റോഡുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളിലെ കാലതാമസം പരിഹരിക്കുന്നതിന് പ്രത്യേക യോഗം വിളിക്കണമെന്ന് ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍ദേശിച്ചു. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പറക്കോട്-കൊടുമണ്‍, ഇവി റോഡ് ഉള്‍പ്പെടെയുള്ള നിരത്തുകളുടെ നവീകരണം വൈകുന്നത് ജനങ്ങളെ ഏറെ ബുദ്ധിമുട്ടിക്കുന്നുണ്ട്. ഇതിനു പരിഹാരം കാണുന്നതിന് വാട്ടര്‍ അതോറിറ്റി, പൊതുമരാമത്ത് നിരത്ത് വിഭാഗം, കിഫ്ബി പ്രതിനിധികളുടെ യോഗം കളക്ടറേറ്റില്‍ ചേരുന്നതിനും ഡെപ്യുട്ടി സ്പീക്കര്‍ നിര്‍ദേശിച്ചു.
പറന്തല്‍ വലിയതോട്, പന്തളം സിഎം ആശുപത്രിക്ക് എതിര്‍വശത്തെ തോട്, പന്തളം തെക്കേക്കര പഞ്ചായത്തിലെ തോലൂഴം പ്രദേശത്തെ തോട് എന്നിവ നിറഞ്ഞ് സമീപത്തെ വീടുകളില്‍ വെള്ളം കയറുന്നതിന് പരിഹാരമായി ആഴം കൂട്ടി സംരക്ഷണ ഭിത്തികള്‍ നിര്‍മിക്കുന്നതിന് മൈനര്‍ ഇറിഗേഷന്‍ വകുപ്പ് എസ്റ്റിമേറ്റ് തയാറാക്കണം. ഏഴംകുളം പഞ്ചായത്തിലെ കരിഞ്ചേറ്റില്‍ പാലത്തിന്റെ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കണം. അറുകാലിക്കല്‍ ഗവ. എല്‍പിഎസ്, ഇളങ്ങമംഗലം ഗവ. എല്‍പിഎസ്, അറന്തകുളങ്ങര ഗവ. എല്‍പിഎസ്, ബിഎച്ച്എസ് അടൂര്‍, ജിഎച്ച്എസ് അടൂര്‍ എന്നിവിടങ്ങളില്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നടത്തുന്ന അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ വേഗം പൂര്‍ത്തിയാക്കണമെന്നും ഡെപ്യുട്ടി സ്പീക്കര്‍ നിര്‍ദേശിച്ചു.
പ്ലാപ്പള്ളി-ആങ്ങമൂഴി കുടിവെള്ള പദ്ധതിയുടെ പൈപ്പ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് റോഡ് കുഴിച്ചതുമൂലം ജനങ്ങള്‍ക്ക് യാത്ര ചെയ്യാന്‍ കഴിയാത്ത സ്ഥിതിയാണെന്നും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഒക്ടോബര്‍ 15ന് അകം പൂര്‍ത്തിയാക്കണമെന്നും അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ നിര്‍ദേശിച്ചു.
കോന്നി, പത്തനംതിട്ട, അടൂര്‍ യൂണിറ്റുകളില്‍ നിന്നും 18 ട്രിപ്പുകള്‍ കോന്നി മെഡിക്കല്‍ കോളജിലേക്ക് ക്രമീകരിച്ചിട്ടുണ്ടെന്നും രണ്ടു സര്‍വീസുകള്‍ക്കു കൂടിയുള്ള അനുമതിക്കായി ചീഫ് ഓഫീസിലേക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ എംഎല്‍എയെ അറിയിച്ചു. കോന്നി മെഡിക്കല്‍ കോളജ് റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടി വേഗമാക്കണം. കോന്നി മണ്ഡലത്തിലെ റോഡ് നവീകരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും എംഎല്‍എ പറഞ്ഞു.
ചെറുകോല്‍പ്പുഴയില്‍ ചട്ടമ്പി സ്വാമികളുടെ പേരില്‍ സാംസ്‌കാരിക സമുച്ചയം സ്ഥാപിക്കുന്നതിന് സ്ഥലത്തിന്റെ ലഭ്യത സംബന്ധിച്ച് വിവരം നല്‍കണമെന്ന് അഡ്വ. പ്രമോദ് നാരായണന്‍ എംഎല്‍എ റാന്നി തഹസീല്‍ദാര്‍ക്ക് നിര്‍ദേശം നല്‍കി. പ്രകൃതിക്ഷോഭം മൂലം സംരക്ഷണ ഭിത്തി തകരുന്നതുമായി ബന്ധപ്പെട്ട് കളക്ടര്‍ക്ക് വിനിയോഗിക്കാവുന്ന ഫണ്ട് അനുവദിക്കണമെന്ന് റവന്യു മന്ത്രിയോട് അഭ്യര്‍ഥിച്ചതായി എംഎല്‍എ പറഞ്ഞു. കുമ്പളാംപൊയ്ക പാലത്തിന്റെ കൈവരികളും പാരപ്പറ്റും തകര്‍ന്നത് രണ്ട് ആഴ്ചയ്ക്കകം പുതുക്കി നിര്‍മിക്കാമെന്ന് പൊതുമരാമത്ത് പാലം ഉപവിഭാഗം എക്സിക്യുട്ടീവ് എന്‍ജിനിയര്‍ അറിയിച്ചു. വടശേരിക്കരയിലെ ടൂറിസം വകുപ്പിന്റെ കെട്ടിടത്തിന്റെ നവീകരണം വേഗം പൂര്‍ത്തിയാക്കണം. റാന്നി വലിയപാലത്തിന്റെ അപ്രോച്ച് റോഡിന് സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് 11(1) വിജ്ഞാപനം ഉടന്‍ ഇറക്കണം. അയിരൂര്‍ മേഖലയിലെ വോള്‍ട്ടേജ് ക്ഷാമത്തിന് പരിഹാരം കാണണം. റാന്നി മിനി സിവില്‍ സ്റ്റേഷന്റെ നിര്‍മാണ പ്രവൃത്തികള്‍ ആരംഭിക്കണമെന്നും എംഎല്‍എ നിര്‍ദേശിച്ചു.
