വെളളപ്പൊക്കം – ആരോഗ്യസേവനങ്ങള്‍  ഉപയോഗപ്പെടുത്തുക: ഡി.എം.ഒ

വെളളപ്പൊക്കം – ആരോഗ്യസേവനങ്ങള്‍ 
ഉപയോഗപ്പെടുത്തുക: ഡി.എം.ഒ
വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ താമസിക്കുന്നവരും, ക്യാമ്പുകളിലുളളവരും ആരോഗ്യ വകുപ്പ് നല്‍കുന്ന സേവനങ്ങള്‍ ഉപയോഗപ്പെടുത്തണമെന്ന് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എ.എല്‍. ഷീജ അറിയിച്ചു. മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകളില്‍നിന്നും, ആരോഗ്യ സേവന യൂണിറ്റുകളില്‍നിന്നും ആവശ്യമരുന്നുകളും, സേവനങ്ങളും ലഭ്യമാണ്.
 
എലിപ്പനി നിയന്ത്രണം
വെളളപ്പൊക്കത്തെ തുടര്‍ന്ന് എലിപ്പനി പടര്‍ന്നു പിടിക്കുന്നതിനുളള സാധ്യത കൂടുതലാണ്. അതിനാല്‍ എലിപ്പനി പ്രതിരോധത്തിനായുളള ഡോക്‌സി സൈക്ലിന്‍ ഗുളിക വെളളപ്പൊക്ക ബാധിതപ്രദേശങ്ങളിലും, ക്യാമ്പുകളിലുമുളള എല്ലാവരും കഴിക്കണം. ഇവര്‍ക്കു  പുറമേ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്ന സന്നദ്ധപ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, പോലീസ്, ഫയര്‍ഫോഴ്‌സ്, തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍, മറ്റ് വകുപ്പുകള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍, തൊഴിലുറപ്പ ്പ്രവര്‍ത്തകര്‍ തുടങ്ങിയവരും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശ പ്രകാരം ഡോക്‌സി സൈക്ലിന്‍ കഴിക്കണം. ഡോക്‌സ് സൈക്ലിന്‍ ഗുളിക ക്യാമ്പുകളിലും ആരോഗ്യ കേന്ദ്രങ്ങളിലും ലഭ്യമാണ്.
സുരക്ഷിത കുടി വെളളം
കുടിവെളളം ശുദ്ധമല്ല എങ്കില്‍ വയറിളക്ക രോഗങ്ങള്‍, ടൈഫോയ്ഡ്, മഞ്ഞപിത്ത രോഗങ്ങള്‍ തുടങ്ങിയവ പടര്‍ന്നു പിടിക്കുന്നതിനു സാധ്യതയുണ്ട്. തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാവൂ. പ്രളയ ബാധിത പ്രദേശങ്ങളിലെ കിണറുകള്‍ സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തി അണുവിമുക്തമാക്കണം. കൂടിവെളള ടാങ്കുുകള്‍ ശുദ്ധീകരിക്കുകയും വേണം. ഇതിനാവശ്യമായ  ബ്ലീച്ചിംഗ് പൗഡര്‍ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ലഭിക്കും.
കിണറുകള്‍ സൂപ്പര്‍ ക്ലോറിനേറ്റ് ചെയ്യുന്ന വിധം
വെളളപ്പൊക്കത്തിനു ശേഷം കിണറുകള്‍ അതീവ മലിനം ആയിരിക്കും. അതിനാല്‍ സൂപ്പര്‍ക്ലോറിനേഷനു വേണ്ടി  1000 ലിറ്ററിന് അഞ്ച് ഗ്രാം എന്ന കണക്കില്‍ ബ്ലീച്ചിംഗ് പൗഡര്‍ എടുക്കണം. വെളളത്തിന്റെ അളവ് വച്ച് ആവശ്യം ആയ ബ്ലീച്ചിംഗ് പൗഡര്‍ ഒരു ബക്കറ്റില്‍ എടുത്ത്  കുഴച്ച് പേസ്റ്റ് പരുവത്തിലാക്കുക. വെള്ളം  കുറേശെ ആയി ബക്കറ്റിന്റെ മൂക്കാല്‍ ഭാഗം വരെ ഒഴിച്ച് നന്നായി കലക്കുക.  ബ്ലീച്ചിംഗ്പൗഡര്‍ അടിയാന്‍ 10-15 മിനിട്ട് അനക്കാതെ വെക്കുക. തെളിഞ്ഞ വെള്ളം മറ്റൊരു ബക്കറ്റിലാക്കി കിണറ്റില്‍ നല്ലതുപോലെ ഇളക്കി കലര്‍ത്തുക. ഒരു മണിക്കൂര്‍ സമയം  വെളളം അനക്കാതെ വെച്ചശേഷം കിണറിലെ വെളളം ഉപയോഗിച്ച് തുടങ്ങാം.
