Trending Now

ആലിപ്പറ്റ ജമീല മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ? ഹൈക്കമാന്‍ഡ് പ്രഖ്യാപനം ഉടനുണ്ടായേക്കും

ആലിപ്പറ്റ ജമീല മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ? ഹൈക്കമാന്‍ഡ് പ്രഖ്യാപനം ഉടനുണ്ടായേക്കും

സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ്

ന്യൂഡല്‍ഹി: മലപ്പുറം ജില്ലാ പഞ്ചായത്തംഗവും പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണുമായ ആലിപ്പറ്റ ജമീല മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയാവും. നിലവില്‍ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് ജമീല. മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തുടക്കത്തില്‍ സജീവമായി പരിഗണിച്ചിരുന്ന കെ പി സി സി സെക്രട്ടറി ദീപ്തി മേരി വര്‍ഗ്ഗീസ് കെ പി സി സി ജനറല്‍ സെക്രട്ടറിയാകുമെന്ന സൂചനകള്‍ ശക്തമായതോടെയാണ് ജമീലയ്ക്ക് നറുക്കുവീണത്. കഴിഞ്ഞദിവസം കെ പി സി സി ഭാരവാഹികളുടെ പട്ടിക ഹൈക്കമാന്‍ഡിന് കൈമാറിയതിന് പിന്നാലെ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയെ നിശ്ചയിക്കാന്‍ പ്രസിഡന്റ് കെ സുധാകരനോടും പ്രതിപക്ഷ നേതാവ് വി ഡി സതീശനോടും സോണിയാ ഗാന്ധി നിര്‍ദേശിക്കുകയായിരുന്നു. ഇതെ തുടര്‍ന്നാണ് ആലിപ്പറ്റ ജലീമയുടെ പേര് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം നിര്‍ദേശിച്ചത്. മുസ്ലിം പ്രാതിനിധ്യം ഉറപ്പാക്കുന്നതിനൊപ്പം വടക്കന്‍ കേരളത്തില്‍ നിന്നൊരു വനിതാ പ്രാതിനിധ്യം ഉണ്ടാകണമെന്ന സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പൊതുനിലപാടും ജമീലയ്ക്ക് അനുകൂല ഘടകമായി.

മലപ്പുറം ജില്ലയില്‍ ഏറെ സജീവവും തീപ്പൊരി നേതാവുമാണ് ജമീല. പ്രാദേശികാടിസ്ഥാനത്തില്‍ മികച്ച പ്രവര്‍ത്തനമാണ് അവര്‍ കാഴ്ചവച്ചിട്ടുള്ളത്. മാത്രമല്ല വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ വിജയത്തില്‍ നിര്‍ണായക പങ്കു വഹിച്ചതും ജമീലയാണ്. രാഹുലുമായി ഏറെ അടുപ്പമുള്ള ആള്‍കൂടിയാണ് ജമീല. ഇതുകൂടി പരിഗണിച്ചാണ് സുധാകരന്‍ ജമീലയെ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്കു നിര്‍ദേശിച്ചിരിക്കുന്നത്. കാളികാവ് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കൂടിയാണ് ജമീല. കുടിവെള്ള നിര്‍മാര്‍ജന പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ പ്രവര്‍ത്തകരുടെ മേല്‍നോട്ടത്തില്‍ സ്ത്രീകള്‍ 200 കിണറുകള്‍ കുഴിച്ചതും കാളികാവ് പഞ്ചായത്തിലാണ്. ഇതിന് ചുക്കാന്‍ പിടിച്ചത് ജമീലയായിരുന്നു.

സ്ത്രീകളുടെ നേതൃത്വത്തില്‍ കിണറുകള്‍ കുഴിച്ചതിന് ദേശീയ, സംസ്ഥാനതലത്തില്‍ തന്നെ ശ്രദ്ധ നേടിയിരുന്നു. നിരവധി പുരസ്‌കാരങ്ങളും അവരെ തേടിയെത്തിയിരുന്നു. വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെയാണ് ജമീല കോണ്‍ഗ്രസിലേക്ക് കടന്നുവന്നത്. ജില്ലയിലെ ജമീലയുടെ ജനസ്വാധീനമാണ് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കാനുള്ള മറ്റൊരു കാരണം. സാധാരണ ജനങ്ങളുമായി അടുത്തിടപഴകുന്ന ഒരാളെന്ന നിലയില്‍ മഹിളാ കോണ്‍ഗ്രസിനെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ ആലിപ്പറ്റ ജമീലയ്ക്കു സാധിക്കുമെന്ന് പാര്‍ട്ടി നേതൃത്വം വിലയിരുത്തുന്നു.

മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തു നിന്നും ലതികാ സുഭാഷ് രാജിവച്ച് പാര്‍ട്ടി വിട്ടു പോയശേഷം മറ്റാര്‍ക്കും ചുമതല നല്‍കിയിട്ടില്ല. കെ പി സി സി പട്ടിക പുറത്തുവന്നാലുടന്‍ ആദ്യം മാറ്റം വരുത്തുക മഹിളാ കോണ്‍ഗ്രസിലാണ്. പോഷകസംഘടനകളിലും പ്രവര്‍ത്തിക്കുന്നവരെ മാത്രം നേതൃനിരയിലേക്കു കൊണ്ടുവരാനാണ് സുധാകരന്റെ ശ്രമം. ജനപിന്തുണയും പ്രാദേശികാടിസ്ഥാനത്തില്‍ ജനങ്ങളുമായി അടുത്തിടപഴകുന്നവരെയുമാണ് പോക്ഷക സംഘടനകളുടെ നേതൃപദവിലേക്ക് കൊണ്ടുവരാന്‍ പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്.

മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയെ തീരുമാനിക്കുന്നതിന് മുന്നോടിയായി തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള താഴേത്തട്ടിലുള്ള പ്രവര്‍ത്തകരില്‍ നിന്നും അഭിപ്രായം തേടിയിരുന്നു. ഗ്രൂപ്പ് മാനേജര്‍മാരുടെ നിയന്ത്രണത്തില്‍ നിന്നും പാര്‍ട്ടിയെ ജനകീയ അടിത്തറയുള്ള പ്രസ്ഥാനമായി മാറ്റുന്നതിന്റെ തുടക്കമായിട്ടാണ് പുതിയ നേതാക്കളെ പാര്‍ട്ടിയുടെയും പോഷക സംഘടനകളുടെയും തലപ്പത്ത് മാറ്റിപ്രതിഷ്ഠിക്കാന്‍ നേതൃത്വം തയ്യാറായിരിക്കുന്നത്.