ഉള്‍പ്രദേശങ്ങളില്‍ ഉള്‍പ്പെടെ ജില്ലയിലെ എല്ലാ പൊതുമരാമത്ത് റോഡുകളിലും ദിശാ ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. ഉള്‍പ്രദേശങ്ങളില്‍ ദിശാ ബോര്‍ഡുകള്‍ ഇല്ലാത്തത് യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. റോഡുകളിലേക്ക് ഇറക്കി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് ഗതാഗത കുരുക്കിന് ഇടയാക്കുന്നുണ്ട്. ഇങ്ങനെ ചെയ്യുന്നവര്‍ക്കെതിരേ ട്രാഫിക് പോലീസ് നിയമ നടപടി സ്വീകരിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
പത്തനംതിട്ട ജില്ലയില്‍ കോവിഡ് വാക്സിനേഷന്‍ മികച്ച നിലയിലാണ് നടക്കുന്നതെന്ന് ആന്റോ ആന്റണി എംപിയുടെ പ്രതിനിധി അഡ്വ.കെ. ജയവര്‍മ്മ പറഞ്ഞു. കിടപ്പു രോഗികള്‍ക്ക് വീട്ടിലെത്തി വാക്സിന്‍ നല്‍കുന്നതില്‍ കോവിഷീല്‍ഡ് കൂടി ലഭ്യമാക്കണം. കാഞ്ഞീറ്റുകര, എഴുമറ്റൂര്‍ സിഎച്ച്സികളില്‍ കിടത്തി ചികിത്സയ്ക്ക് സൗകര്യം ഏര്‍പ്പെടുത്തണം. കെഎസ്ആര്‍ടിസി നിര്‍ത്തിയ രാത്രികാലത്തേത് ഉള്‍പ്പെടെ എല്ലാ സര്‍വീസുകളും പുനരാരംഭിക്കണം. ബാങ്കുകള്‍ വിദ്യാഭ്യാസ വായ്പകള്‍ നല്‍കുന്നത് ഉറപ്പാക്കുന്നതിന് ലീഡ് ബാങ്ക് നടപടിയെടുക്കണം. എഴുമറ്റൂര്‍ ഉള്‍പ്പെടെ ജില്ലയിലെ അടഞ്ഞു കിടക്കുന്ന എടിഎം സെന്ററുകള്‍ വീണ്ടും പ്രവര്‍ത്തിപ്പിക്കണം. ക്വാറികളും ക്രഷറുകളുമായി ബന്ധപ്പെട്ട മലിനീകരണം തടയുന്നതിന് നടപടിയെടുക്കണം. ക്വാറികളിലെ വഴികളില്‍ അപകടസൂചന നല്‍കുന്ന ബോര്‍ഡ് സ്ഥാപിക്കണം. കൊറ്റനാട്, സീതത്തോട് സര്‍വീസ് സഹകരണ ബാങ്കുകളിലെ നിക്ഷേപകരുടെ ആശങ്ക പരിഹരിക്കണം. പടുതോട് – ബാസ്റ്റോ റോഡിന്റെ നിര്‍മാണത്തില്‍ അപാകതയുണ്ടെന്നും അന്വേഷണം നടത്തണമെന്നും എംപിയുടെ പ്രതിനിധി പറഞ്ഞു.
ഫയല്‍ നീക്കം വേഗത്തിലാക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. എഴുമറ്റൂര്‍, തടിയൂര്‍ മേഖലകളില്‍ കാറ്റില്‍ കനത്ത നാശനഷ്ടം നേരിട്ടവര്‍ക്ക് വിതരണം ചെയ്യുന്നതിനുള്ള നഷ്ടപരിഹാരം തഹസീല്‍ദാര്‍മാര്‍ക്ക് കൈമാറിയിട്ടുണ്ട്. എംഎല്‍എമാരുമായി ബന്ധപ്പെട്ട ശേഷം തഹസീല്‍ദാര്‍മാര്‍ ഇതിന്റെ വിതരണം നടത്തണമെന്നും കളക്ടര്‍ പറഞ്ഞു.
എഡിഎം അലക്സ് പി. തോമസ്, അസിസ്റ്റന്‍ഡ് കളക്ടര്‍ സന്ദീപ് കുമാര്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സാബു സി മാത്യു, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.