ങളാണ് ഈ റോഡുകളിലൂടെ കടന്നു പോകുന്നത്. കൂടാതെ വിവിധ ആവശ്യങ്ങള്‍ക്ക് പഞ്ചായത്തിലേക്കും, വില്ലേജിലേക്കും വരുന്നവര്‍ക്കും ഉപകാരപ്രദമാണ്. ശബരിമല തീര്‍ഥാടകര്‍ക്കും പഞ്ചായത്ത് പ്രദേശത്തുള്ളവര്‍ക്കും ഉള്‍പ്പെടെ കോന്നി മെഡിക്കല്‍ കോളജിലേക്ക് എളുപ്പത്തില്‍ പോകാനും റോഡ് വികസനം പൂര്‍ത്തിയാകുന്നതോടെ സാധിക്കും.

 

ദീര്‍ഘ നാളായുള്ള പ്രദേശവാസികളുടെ ആവശ്യമായിരുന്നു മലയാലപ്പുഴ പഞ്ചായത്തിലെ റോഡുകളുടെ വികസനം. തകര്‍ന്നു കിടന്ന റോഡുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിന് നേരിട്ട് നിവേദനം നല്‍കിയതിനെ തുടര്‍ന്നാണ് റോഡുകളുടെ വികസനത്തിന് വഴിയൊരുങ്ങിയത്. റോഡുകളുടെ നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് എംഎല്‍എ പറഞ്ഞു. ഇതിനായി ഉദ്യോഗസ്ഥരുടെ അടിയന്തിര യോഗം ചേരുകയും, സമയബന്ധിതമായി നിര്‍മാണം പൂര്‍ത്തിയാക്കുകയും ചെയ്യുമെന്നും എംഎല്‍എ പറഞ്ഞു.

error: Content is protected !!