ഓവര്‍ഹെഡ് ടാങ്ക് വൃത്തിയാക്കുന്ന വിധം
  ആദ്യം ടാങ്കിലും,  ഓവര്‍ ഹെഡ് ടാങ്കിലും ഉളള വെളളം മുഴുവന്‍ ഒഴുക്കി കളയുക. ബ്ലീച്ചിംഗ് പൗഡര്‍ ഉപയോഗിച്ച് ടാങ്കും ഓവര്‍ ഹെഡ് ടാങ്കും നന്നായി ഉരച്ച്  കഴുകി വൃത്തിയാക്കുക.  അതിനുശേഷം വെളളം നിറക്കുക. വെളളം ക്ലോറിനേറ്റ് ചെയ്ത് ശുദ്ധീകരിക്കുക. പൈപ്പിലെ വെളളം ഒഴുക്കി കളയുക.
ജീവിതശൈലീ രോഗങ്ങള്‍
  പ്രമേഹം, രക്താതി മര്‍ദം, മറ്റ് ജീവിത ശൈലീ രോഗങ്ങള്‍ എന്നിവക്കുളള മരുന്നുകള്‍ മുടക്കരുത്.  സ്ഥിരമായി  കഴിക്കുന്ന മരുന്നുകള്‍ കൈവശം ഇല്ലെങ്കില്‍  ആരോഗ്യ പ്രവര്‍ത്തകരുടെ ശ്രദ്ധയില്‍പെടുത്തണം.
കൊതുകുജന്യരോഗങ്ങള്‍
ഡെങ്കിപ്പനി, മലമ്പനി, വെസ്റ്റ് നൈല്‍പനി, ജപ്പാന്‍ജ്വരം മുതലായ കൊതുകുജന്യ രോഗങ്ങള്‍ വെളളപ്പൊക്കത്തിനുശേഷം കൂടുതലായി വരാന്‍ സാധ്യതയുണ്ട്. കൊതുക് വളരാന്‍ സാധ്യതയുള്ള സാഹചര്യങ്ങള്‍ നിര്‍ബന്ധമായും ഒഴിവാക്കുക. കൊതുക്/ കൊതുക്കൂത്താടി സാന്നിധ്യം ശ്രദ്ധയില്‍പെട്ടാല്‍ ആയത് ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കുകയും  പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുക.
വായുജന്യ രോഗങ്ങള്‍
ചിക്കന്‍പോക്‌സ്, എച്ച്1എന്‍1, വൈറല്‍പനി തുടങ്ങിയ വായുജന്യ രോഗങ്ങള്‍ വെളളപ്പൊക്കത്തിനുശേക്ഷം കൂടുതലായി വരാന്‍ സാധ്യതയുണ്ട്.
ചിക്കന്‍പോക്‌സ് ലക്ഷണങ്ങള്‍  പ്രകടമായാല്‍ രോഗികളെ മാറ്റി പാര്‍പ്പിച്ച്  പ്രത്യേകമായ ചികിത്സ നല്‍കണം.
മലിനജലവുമായി  സമ്പര്‍ക്കം മൂലം ഉണ്ടാവുന്ന രോഗങ്ങള്‍
ത്വക്ക് രോഗങ്ങളും, കണ്ണ്, ചെവി എന്നിവയിലെ അണുബാധകളും വെളളപ്പൊക്കത്തിനുശേഷം കൂടുതലായി വരാന്‍ സാധ്യതയുണ്ട്. മലിന ജലത്തില്‍ ഇറങ്ങേണ്ടിവരുമ്പോള്‍ അതിനുശേഷം ക്ലോറിനേറ്റ് വെളളത്തില്‍ കൈകാലുകള്‍ കഴുകി വൃത്തിയാക്കണം. വളംകടി പോലെയുളള രോഗങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍ വൈദ്യസഹായം ഉറപ്പാക്കുക. ചെങ്കണ്ണ്, ചെവിയിലുണ്ടാകുന്ന അണുബാധ എന്നിവക്കും  വൈദ്യസഹായം ഉറപ്പാക്കുക.
പൊതുനിര്‍ദ്ദേശങ്ങള്‍
സുരക്ഷിതമല്ലാത്ത മേഖലകളില്‍ വസിക്കുന്നവര്‍ നിര്‍ദേശം ലഭിക്കുന്ന മുറക്ക് ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറി താമസിക്കണം. ഏതെങ്കിലും രോഗങ്ങള്‍ക്ക്  പതിവായി  മരുന്ന് കഴിക്കുന്നവര്‍ അത് തുടരണം. മഴക്കാലത്ത് യാത്രകള്‍ പരമാവധി ഒഴിവാക്കുക. പക്ഷി മൃഗാദികളുടെ  ശവശരീരങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ അത് മുനിസിപ്പാലിറ്റിയുടെയോ, തദ്ദേശ സ്വയംഭരണാധികാരികളുടെയോ ശ്രദ്ധയില്‍പെടുത്തി ആഴത്തില്‍ കുഴിയെടുത്ത് ബ്ലീച്ചിംഗ് പൗഡര്‍ വിതറി സംസ്‌കരിക്കണം.