Trending Now

കോവിഡ് പ്രതിരോധം: പത്തനംതിട്ട ജില്ലയില്‍  ഏഴ് വാര്‍ഡുകളില്‍ കര്‍ശന നിയന്ത്രണം

കോവിഡ് പ്രതിരോധം: പത്തനംതിട്ട ജില്ലയില്‍ 
ഏഴ് വാര്‍ഡുകളില്‍ കര്‍ശന നിയന്ത്രണം
കോന്നി വാര്‍ത്ത : കോവിഡ് പ്രതിരോധ നടപടിയുടെ ഭാഗമായി പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (ഡബ്ല്യുഐപിആര്‍) 10 ന് മുകളിലുള്ള പത്തനംതിട്ട ജില്ലയിലെ ആറ് ഗ്രാമപഞ്ചായത്തുകളിലെ ആറ് വാര്‍ഡുകളും, തിരുവല്ല നഗരസഭയിലെ നാലാം വാര്‍ഡും ഉള്‍പ്പെടെ ഏഴ് വാര്‍ഡുകളില്‍  ഒക്ടോബര്‍ 19 മുതല്‍ 25 വരെ  കര്‍ശന ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി പത്തനംതിട്ട ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണും ജില്ലാ കളക്ടറുമായ ഡോ. ദിവ്യ എസ്. അയ്യര്‍ ഉത്തരവ് പുറപ്പെടുവിച്ചു.
ഗ്രാമപഞ്ചായത്ത്, കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയ വാര്‍ഡ് എന്ന ക്രമത്തില്‍: ചെറുകോല്‍ വാര്‍ഡ് 7, റാന്നി-പെരുനാട് വാര്‍ഡ് 2, ഇലന്തൂര്‍ വാര്‍ഡ് 2, നാറാണമൂഴി വാര്‍ഡ് 12, നെടുമ്പ്രം വാര്‍ഡ് 2, കുന്നന്താനം വാര്‍ഡ് 13. തിരുവല്ല നഗരസഭ വാര്‍ഡ് 4.
നിയന്ത്രണങ്ങള്‍:- 
റേഷന്‍ കടകള്‍, ഭക്ഷ്യ അവശ്യ വസ്തുക്കള്‍ മാത്രം വില്ക്കുന്ന കച്ചവട സ്ഥാപനങ്ങള്‍, ബേക്കറികള്‍, മത്സ്യ മാംസാദി കളുടെ വില്പന കേന്ദ്രങ്ങള്‍ എന്നിവ രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെ പ്രവര്‍ത്തിക്കാം.
ഹോട്ടലുകള്‍ക്കും റസ്റ്റോറന്റുകള്‍ക്കും പാഴ്‌സല്‍ സര്‍വ്വീസിനും ഓണ്‍ലൈന്‍ / ഹോം ഡെലിവറിക്കുമായി മാത്രം രാവിലെ 7 മുതല്‍ രാത്രി 9 വരെ പ്രവര്‍ത്തിക്കാം. പാല്‍, പത്രം എന്നിവ വിതരണം ചെയ്യാം.
മെഡിക്കല്‍ സ്റ്റോറുകള്‍, മെഡിക്കല്‍ ലാബ്, മീഡിയ എന്നിവയ്ക്ക് പ്രവര്‍ത്തിക്കാം.  അക്ഷയകേന്ദ്രങ്ങളും ജനസേവന കേന്ദ്രങ്ങളും രാവിലെ 9. മുതല്‍ വൈകിട്ട് 4 വരെ തുറന്നു പ്രവര്‍ത്തിക്കാം.
ഗവണ്‍മെന്റ് ഓഫീസുകള്‍ ഉള്‍പ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍, കമ്പനികള്‍, കോര്‍പ്പറേഷനുകള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന എല്ലാ പബ്ലിക് ഓഫീസുകള്‍ക്കും 50% ജീവനക്കാരെ ഹാജരാക്കി തിങ്കള്‍ മുതല്‍ ശനി വരെ പ്രവര്‍ത്തിക്കാം. അടിയന്തര അവശ്യ സര്‍വ്വീസില്‍പ്പെട്ട സംസ്ഥാന കേന്ദ്ര സ്ഥാപന ഓഫീസുകള്‍ക്ക് 100% ജീവനക്കാരെ ഹാജരാക്കി പ്രവര്‍ത്തിപ്പിക്കാം.
ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും തിങ്കള്‍ മുതല്‍ ശനി വരെ 50 % ജീവനക്കാരെ ഹാജരാക്കി രാവിലെ 10 മുതല്‍ വൈകിട്ട് 2 മണിവരെ പ്രവര്‍ത്തിക്കാം. പെട്രോള്‍ പമ്പുകള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് രാവിലെ 6 മുതല്‍ രാത്രി 10 വരെ പ്രവര്‍ത്തിക്കാം.
എല്ലാ പ്രൈവറ്റ് / അവശ്യ വസ്തുക്കള്‍ കൊണ്ടുപോകുന്നവയും അവശ്യ സര്‍വ്വീസുകള്‍ക്കുള്ളതും യാത്രയ്ക്കുള്ളതുമായ പബ്ലിക്ക് വാഹനങ്ങള്‍ എന്നിവ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഗതാഗതം നടത്താം. ദീര്‍ഘദൂര വാഹനങ്ങള്‍ കണ്ടൈന്‍മെന്റ് സോണില്‍ കൂടി യാത്ര പോകാം.
