Trending Now

പത്തനംതിട്ട ജില്ലയിലെ വിദ്യാലയങ്ങള്‍ തുറക്കുന്നതിന് ആവശ്യമായ മുന്നൊരുക്കങ്ങള്‍ വിലയിരുത്തി

 

പത്തനംതിട്ട ജില്ലയിലെ വിദ്യാലയങ്ങള്‍ തുറക്കുന്നതിന് ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്താന്‍ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിദ്യാഭ്യാസവകുപ്പ് മേധാവികളെയും ജനപ്രതിനിധികളെയും പങ്കെടുപ്പിച്ച് ആലോചനായോഗം ചേര്‍ന്നു. നവംബര്‍ ഒന്നു മുതല്‍ വിദ്യാലയങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് യോഗം ചേര്‍ന്നത്.

ഒന്നര വര്‍ഷമായി സ്‌കൂളുകള്‍ അടഞ്ഞുകിടക്കുന്നത് മൂലമുണ്ടായ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനും സ്‌കൂളുകളുടെ അറ്റകുറ്റപ്പണികളും ശുചീകരണവും ഏറ്റെടുത്ത് നടത്താനും തദ്ദേശഭരണ സ്ഥാപനങ്ങളും അധ്യാപക- രക്ഷകര്‍തൃ സംഘടനയും നാട്ടുകാരും യോജിച്ചു പ്രവര്‍ത്തിക്കണമെന്ന് യോഗം വിലയിരുത്തി. ചില സ്‌കൂളുകളില്‍ കോവിഡ് കെയര്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നത് നിര്‍ത്തലാക്കണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. സ്‌കൂള്‍ തുറക്കുന്നതിനു മുന്നോടിയായി സ്‌കൂള്‍ കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു.

 

എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും നിലവിലുള്ള വിദ്യാഭ്യാസ സമിതികള്‍ ഒക്ടോബര്‍ അഞ്ചിന് മുന്‍പ് യോഗം ചേര്‍ന്ന് മുന്നൊരുക്കങ്ങള്‍ സ്വീകരിക്കണം. എല്ലാ സ്‌കൂളുകളിലും പിടിഎ യോഗങ്ങള്‍ ഒക്ടോബര്‍ 10ന് മുമ്പ് പൂര്‍ത്തീകരിക്കണം.

ജനപ്രതിനിധികളും വിദ്യാഭ്യാസ വകുപ്പ് മേധാവികളും ചേര്‍ന്ന് എല്ലാ വിദ്യാലയങ്ങളിലും നടപ്പാക്കേണ്ട പ്രവൃത്തികളെ സംബന്ധിച്ച് കര്‍മ്മ പദ്ധതി തയ്യാറാക്കണം. ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണം. സ്‌കൂള്‍ വാഹനങ്ങള്‍ പരിശോധിച്ച് ആവശ്യമായ അറ്റകുറ്റപ്പണി നടത്തണം. പ്രാദേശികതലത്തില്‍ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ രക്ഷിതാക്കള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ഹരിത കര്‍മസേന അംഗങ്ങള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവരെ ശുചീകരണ പ്രവര്‍ത്തനത്തില്‍ ചേര്‍ക്കണമെന്ന് യോഗം തീരുമാനിച്ചു.

ജനപ്രതിനിധികളുടെ സ്‌കൂള്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരനും വിദ്യാഭ്യാസ വകുപ്പ് മേധാവികളും ചേര്‍ന്ന് അടൂര്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌കൂളില്‍ ഒക്‌ടോബര്‍ നാലിന് സന്ദര്‍ശനം നടത്തി പര്യടന പരിപാടിക്ക് തുടക്കം കുറിക്കും. തുടര്‍ന്ന് ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലും ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തി വിവിധ ആവശ്യങ്ങള്‍ അടങ്ങുന്ന റിപ്പോര്‍ട്ട് തയ്യാറാക്കും.

 

സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡിന് തെരഞ്ഞെടുത്ത അധ്യാപകരെ മൊമന്റോ നല്‍കി യോഗത്തില്‍ അനുമോദിച്ചു. കലഞ്ഞൂര്‍ ഗവ. എല്‍.പി.എസ് പ്രധാന അധ്യാപകന്‍ വി. അനില്‍, മേക്കൊഴൂര്‍ എം.ടി.എച്ച്.എസ് പ്രധാന അധ്യാപകന്‍ ടി. രാജീവന്‍ നായര്‍, കൈപ്പട്ടൂര്‍ ഗവ. വി.എച്ച്.എസ്.എസ് പ്രിന്‍സിപ്പല്‍ വി. പ്രിയ, തുമ്പമണ്‍ എം.ജി.എച്ച്.എസ്.എസ് അധ്യാപകന്‍ സജി വര്‍ഗീസ് എന്നിവരെയാണ് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ അനുമോദിച്ചത്.

ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വൈസ് പ്രസിഡന്റ് രാജി പി. രാജപ്പന്‍, തിരുവല്ല നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബിന്ദു ജയകുമാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ബീനാ റാണി, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍, ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വിനോദ് കുമാര്‍, കുടുംബശ്രീ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.