Trending Now

മണൽ അവശിഷ്ടത്തിൽ നിന്ന് ഇഷ്ടിക: ധാരണാപത്രം ഒപ്പുവച്ചു

സിലിക്കാ മണൽ അവശിഷ്ടം കെട്ടിട നിർമ്മാണത്തിനാവശ്യമായ മേൽത്തരം ഇഷ്ടിക ആക്കി മാറ്റുന്നതിനുള്ള സാങ്കേതികവിദ്യാ കൈമാറ്റത്തിനായി CSIR-NIIST യുമായി ആട്ടോകാസ്റ്റ് ധാരണാ പത്രം ഒപ്പ് വച്ചു.  വ്യവസായ മന്ത്രി പി.രാജീവിന്റെ സാന്നിധ്യത്തിൽ സി.എസ്.ഐ.ആർ-എൻ.ഐ.ഐ.എസ്.ടി ഡയറക്ടർ ഡോ.എ. അജയഘോഷും ആട്ടോകാസ്റ്റ് എം.ഡി.പ്രസാദ് മാത്യുവുമാണ് ഒപ്പുവച്ചത്.  നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർ ഡിസിപ്ലിനറി സയൻസ് ആന്റ് ടെക്‌നോളജി ആണ് സാങ്കേതിക വിദ്യ നൽകുന്നത്.

റെയിൽവേ ബോഗികൾ ഉൾപ്പടെയുള്ളവയ്ക്ക് ആവശ്യമായ മോൾഡ് നിർമ്മിക്കാൻ ആണ് ആട്ടോകാസ്റ്റിൽ സിലിക്കാ മണൽ ഉപയോഗിക്കുന്നത്.  നിർമ്മാണത്തിനു ശേഷം അവശിഷ്ടമാകുന്ന മണൽ ആണ് ഇഷ്ടിക നിർമ്മാണത്തിനായി ഉപയോഗിക്കുക.
പരീക്ഷണ അടിസ്ഥാനത്തിൽ രണ്ട് നിറത്തിൽ NIIST യിൽ ഇഷ്ടിക നിർമ്മിച്ചിട്ടുണ്ട്.  ഒരു ഇഷ്ടികയ്ക്ക് മൂന്നു കിലോയാണ് ഭാരം.  ചുട്ടെടുക്കാതെ തന്നെ IS1077 അനുസരിച്ചുള്ള ഗുണനിലവാരം ഉറപ്പാക്കുന്ന ഉത്പന്നം ആണെന്ന പ്രത്യേകതയും ഉണ്ട്.
ആട്ടോകാസ്റ്റിലെ നിലവിലെ ഉത്പ്പാദന ക്ഷമത അനുസരിച്ച് പ്രതിമാസം 600 ടൺ മണൽ അവശിഷ്ടം ഉണ്ടാകുന്നുണ്ട്.

സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിയിലേക്ക് ആവശ്യമായ ഇഷ്ടികകൾ നൽകുവാനും ഇതുവഴി കഴിയും.  1000ത്തിൽപ്പരം വീടുകൾക്കാവശ്യമായ ഇഷ്ടികകൾ നിർമ്മിക്കുവാനുള്ള മണൽ ഇപ്പോൾ തന്നെ ആട്ടോകാസ്റ്റിൽ ലഭ്യമാണ്.

 

വ്യാവസായിക അടിസ്ഥാനത്തിൽ നിർമ്മിക്കുന്നതിനായി 50 ലക്ഷം രൂപയുടെ പദ്ധതിയാണ് നിലവിൽ വിഭാവനം ചെയ്തിരിക്കുന്നത്.  മൂന്ന് മാസം കൊണ്ട് പ്ലാന്റ് പൂർത്തിയാക്കാനാവും.  പ്രതിദിനം 1000 ഇഷ്ടികകൾ നിർമ്മിക്കാൻ ശേഷിയുള്ള സംരംഭം ആണ് പ്രാരംഭ ലക്ഷ്യം.  പി.പി.ചിത്തരഞ്ജൻ എം.എൽ.എ ചടങ്ങിൽ സന്നിഹിതനായിരുന്നു.