എല്ലാ യൂണിവേഴ്‌സിറ്റി / ബോര്‍ഡ് ഓഫ് ഹയര്‍ സെക്കണ്ടറി നടത്തുന്ന പ്ലസ് വണ്‍ പരീക്ഷകള്‍, പിഎസ്‌സി പരീക്ഷകള്‍, കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്ന പരീക്ഷകള്‍ എന്നിവ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്താം.
മേല്‍പ്പറഞ്ഞിരിക്കുന്ന വാര്‍ഡുകളിലും, പഞ്ചായത്തുകളിലും കര്‍ശനമായി ബാരിക്കേഡിംഗ് ചെയ്തിരിക്കേണ്ടതും കോവിഡ് പോസിറ്റീവ് ആയവരും ലക്ഷണമുള്ളവരും ഇവരുമായി സമ്പര്‍ക്കമുള്ളവരും നിര്‍ബന്ധമായും ക്വാറന്റൈനില്‍ തുടരേണ്ടതാണ്. ഈ വാര്‍ഡുകളുടെ / പഞ്ചായത്തുകളുടെ ചുറ്റളവില്‍ നിന്നും ആരും നിയന്ത്രണങ്ങള്‍ ലംഘിച്ചുകൊണ്ട് പുറത്തേക്കോ അകത്തേക്കോ പ്രവേശിക്കുവാന്‍ പാടില്ല. ഇക്കാര്യം പോലീസും ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ വകുപ്പും ഉറപ്പു വരുത്തേണ്ടതാണ്.
അടിയന്തര അവശ്യ സര്‍വ്വീസില്‍പ്പെട്ട കേന്ദ്ര-സംസ്ഥാന-സ്വയംഭരണ സ്ഥാപനങ്ങള്‍, ഓഫീസുകള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍, കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ളവര്‍ എന്നിവര്‍ക്ക് തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കി യാത്ര ചെയ്യാം. അടിയന്തര അവശ്യ സര്‍വ്വീസുകളില്‍പ്പെട്ടതും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതുമായ എല്ലാ വ്യവസായ സ്ഥാപനങ്ങളും കമ്പനികളും മറ്റ് സ്ഥാപനങ്ങളും പ്രവര്‍ത്തിക്കാവുന്നതും മേല്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് അവരുടെ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യാം.
കാര്‍ഷിക ആവശ്യങ്ങള്‍ക്കു മാത്രമായി പ്രവര്‍ത്തിക്കുന്ന കടകള്‍ രാവിലെ 9 മുതല്‍ വൈകിട്ട് 4 വരെ പ്രവര്‍ത്തിക്കാം. മരണം, വിവാഹം എന്നീ ചടങ്ങുകള്‍ക്ക് പരമാവധി 50 പേര്‍ മാത്രമെ പങ്കെടുക്കുവാന്‍ പാടുള്ളൂ.
ആരാധനാലയങ്ങളില്‍ കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് 25 ചതുരശ്ര അടിക്ക് ഒരാള്‍ എന്ന അനുപാതത്തില്‍ പരമാവധി 20 പേര്‍ക്ക് കുറഞ്ഞസമയത്തേയ്ക്ക് പ്രവേശനം അനുവദിക്കാവുന്നതാണ്. യാതൊരു വിധ രാഷ്ട്രീയമോ സാംസ്‌കാരികമോ ആയ പ്രകടനങ്ങളോ കൂടിച്ചേരലുകളോ നടത്തുവാന്‍ പാടില്ല.
നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന നിര്‍മ്മാണ പ്രവൃത്തികള്‍ ശേഖരിച്ച് സൂക്ഷിച്ചിരിക്കുന്ന സാധന സാമഗ്രികളുടെ നഷ്ടം ഉണ്ടാകുന്ന സാഹചര്യത്തില്‍ ബന്ധപ്പെട്ട സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ അനുമതിയോടെ നടത്താം.
സ്‌കൂള്‍, കോളേജ്, ടൂഷന്‍ സെന്ററുകള്‍, സിനിമാ തിയേറ്ററുകള്‍ എന്നിവ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നതല്ല.
മേല്‍ വിവരിച്ചിരിക്കുന്ന ദിവസങ്ങളും സമയക്രമങ്ങളും കൃത്യമായി പാലിക്കപ്പെടേണ്ടതും പാലിക്കാത്തവര്‍ക്കെതിരെ പകര്‍ച്ച വ്യാധി നിയന്ത്രണ നിയമം 2021, ഇന്ത്യന്‍ ശിക്ഷാ നിയമം 188, 169 എന്നീ വകുപ്പുകള്‍ പ്രകാരവും ദുരന്ത നിവാരണ നിയമം 2005 പ്രകാരവും നിയമനടപടികള്‍ ജില്ലാ പോലീസ് മേധാവി/ ഇന്‍സിഡന്റ് കമാണ്ടര്‍മാര്‍/ സെക്ടര്‍ മജിസ്‌ട്രേറ്റുമാര്‍ സ്വീകരിക്കേണ്ടതാണ്.