പട്ടിണിയിലാണ് കലാകാരൻമാർ ഇനിയും കണ്ടില്ലെന്ന്‌ നടിക്കരുത്

 

കോന്നി വാര്‍ത്ത ഡോട്ട് കോം : പട്ടിണിയിലാണ് കലാകാരൻമാർ . ഇനിയും കണ്ടില്ലെന്ന്‌ നടിക്കരുത്. സർവ്വ മേഖലകളിലും ഇളവുകൾ എത്തി തുടങ്ങുമ്പോൾ തങ്ങളുടെ സമയവും ശരിയാകും എന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് സ്റ്റേജ് കലാകാരന്മാർ.

മൂന്നുവർഷംമുമ്പ് പ്രളയകാലത്തോടെ ആരംഭിച്ചതാണ് കലാരംഗത്ത് ശനിദശ.വെള്ളപ്പൊക്കകാലത്തെ വറുതിയിൽ നിന്നും സമിതികൾ അടക്കം കരകയറി വരുന്നതിനിടെയാണ് കോവിഡ് വാളോങ്ങിയത്. സ്കൂളുകളും എ.സി സിനിമ തീയറ്ററുകളും അടക്കം തുറക്കാമെന്ന് പ്രഖ്യാപനങ്ങൾ വരുമ്പോഴും തങ്ങളെക്കുറിച്ച് യാതൊരു പരാമർശവും ഇല്ലാത്തതാണ് കലാകാരന്മാരെ ആശങ്കയിലാക്കുന്നത്.

കലാകാരന്മാരിൽ പലരും ഉപജീവനത്തിനായി വഴിയോരക്കച്ചവടം അടക്കമുള്ള വിവിധ തൊഴിലുകളിലേക്ക് തിരിഞ്ഞു. നാടകം, ബാലെ , നൃത്ത സംഘങ്ങളുടെ വസ്ത്രങ്ങളും, ആഭരണങ്ങളും മറ്റും സ്റ്റേജ് സംവിധാനങ്ങളെല്ലാം ഉപയോഗിക്കാതെ കിടന്നു നശിച്ചുപോകുകയും ആണ്.

പ്രളയത്തിനുശേഷം കരകയറാം എന്ന പ്രതീക്ഷയോടെ പുതിയ അംഗങ്ങളെ ഉൾപ്പെടുത്തിയും വായ്പ എടുത്ത് പുത്തൻ സജ്ജീകരണങ്ങൾ ചെയ്തു. പല ട്രൂപ്പുകളും പരിശീലനം ആരംഭിച്ചിരുന്നു എന്നാൽ ഇവർക്കാർക്കും പിന്നീട് തട്ടിൽ കയറാനുള്ള അവസരം ലഭിച്ചിട്ടില്ല. ഇതോടെ മുതൽമുടക്കിയതിലും വലിയ നഷ്ടമാണ് ഈ മേഖല നേരിട്ടത് .

ഏറ്റവുമധികം സ്റ്റേജ് പരിപാടികൾക്ക് ബുക്കിങ് ലഭിക്കുന്ന സീസണാണ് മുന്നിലുള്ളത് സർക്കാരിന്റെ ഇളവ് പ്രഖ്യാപനത്തിൽ സ്റ്റേജ് കലാകാരന്മാരെ കൂടി ഉൾപ്പെടുത്തിയാൽ പരിപാടിക്ക് വേണ്ട തയ്യാറെടുപ്പുകൾ എല്ലാവർക്കും ഇപ്പോഴെ ആരംഭിക്കുവാൻ സാധിക്കും. നിരവധി കുടുംബങ്ങൾ സാമ്പത്തികമായി കരകയറും.

ഒരു സ്റ്റേജ് പരിപാടി പരമാവധി 1500 രൂപവരെയാണ് കലാകാരന്മാർക്ക് ലഭിച്ചിരുന്നത്. ഡിസംബർ ഏപ്രിൽ മാസം ആണ് സീസൺ. സർക്കാർ ഇളവുകൾ പ്രഖ്യാപിക്കുമ്പോൾ കലാകാരന്മാർ പട്ടിണിയിൽ ആകാതിരിക്കാൻ വേണ്ട പരിഗണന നൽകണമെന്ന്‌ കമലദളം കേരള കലാകുടുംബം ആവശ്യപ്പെട്ടു.

സംസ്ഥാന ചീഫ് അഡ്മിനിസ്ട്രേറ്റർ സുരേഷ് കാവുംഭാഗം ഉദ്‌ഘാടനം ചെയ്ത പരിപാടി സംസ്ഥാന പ്രസിഡന്റ് ഗിരീഷ് പാടം അധ്യക്ഷത വഹിച്ചു. കൈലാസ് സാജ്, ശ്യാം കുമാർ, ബിനോയ്‌ പട്ടിമറ്റം, പ്രശാന്ത് കോയിക്കൽ, സുരേഷ് തരംഗിണി, അരുൺ, സതീഷ് മുണ്ടക്കൽ, ശ്രീകല മനോഹർ എന്നിവർ സംസാരിച്ചു