അര്‍ഹതയുള്ളവരെ കണ്ടെത്തി പട്ടയം ലഭ്യമാക്കാനുള്ള
നടപടികള്‍ സ്വീകരിക്കണം: ഡെപ്യൂട്ടി സ്പീക്കര്‍
കോന്നി വാര്‍ത്ത ഡോട്ട് കോം : പട്ടയം ലഭിക്കുവാന്‍ അര്‍ഹതയുള്ളവരെ ഇനിയും കണ്ടെത്തി അവര്‍ക്കും പട്ടയം ലഭ്യമാക്കാനുള്ള നടപടികള്‍ റവന്യു വകുപ്പ് സ്വീകരിക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി അടൂര്‍ താലൂക്ക് പട്ടയവിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാവര്‍ക്കും പട്ടയം എല്ലാവര്‍ക്കും വീട് എന്നതാണ് സര്‍ക്കാര്‍ നയം. റവന്യു വകുപ്പ് നിയോജക മണ്ഡലത്തില്‍ പട്ടയം ലഭിക്കാനുള്ള ആളുകളെ കണ്ടെത്തി അവര്‍ക്കും പട്ടയം ലഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം. 16 കുടുംബങ്ങള്‍ക്കു കൂടിയുള്ള പട്ടയ വിതരണത്തിനുള്ള ശ്രമം അവസാന ഘട്ടത്തിലാണെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.
അടൂര്‍ താലൂക്കില്‍ നാല് ലാന്‍ഡ് ട്രൈബ്യൂണല്‍ പട്ടയമാണ് വിതരണം ചെയ്തത്. താലൂക്കിലെ ആദ്യ പട്ടയം കിഴക്കേക്കുഴിയിലാണിയില്‍ കെ.ഉണ്ണിക്ക് ഡെപ്യൂട്ടി സ്പീക്കര്‍ കൈമാറി.
സംസ്ഥാന സര്‍ക്കാരിന്റെ ‘എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്’ എന്ന ലക്ഷ്യം നിറവേറ്റുന്നതിന്റെ ഭാഗമായാണ് റവന്യൂ വകുപ്പ് നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി ജില്ലയിലെ എല്ലാ താലൂക്ക്‌കേന്ദ്രങ്ങളിലും പട്ടയമേള സംഘടിപ്പിച്ചത്.
പന്തളം നഗരസഭ ചെയര്‍പേഴ്‌സണ്‍ സുശീല സന്തോഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ അടൂര്‍ ആര്‍ഡിഒ എ. തുളസീധരന്‍ പിള്ള, ഭൂരേഖ തഹസില്‍ദാര്‍ ഡി.സന്തോഷ് കുമാര്‍, അടൂര്‍ തഹസില്‍ദാര്‍ ജോണ്‍ സാം തുടങ്ങിയവര്‍ പങ്കെടുത്തു.