കോന്നി വാര്‍ത്ത ഡോട്ട് കോം : നവരാത്രി ആഘോഷങ്ങൾക്കും പൂജകൾക്കും മുന്നോടിയായി നവരാത്രിവിഗ്രഹങ്ങളുടെ എഴുന്നള്ളത്തിന് തുടക്കമായി. ഞായർ രാവിലെ 7.30 ന് പത്മനാഭപുരം കൊട്ടാരത്തിലെ ഉപ്പിരിക്കമാളികയിൽ ഘോഷയാത്രയോടനുബന്ധിച്ച സുപ്രധാന ചടങ്ങായ ഉടവാൾ കൈമാറ്റം നടന്നു.
ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ ആചാരപ്രകാരം ഉടവാൾ കൈമാറി. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി, കേന്ദ്ര മന്ത്രി വി മുരളീധരൻ, എം.എൽ.എമാരായ സി കെ ഹരീന്ദ്രൻ കെ ആൻസലൻ, എം വിൻസെന്റ് എന്നിവർ സന്നിഹിതരായിരുന്നു.
തിങ്കൾ രാവിലെ ഘോഷയാത്രയ്ക്ക് കളിയിക്കാവിളയിലെ തിരുവനന്തപുരം ജില്ലാതിർത്തിയിൽ കേരള പൊലീസ്, ദേവസ്വം, റവന്യൂ വകുപ്പുകളുടെ നേതൃത്വത്തിൽ സ്വീകരണം നൽകും. ഘോഷയാത്ര തിരുവനന്തപുരത്ത് എത്തുന്നതോടെ ഒമ്പത് ദിവസം നടക്കുന്ന പൂജകൾക്ക് തുടക്കമാകും. നവരാത്രി പൂജകൾക്ക് ശേഷം വിഗ്രഹങ്ങൾ പൂർവസ്ഥാനങ്ങളിലേക്ക് തിരികെ എഴുന്നെള്ളും.