Trending Now

ജില്ലയുടെ ശുചിത്വ ഘടകങ്ങള്‍ വിലയിരുത്താന്‍ സ്വച്ഛ് സര്‍വേക്ഷന്‍ ഗ്രാമീണ്‍-2021 ന് തുടക്കമായി

ജില്ലയുടെ ശുചിത്വ ഘടകങ്ങള്‍ വിലയിരുത്താന്‍
സ്വച്ഛ് സര്‍വേക്ഷന്‍ ഗ്രാമീണ്‍-2021 ന് തുടക്കമായി

വിവിധ ശുചിത്വ ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു സ്വതന്ത്ര ഏജന്‍സിയിലൂടെ വിലയിരുത്തി റാങ്ക് നല്‍കുന്ന കേന്ദ്ര സര്‍ക്കാരിന്റെ സ്വച്ഛ് സര്‍വേഷന്‍ (ഗ്രാമീണ്‍)-2021 ന് തുടക്കമായി. ഗ്രാമപഞ്ചായത്തിലെ സ്‌കൂളുകള്‍, അങ്കണവാടികള്‍, പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍, ചന്തകള്‍, പഞ്ചായത്ത് ഓഫീസ്, പൊതു മാലിന്യ സംസ്‌ക്കരണ സംവിധാനങ്ങള്‍, പൊതുഇടങ്ങളിലെ ശുചിത്വം, വൃത്തിയുടെ കാര്യത്തില്‍ പൊതുജനങ്ങളുടെ കാഴ്ചപ്പാട്, ശുചിത്വ-മാലിന്യ സംസ്‌ക്കരണ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ പൊതുജനങ്ങളുടെ നിര്‍ദേശങ്ങള്‍ എന്നിങ്ങനെയുള്ള മത്സരാധിഷ്ഠിതമായ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി നടത്തുന്ന ജില്ലാതല സര്‍വേയിലൂടെയാണ് റാങ്കിംഗ് നിശ്ചയിക്കുന്നത്.

 

പൊതു ഇടങ്ങളിലെ ശുചിത്വത്തിന്റെ നേരിട്ടുള്ള വിലയിരുത്തല്‍, ഓണ്‍ലൈനിലൂടെയും നേരിട്ടുമുള്ള പൊതുജനങ്ങളുടെയും പഞ്ചായത്തിലെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും അഭിപ്രായങ്ങള്‍, ശുചിത്വ മാനദണ്ഡങ്ങളിലെ സേവന നിലവാരത്തിന്റെ പുരോഗതി എന്നീ ഘടകങ്ങളെ അടിസ്ഥാനമാക്കി ആകെ 1000 മാര്‍ക്കിനാണ് റാങ്കിംഗ് നിശ്ചയിക്കുന്നത്.

ഉദ്ദേശ്യലക്ഷ്യങ്ങള്‍
സ്വച്ഛ് ഭാരത് മിഷന്‍(ഗ്രാമീണ്‍) മാനദണ്ഡങ്ങളില്‍ ഗുണപരമായതും അളക്കാവുന്നതുമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിച്ച സംസ്ഥാനങ്ങളെയും ജില്ലകളെയും പ്രവര്‍ത്തനമികവിന്റെ അടിസ്ഥാനത്തില്‍ റാങ്ക് ചെയ്യുക.
തീവ്രവും സമഗ്രവുമായ വിവര-വിജ്ഞാന-വ്യാപന പ്രവര്‍ത്തനങ്ങളിലൂടെ ഗ്രാമപ്രദേശങ്ങളിലെ ജനങ്ങളെ അവരുടെ ശുചിത്വനിലവാരം മെച്ചപ്പെടുത്താന്‍ പങ്കാളികളാക്കുക.
ജില്ലകള്‍ തമ്മിലും സംസ്ഥാനങ്ങള്‍ തമ്മിലും ശുചിത്വ പദ്ധതികളുടെ മുഖ്യ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തനമികവ് താരതമ്യം ചെയ്യുക.

 

സ്‌കൂളുകള്‍ അങ്കണവാടികള്‍, പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍, ചന്തകള്‍, എന്നിവിടങ്ങളില്‍ ശുചിത്വത്തിന്റെ കാര്യത്തിലുണ്ടായ പുരോഗതി സാമ്പിള്‍ സര്‍വേയിലൂടെ കണ്ടെത്തല്‍.
ഗ്രാമപഞ്ചായത്തുകളും പൊതുജനങ്ങളുമായി ഇടപെട്ട് പദ്ധതി നടത്തിപ്പ് മെച്ചപ്പെടുത്താന്‍ അവരുടെ നിര്‍ദേശങ്ങള്‍ സ്വീകരിക്കുക.

ജില്ലയെ മുന്നിലെത്തിക്കാന്‍ പൊതുജനങ്ങള്‍ക്കും പങ്കാളിയാകാം
ഗ്രാമപഞ്ചായത്തിലെ ശുചിത്വനിലവാരത്തെക്കുറിച്ച് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി പൊതുജനങ്ങള്‍ക്കും മത്സരത്തില്‍ പങ്കാളിയാകാം. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും എസ് എസ് ജി 2021എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തും https://ssg2021.in/Citizenfeedback എന്ന പോര്‍ട്ടലിലൂടെയും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി സ്വച്ഛ് സര്‍വേക്ഷന്‍ സര്‍വേയില്‍ പങ്കാളിയായി ഗ്രാമപഞ്ചായത്തിനെ മുന്നിലെത്തിക്കാം.

 

കൂടുതല്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നതിന് അനുസരിച്ച് ജില്ലയുടെ റാങ്കിംഗ് സാധ്യതയും കൂടും.
സ്വച്ഛ് സര്‍വേക്ഷന്‍ (ഗ്രാമീണ്‍)-2021 ന്റെ ജില്ലാതല ഉദ്ഘാടനവും ലോഗോ പ്രകാശനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്. അയ്യര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. ചടങ്ങില്‍ അസിസ്റ്റന്‍ഡ് കളക്ടര്‍ സന്ദീപ് കുമാര്‍,
ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.ഇ. വിനോദ് കുമാര്‍, ശുചിത്വമിഷന്‍ ടെക്നിക്കല്‍ കണ്‍സള്‍ട്ടന്റ് ജെറിന്‍ ജെയിംസ് വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു.

 

ഇതുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളില്‍ ജില്ലയിലെ എല്ലാ ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ക്കും സെക്രട്ടറിമാര്‍ക്കും മറ്റ് നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്കും പരിശീലനങ്ങള്‍ സംഘടിപ്പിക്കും.  കൂടാതെ ഗ്രാമപഞ്ചായത്തുകളില്‍ ഹരിതകര്‍മസേന, എന്‍.എസ്.എസ് വോളന്റിയര്‍മാര്‍, നെഹ്രുയുവകേന്ദ്ര, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവരുമായി ചേര്‍ന്ന് വിവിധ ബോധവത്കരണ പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കും.