മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ ജനങ്ങളെ അടിയന്തരമായി ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിക്കാന്‍ നടപടി

മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ ജനങ്ങളെ
അടിയന്തരമായി ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിക്കാന്‍ നടപടി

റാന്നിയുടെ കിഴക്കന്‍ മലയോര മേഖലകളില്‍ മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ ജനങ്ങളെ അടിയന്തരമായി ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിക്കാന്‍ എംഎല്‍എ നേരിട്ടെത്തി നടപടി സ്വീകരിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം കനത്ത മഴയുണ്ടാകുമെന്ന് റവന്യൂ മന്ത്രി കെ. രാജന്‍ ജില്ലാ കളക്ടര്‍ ദിവ്യ എസ്. അയ്യര്‍ എന്നിവര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് അടിയന്തര സന്ദര്‍ശനം നടത്തി വേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയത്.

മഴ കനത്തതോടെ മണ്ണിടിച്ചില്‍ സാധ്യതയുള്ള പെരുനാട് പഞ്ചായത്തിലെ കിഴക്കന്‍ മേഖലയിലെ അട്ടത്തോട് കിഴക്കേക്കര, അട്ടത്തോട് പടിഞ്ഞാറെക്കര, നാറാണംതോട് എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളും പ്രശ്നബാധിത മേഖലകളും അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു.

പെരുനാട് പഞ്ചായത്തിലെ ഉള്‍പ്രദേശമായ മണക്കയം ബിമ്മരത്ത് മണ്ണിടിച്ചില്‍ സാധ്യത കൂടുതല്‍ ഉള്ളതിനാല്‍ അവിടെയുള്ള 21 കുടുംബങ്ങളിലെ 83 ആളുകളെ ബിമ്മരം കമ്മ്യൂണിറ്റി ഹാളിലേക്ക് ഉടന്‍തന്നെ മാറ്റിപ്പര്‍പ്പിക്കുവാനും, ഭക്ഷണവും, കുടിവെള്ളവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കുവാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി. ഇവിടേക്ക് ഒരു സിവില്‍ പോലീസ് ഉദ്യോഗസ്ഥന്റെ സേവനം ഉറപ്പാക്കുവാന്‍ പോലീസിനു നിര്‍ദേശം നല്‍കി.

കമ്മ്യൂണിറ്റി ഹാളില്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യാനുള്ള സൗകര്യങ്ങളും, അവശ്യത്തിന് മരുന്നുകളും, പകര്‍ച്ച വ്യാധി പ്രതിരോധമരുന്നുകളും ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കി. റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി, ഡെപ്യൂട്ടി കളക്ടര്‍ രാജലക്ഷ്മി, തഹസീല്‍ദാര്‍ നവീന്‍ ബാബു, റോബിന്‍ കെ തോമസ് തുടങ്ങി വിവിധ ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു.