Trending Now

20, 21 തീയതികളില്‍ പത്തനംതിട്ട ജില്ലയില്‍ ശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്

20, 21 തീയതികളില്‍ പത്തനംതിട്ട ജില്ലയില്‍ ശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്
മഴക്കെടുതി: എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും സര്‍ക്കാര്‍ സജ്ജം- മന്ത്രി കെ.രാജന്‍

പത്തനംതിട്ട ജില്ലയിലെ മഴക്കെടുതിയുമായി ബന്ധപ്പെട്ടുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും സര്‍ക്കാര്‍ സജ്ജമെന്ന് റവന്യൂ മന്ത്രി കെ.രാജന്‍ പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ പ്രളയസ്ഥിതി വിലയിരുത്തുന്നതിന് കളക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

ശക്തമായ മഴയിലൂടെ ജലനിരപ്പ് ഉയരുന്നത് ക്രമീകരിക്കുന്നതിനായി കക്കി-ആനത്തോട് ഡാം തുറന്നിട്ടുണ്ട്. ഭയപ്പെടേണ്ട സാഹചര്യം നിലവിലില്ല. കൃത്യമായ ഇടവേളകളില്‍ ഡാമുകള്‍ തുറന്ന് വെള്ളം ഒഴുക്കിവിടുന്നതാണ് അഭികാമ്യം. അടുത്ത ശക്തമായ മഴയുടെ ആരംഭത്തിന് മുന്‍പ് ആവശ്യമായ മുന്‍കരുതല്‍ എന്ന നിലയിലാണ് ഡാം തുറന്നത്. ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനുള്ള പ്രവര്‍ത്തനം നടന്നുവരികയാണ്. എന്‍ഡിആര്‍എഫ് സംഘത്തെ ജില്ലയില്‍ വിന്യസിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ എയര്‍ ലിഫ്റ്റിംഗ് സംഘത്തെ കൂടി വിന്യസിക്കും. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
അപകട ഘട്ടങ്ങള്‍ ഒഴിവാക്കുന്നതിനുള്ള സജ്ജീകരണം ഒരുക്കിയിട്ടുണ്ട്. അത്യാവശ്യമായ എല്ലാ ക്രമീകരണങ്ങളും തയാറാണ്. സാമൂഹിക മാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങള്‍ പ്രചരിക്കുകയോ, പങ്കിടുകയോ ചെയ്യരുത്. റോഡ് തകരുന്നത് സംബന്ധിച്ചും ക്യാമ്പുകളിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത് സംബന്ധിച്ചും അവലോകന യോഗം ചര്‍ച്ച ചെയ്തതായും മന്ത്രി പറഞ്ഞു.
ആരോഗ്യമന്ത്രി വീണാ ജോര്‍ജ്, ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, എംഎല്‍എമാരായ അഡ്വ. മാത്യു റ്റി. തോമസ്, അഡ്വ. കെ.യു. ജനീഷ്‌കുമാര്‍, അഡ്വ. പ്രമോദ് നാരായണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, എഡിഎം അലക്‌സ് പി തോമസ്, എല്‍ആര്‍ ഡെപ്യുട്ടി കളക്ടര്‍ പി.ആര്‍. ഷൈന്‍, ദുരന്തനിവാരണം ഡെപ്യുട്ടി കളക്ടര്‍ ടി.ജി. ഗോപകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

ജില്ലയിലെ പ്രളയസ്ഥിതി വിലയിരുത്തി;
ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിക്കണം: മന്ത്രി വീണാ ജോര്‍ജ്
ജാഗ്രതാ നിര്‍ദേശങ്ങള്‍ ജനങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ജില്ലയിലെ പ്രളയസ്ഥിതി വിലയിരുത്തുന്നതിന് കളക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കും.
യോഗത്തില്‍ ജില്ലയിലെ പൊതുസ്ഥിതി വിലയിരുത്തി. അതിശക്തമായ മഴയെ തുടര്‍ന്ന് ജില്ലയിലെ മൂന്ന് നദികളായ പമ്പ, മണിമല, അച്ചന്‍കോവില്‍ എന്നിവ അപകട നിലയ്ക്ക് മുകളിലാണ്. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഉണ്ടായ നാശനഷ്ടങ്ങള്‍, ക്യാമ്പുകള്‍ തുടങ്ങിയവയെ സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്തു. വരും ദിവസങ്ങളില്‍ ക്രമീകരിക്കേണ്ട മുന്നൊരുക്കങ്ങളെ സംബന്ധിച്ചും ചര്‍ച്ച ചെയ്തു. ഈ മാസം 20 മുതല്‍ 24 വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്.

ഇതില്‍ 20, 21 തീയതികളില്‍ പത്തനംതിട്ട ജില്ലയില്‍ ശക്തമായ മഴയുണ്ടാകുമെന്നാണ് അറിയിപ്പ് ലഭിച്ചിരിക്കുന്നത്.
കക്കി-ആനത്തോട് ഡാം തിങ്കളാഴ്ച രാവിലെ 11 മണിയോടെ തുറന്നിട്ടുണ്ട്. 979.9 മീറ്റര്‍ ജലനിരപ്പാണ് ഉണ്ടായിരുന്നത്. രാത്രിയില്‍ ഉണ്ടായ മഴയെ തുടര്‍ന്ന് നീരൊഴുക്ക് ശക്തമായിരുന്നു. ഇപ്പോള്‍ അതിന് കുറവ് വന്നിട്ടുണ്ട്. വനമേഖലയില്‍ ശക്തമായ മഴയോ, ഉരുള്‍പൊട്ടലോ ഉണ്ടായാല്‍ അപകട സാധ്യത കുറയ്ക്കുന്നതിനായാണ് ഡാം ഇപ്പോള്‍ വളരെ ചെറിയ തോതില്‍ ഷട്ടര്‍ ഉയര്‍ത്തിയിട്ടുള്ളത്. 15 സെ.മി മാത്രമാകും ജലനിരപ്പ് ഉയരുക. കൃത്യമായ മുന്നറിയിപ്പ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണായ ജില്ലാ കളക്ടര്‍ നല്കിയിരുന്നു. 94 ശതമാനം ജലനിരപ്പാണ് ഡാമില്‍ ഉണ്ടായിരുന്നത്. വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍ എന്നിവ ഉണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലെ ആളുകള്‍ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറിതാമസിക്കാന്‍ തയാറാകണമെന്നും മന്ത്രി പറഞ്ഞു.

വല്ലനയിലെ ദുരിതാശ്വാസ ക്യാമ്പ് മന്ത്രിമാര്‍ സന്ദര്‍ശിച്ചു
വല്ലന ഗവ. എസ്എന്‍ഡിപി യുപി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പ് റവന്യു മന്ത്രി കെ.രാജനും ആരോഗ്യമന്ത്രി വീണാ ജോര്‍ജും സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.
38 കുടുംബങ്ങളിലെ 126 പേരാണ് ക്യാമ്പില്‍ കഴിയുന്നത്. തഹസില്‍ദാര്‍ക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കും ആവശ്യമായ നിര്‍ദേശങ്ങള്‍ മന്ത്രിമാര്‍ നല്‍കി. കോഴഞ്ചേരി തഹസില്‍ദാര്‍ കെ. ഓമനക്കുട്ടന്‍, സിപിഐ ജില്ലാ സെക്രട്ടറി എ.പി. ജയന്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍
തോരാതെ പെയ്ത മഴയില്‍ ശക്തമായി വെള്ളം കയറിയ വിവിധ പ്രദേശങ്ങളായ തുമ്പമണ്‍, കടയ്ക്കാട്, കടയ്ക്കാട് മാര്‍ക്കറ്റ്, മഹാദേവര്‍ ക്ഷേത്രം അടക്കമുള്ള പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. ഞായറാഴ്ച രാത്രി രണ്ട് മണിയോടെയാണ് മണ്ണാകടവ് ഭാഗത്ത് വെള്ളം കയറിയ കുടുംബത്തെ ഗവണ്‍മെന്റ് സ്‌കൂളിലേക്ക് മാറ്റിയത്.
കടയ്ക്കാട് മാര്‍ക്കറ്റിന് തെക്ക് വശമുള്ള പ്രദേശങ്ങളിലെ ആളുകളെ അവിടെയുള്ള സന്നദ്ധപ്രവര്‍ത്തകര്‍ക്കൊപ്പം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറും ചേര്‍ന്ന് ക്യാമ്പിലേക്ക് മാറ്റി. ശക്തമായ മഴയെ തുടര്‍ന്ന് നഗരസഭാ പരിധിയില്‍ 24 വീടുകളില്‍ വെള്ളം കയറി. ചേരിക്കലും വെള്ളം കയറാന്‍ സാധ്യതയുള്ള വീടുകളിലെ ആളുകളെ ഗവണ്‍മെന്റ് സ്‌കൂളിലെ ക്യാമ്പുകളിലേക്കും മാറ്റി. മഹാദേവര്‍ ക്ഷേത്രത്തിന്റെ പരിസരത്ത് വെള്ളം കയറിയ വീടുകളിലെ ആളുകളെ എന്‍ എസ് എസ് കരയോഗ മന്ദിരഹാളിലേക്കും തോട്ടക്കോണം ഹയര്‍ സെക്കന്ററി സ്‌കൂളിലേക്കും മാറ്റി പാര്‍പ്പിച്ചു.

മുന്‍കരുതലെന്ന നിലയില്‍ കൊല്ലം നീണ്ടകരയില്‍ നിന്നും പന്തളത്ത് രണ്ട് ബോട്ടുകളെത്തിച്ചിട്ടുണ്ട്. ഡെപ്യൂട്ടി സ്പീക്കര്‍ക്കൊപ്പം തഹസില്‍ദാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍, വില്ലേജ് ഓഫീസര്‍, അടക്കം ഉള്ള ഉദ്യോഗസ്ഥരും ജനപ്രതിനിധികളും രാഷ്ട്രീയ കക്ഷി നേതാക്കളും രക്ഷാപ്രവര്‍ത്തനത്തിന് അണിചേര്‍ന്നു. മഴ കുറഞ്ഞെങ്കിലും അച്ചന്‍കോവിലാറ്റില്‍ ജലനിരപ്പുയര്‍ന്നിരുന്നു. ആളുകള്‍ ജാഗ്രതക്കുറവ് ഉണ്ടാകരുതെന്നും വരും ദിവസങ്ങളില്‍ മഴ കനക്കും എന്ന് കാലാവസ്ഥാ മുന്നറിയിപ്പുള്ളതിനാല്‍ ശക്തമായ മുന്‍കരുതല്‍ എടുക്കണമെന്നും റവന്യൂ, തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.