Trending Now

അഡ്വ. എ. എം. അജി ഫൗണ്ടേഷൻ അവാർഡ് അഡ്വ: ജിതേഷ്ജിക്ക്

 

 

konnivartha.com : പത്തനംതിട്ട സി. പി. ഐ. ജില്ലാ കമ്മറ്റിയംഗവും ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ലോയേഴ്‌സ് ജില്ലാ സെക്രട്ടറിയുമായിരുന്ന അഡ്വ. എ. എം. അജിയുടെ സ്മരണയ്ക്കായി അഡ്വ. എ. എം. അജി ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ
ആറാമത് അവാര്‍ഡിന്
അതിവേഗ രേഖാചിത്രകാരനും ഭൗമശിൽപിയും ഇക്കോ-ഫിലോസഫറുമായ അഡ്വ: ജിതേഷ്ജിയെ തെരഞ്ഞെടുത്തു.
10,001 രൂപയും, ശില്‍പവും, പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.
ചിത്രകലയുടെ അരങ്ങിലെ ആവിഷ്കാരമായ വരയരങ്ങ്‌ നവകലാരൂപത്തിന്റെ ആവിഷ്കർത്താവ്‌,
ഹരിതാശ്രമം ഇക്കോസഫി & ബയോ ഡൈവേഴ്സിറ്റി സെന്റർ ഡയറക്റ്റർ എന്നീ നിലകളിലും ശ്രദ്ധേയനാണു ജിതേഷ്ജി.

2008 ൽ അഞ്ച്‌ മിനിറ്റിനുള്ളിൽ അൻപത്‌ പ്രശസ്തരുടെ ചിത്രങ്ങൾ ഇരുകൈകളും ഒരേസമയം ഒരുപോലെയുപയോഗിച്ച്‌ ‌ അരങ്ങിൽ വരച്ചവതരിപ്പിച്ച്‌ വരവേഗവിസ്മയത്തിൽ
ലോകറെക്കാർഡ്‌ സൃഷ്ടിച്ചിട്ടുള്ള ജിതേഷ്ജി ഇരുപതിലേറെ രാജ്യങ്ങളിലെ അന്താരാഷ്ട്ര വേദികളിൽ സ്പീഡ്‌ കാർട്ടൂൺ സ്റ്റേജ്‌ ഷോയും സചിത്രപ്രഭാഷണവും നടത്തിയിട്ടുണ്ട്‌.

 

അന്താരാഷ്ട്ര സെലിബ്രിറ്റി റാങ്കിംഗ്‌ സ്ഥാപനമായ അമേരിക്കൻ റാങ്കർ ഡോട്‌ കോം 2019 ൽ ഇന്ത്യയിലെ റ്റോപ്‌ 10 ചിത്രകാരന്മാരുടെ പട്ടികയിൽ ഉൾപ്പെടുത്തി ആദരിച്ചിട്ടുണ്ട്‌ ഈ പത്തനംതിട്ട ജില്ലക്കാരനെ.
കലാ-സാംസ്‌ക്കാരിക പ്രവര്‍ത്തനം, ജീവകാരുണ്യ പ്രവര്‍ത്തനം, പരിസ്ഥിതി സംരക്ഷണം, നിയമബോധന പ്രവര്‍ത്തനം, ജൈവകൃഷി പ്രോത്സാഹനം എന്നീ മേഖലകളില്‍ സമഗ്ര സംഭാവന നല്‍കുന്ന ശ്രദ്ധേയവ്യക്തികൾക്കാണു എല്ലാ വര്‍ഷവും അവാര്‍ഡ് നല്‍കുന്നത്.

 

മുന്‍ വര്‍ഷങ്ങളില്‍ പുനലൂര്‍ സോമരാജന്‍, ഡോ: ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപൊലീത്ത, ഡോ: എം. എസ്. സുനില്‍, സംവിധായകൻ ഡോ: ബിജു, പുസ്തകപ്രസാധകൻ ഉണ്മ മോഹൻ എന്നിവരെയാണ് അവാര്‍ഡിന് തെരെഞ്ഞെടുത്തത്. അഡ്വ: എ. എം. അജിയുടെ ചരമദിനമായ ഒക്‌ടോബര്‍ 12 ന് രാവിലെ 11.30 മണിക്ക് പത്തനംതിട്ട പ്രസ്സ് ക്ലബ്ബില്‍ വച്ച്
സി. പി. ഐ. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. കെ. പ്രകാശ് ബാബു Ex MLA
അവാര്‍ഡ് ദാനം നിര്‍വ്വഹിക്കുമെന്ന് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എ. പി. ജയൻ
കണ്‍വീനര്‍ അഡ്വ: എ ജയകുമാർ എന്നിവർ അറിയിച്ചു