Trending Now

‘കോന്നി ഫിഷ്’ പദ്ധതിയുടെ ഉദ്ഘാടനം സെപ്റ്റംബർ പത്തിന് നടക്കും

 

കോന്നി വാര്‍ത്ത ഡോട്ട് കോം : ‘കോന്നി ഫിഷ്’ പദ്ധതി യുടെ ഉദ്ഘാടനം സെപ്റ്റംബർ 10 വെള്ളിയാഴ്ച ഉച്ചയ്ക്ക് 12ന് സീതത്തോട് പഞ്ചായത്തിലെ ആനത്തോട് ഡാം പരിസരത്ത് ഫിഷറീസ് വകുപ്പു മന്ത്രി സജി ചെറിയാൻ നിർവ്വഹിക്കുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു.

കോന്നി നിയോജക മണ്ഡലത്തിലെ പട്ടികവർഗ്ഗ കുടുംബങ്ങളുടെ ശാക്തീകരണം മുൻനിർത്തിയും, കോന്നിയിലെ ജനങ്ങൾക്ക് ഗുണനിലവാരമുള്ള മത്സ്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയുമാണ് എം.എൽ.എയുടെ നേതൃത്വത്തിൽ കോന്നി ഫിഷ് പദ്ധതി നടപ്പിലാക്കുന്നത്.
എം.എൽ.എ ആനത്തോട് ഡാമിലെത്തി കൂട് നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തി.

കോന്നി നിയോജക മണ്ഡലത്തിലെ കക്കി, ആനത്തോട് ഡാമുകളുടെ പരിസരത്ത് താമസിക്കുന്ന പട്ടികവർഗ്ഗ വിഭാഗത്തിൽ പെട്ട 100 തൊഴിലാളികളെയാണ് ഇതിൻ്റെ ഗുണഭോക്താക്കളായി തെരഞ്ഞെടുത്തിട്ടുള്ളത്. ഫിഷറീസ് വകുപ്പിൻ്റെ നിയന്ത്രണത്തിലുള്ള ജലകൃഷി വികസന ഏജൻസി (അഡാക്ക്) നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുകയാണ്.
ആദ്യ ഘട്ടമായി ആനത്തോട് ഡാം റിസർവോയറിൻ്റെ മധ്യഭാഗത്തായി 100 കൂട് സ്ഥാപിച്ച് അതിലാണ് മത്സ്യകൃഷി ആരംഭിക്കുന്നത്.നാല് കോടി രൂപയാണ് പദ്ധതി ചെലവ്. ഓരോ കൂടിനും 6 മീറ്റർ നീളവും, 4 മീറ്റർ വീതിയും, നാല് മീറ്റർ താഴ്ചയും ഉണ്ടാകും.

ഹൈ ഡെൻസിറ്റി പോളി എഥിലീൻ ഉപയോഗിച്ചാണ് കൂട് നിർമ്മിച്ചിരിക്കുന്നത്. ബംഗളുരു ആസ്ഥാനമായുള്ള ആർ.വി.ആർ എന്ന കമ്പനിയാണ് കൂടുകളുടെ നിർമ്മാണം കരാറെടുത്ത് പൂർത്തിയാക്കിയത്.
തദ്ദേശീയ മത്സ്യങ്ങളെ മാത്രമായിരിക്കും വളർത്തുക.അനബാസ് (കൈതക്കോര), കരിമീൻ എന്നീ മത്സ്യങ്ങളാണ് ഇപ്പോൾ കൃഷി ചെയ്യുന്നത്.

ഒരു കൂട്ടിൽ 3000 മത്സ്യ കുഞ്ഞുങ്ങളെയാകും നിക്ഷേപിക്കുക. വരും വർഷങ്ങളിൽ കൂടുതൽ കൂടുകൾ സ്ഥാപിച്ച് പദ്ധതി വിപുലമാക്കും.
വിളവെടുക്കുന്ന മത്സ്യം കോന്നി നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ മത്സ്യഫെഡ് സഹായത്തോടെ സ്ഥാപിക്കുന്ന കേന്ദ്രങ്ങളിലൂടെയായിരിക്കും വിപണനം നടത്തുക.

കൂടുകളിൽ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നതു മുതൽ അതിൻ്റെ പരിപാലനത്തിൽ ഏർപ്പെടുന്ന പട്ടികവർഗ്ഗ തൊഴിലാളികൾക്ക് പ്രതിദിനം 400 രൂപ വീതം കൂലി ലഭിക്കും. മത്സ്യവിപണനത്തിലൂടെ ലഭിക്കുന്ന ലാഭവും 100 പട്ടികവർഗ്ഗ കുടുംബങ്ങൾക്കായിരിക്കും.
ഗുണഭോക്താക്കളായി തെരഞ്ഞെടുത്തിട്ടുള്ള പട്ടികവർഗ്ഗ കുടുംബങ്ങൾ ആനത്തോട് ഡാം പരിസരത്ത് കുടിൽ കെട്ടി താമസം ആരംഭിച്ചിട്ടുണ്ട്. ഡാമിൻ്റെ നടുക്കായി തയ്യാറാക്കിയിട്ടുള്ള കൂടുകളിലേക്ക് പോകുന്നതിനാവശ്യമായ മുളം ചെങ്ങാടങ്ങളും ഇവർ തയ്യാറാക്കിയിട്ടുണ്ട്.

മത്സ്യ കൂടും, വളർത്തലുമെല്ലാം ടൂറിസ്റ്റുകളെ ആകർഷിക്കുന്ന മനോഹര കാഴ്ചകളുമാണ്.ഗവിയിലേക്ക് എത്തുന്ന ടൂറിസ്റ്റുകൾക്ക് ഇത് കാണാനും, മത്സ്യ വിഭവങ്ങൾ തയ്യാറാക്കി നല്കാനുമുള്ള സൗകര്യവും ഇവിടെ സജ്ജമാക്കുന്നുണ്ട്.

പട്ടികവർഗ്ഗ ജനവിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യം വച്ച് നടപ്പിലാക്കുന്ന ‘കോന്നി ഫിഷ്’ പദ്ധതി നാടിന് ഒരു മാതൃകയായി മാറുമെന്ന് എം.എൽ.എ പറഞ്ഞു. ഗുണമേന്മയുള്ള മത്സ്യം കോന്നിയിലെ ജനങ്ങൾക്ക് കുറഞ്ഞ വിലയിൽ ലഭ്യമാക്കാനും പദ്ധതിയിലൂടെ കഴിയും. നൂതന ആശയങ്ങളിലൂടെ അടിസ്ഥാന ജനവിഭാഗങ്ങളുടെ വികസനവും, അതിലൂടെ നാടിൻ്റെ പുരോഗതിയുമാണ് ലക്ഷ്യം വയ്ക്കുന്നതെന്നും എം.എൽ.എ പറഞ്ഞു.

error: Content is protected !!