Trending Now

വെള്ളപ്പൊക്കം: ഒറ്റപ്പെട്ട കുരുമ്പന്‍മൂഴിയിലേക്ക്  പാതയൊരുക്കി ഫയര്‍ ഫോഴ്‌സ്

വെളളപ്പൊക്കത്തില്‍ ഒറ്റപ്പെട്ട കുരുമ്പന്‍മൂഴി മേഖലയിലെ പ്രദേശവാസികള്‍ക്ക് ഇക്കരെ വെച്ചൂച്ചിറ മേഖലയിലേക്ക് പ്രവേശിക്കാന്‍ ആശ്രയമായ കുരുമ്പന്‍മൂഴി കോസ് വേയില്‍ അടിഞ്ഞുകൂടിയ മണല്‍ ഫയര്‍ ഫോഴ്‌സിന്റെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ നീക്കം ചെയ്തു. വെള്ളപ്പൊക്കത്തില്‍ കോസ് വേയില്‍ രണ്ടര മീറ്ററോളം മണല്‍ അടിഞ്ഞ് കാല്‍നടയ്ക്ക് പോലും കഴിയാത്ത അവസ്ഥയിലായിരുന്നു. ശക്തമായ മഴ ഉണ്ടാകുമ്പോള്‍ പമ്പാ നദിക്ക് അക്കരെയുള്ള നാറാണംമൂഴി ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡായ കുരുമ്പന്‍മൂഴിയിലെ അഞ്ഞൂറില്‍ അധികം കുടുംബങ്ങള്‍ മറ്റ് ഗതാഗത മാര്‍ഗങ്ങളില്ലാതെ ഒറ്റപ്പെടുന്നസ്ഥിതി ഉണ്ടാകാറുണ്ട്.
ജെ.സി.ബി ഉപയോഗിച്ചാണ് റാന്നി ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ കെ.ജി സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കോസ് വേയിലെ മണല്‍ നീക്കിയത്. നാട്ടുകാരുടെ സേവനവും ജെ.സി.ബി ഓപ്പറേറ്റര്‍ അപ്രാച്ചന്റെ സന്നദ്ധ സേവനത്തെയും അഭിനന്ദിക്കുന്നതായി റാന്നി ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ കെ.ജി സന്തോഷ്‌കുമാര്‍ പറഞ്ഞു. ഫയര്‍ഫോഴ്‌സ് ടീമില്‍ ജെ.എസ് ജയദേവന്‍, ടി.അന്‍സാരി, എം.എം റഫീക്ക്, വി.ടി പ്രവീണ്‍കുമാര്‍ എന്നിവര്‍ ഉണ്ടായിരുന്നു.