കോന്നി വാര്‍ത്ത : സംസ്ഥാനതല ഉദ്ഘാടനത്തോടൊപ്പം പത്തനംതിട്ട ജില്ലയിലെ 25 തദ്ദേശസ്ഥാപനങ്ങളിലെ 29 ടേക്ക് എ ബ്രേക്ക് ടോയ്‌ലറ്റ് സമുച്ചയങ്ങളും വിശ്രമകേന്ദ്രങ്ങളും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ ഓണ്‍ലൈനായി (സെപ്റ്റംബര്‍ 7 ചൊവ്വ) ഉദ്ഘാടനം ചെയ്യും. ശേഷിക്കുന്നവയുടെ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുകയാണ്. നേരത്തേയുള്ളവയുടെ നവീകരണവും പുതുതായി നിര്‍മ്മിച്ചവയും ഉദ്ഘാടനം ചെയ്യുന്നവയില്‍ ഉള്‍പ്പെടും.
സ്ഥലസൗകര്യമുള്ള കേന്ദ്രങ്ങളില്‍ ശുചിമുറി കേന്ദ്രത്തോടനുബന്ധമായി കോഫീ ഷോപ്പ്, വിശ്രമകേന്ദ്രങ്ങള്‍ എന്നിവകൂടി പ്രവര്‍ത്തിപ്പിക്കും. തദ്ദേശസ്ഥാനങ്ങളുടെ ഫണ്ടും ശുചിത്വമിഷന്‍ ഫണ്ടുമാണ് പദ്ധതിക്കായി ഉപയോഗിച്ചിട്ടുള്ളത്. വഴിയിടം എന്ന പേരിലാണ് ടേക്ക് എ ബ്രേക്ക് ടോയ്‌ലറ്റ് സമുച്ചയങ്ങള്‍ അറിയപ്പെടുക.
നിര്‍മ്മാണം മൂന്ന് തരങ്ങളില്‍
സ്ഥലലഭ്യത, സൗകര്യങ്ങള്‍, ഉപയോഗിക്കാന്‍ സാധ്യതയുള്ളവരുടെ എണ്ണം എന്നിവയുടെ അടിസ്ഥാനത്തില്‍ ബേസിക്, സ്റ്റാന്‍ഡേര്‍ഡ്, പ്രീമിയം എന്നീ മൂന്നു രീതികളിലാണ് ടോയ്‌ലറ്റ് സമുച്ചയങ്ങള്‍ സജ്ജീകരിച്ചിരിക്കുന്നത്. പ്രീമിയം തലത്തില്‍ വിശ്രമകേന്ദത്തോടൊപ്പം കോഫി ഷോപ്പും പ്രവര്‍ത്തിപ്പിക്കാം. തദ്ദേശസ്ഥാപനങ്ങളിലെ എന്‍ജിനീയറിംഗ് വിഭാഗത്തിനാണു നിര്‍മ്മാണ ചുമതല. പൂര്‍ത്തീകരിക്കുന്ന ടോയ്‌ലറ്റ് സമുച്ചയങ്ങളുടെ പരിപാലന ചുമതല തദ്ദേശസ്ഥാപനങ്ങളുമായുള്ള കരാറിന്റെ അടിസ്ഥാനത്തില്‍ പേ ആന്റ് യൂസ് മാതൃകയില്‍ കുടുംബശ്രീ യൂണിറ്റുകളാണ് നിര്‍വഹിക്കുക.
വഴിയിടം ബോര്‍ഡ്, നാപ്കിന്‍ ഡിസ്‌ട്രോയര്‍ യൂണിറ്റ്, വാഷ് ബേസിന്‍, കണ്ണാടി തുടങ്ങിയവ സജ്ജീകരിച്ച് യാത്രക്കാര്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ ഉപയോഗിക്കത്തക്കവണ്ണമാണ് പ്രോജക്ട് വിഭാവനം ചെയ്തിട്ടുള്ളത്. ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും നിര്‍മ്മാണം പുരോഗമിച്ചുവരികയാണ്ണെ് ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.ഇ.വിനോദ് കുമാര്‍ പറഞ്ഞു.
ജില്ലയിലെ കേന്ദ്രങ്ങള്‍
നഗരസഭകള്‍- അടൂര്‍, പത്തനംതിട്ട.
ഗ്രാമപഞ്ചായത്തുകള്‍- ആനിക്കാട്, കോട്ടാങ്ങല്‍, റാന്നി-പെരുനാട്, മല്ലപ്പള്ളി, ചിറ്റാര്‍, നാറാണംമൂഴി, വെച്ചൂച്ചിറ, കുളനട, പന്തളം-തെക്കേക്കര, മലയാലപ്പുഴ, വള്ളിക്കോട്, പ്രമാടം, സീതത്തോട്, റാന്നി-പഴവങ്ങാടി, ഓമല്ലൂര്‍, ഇരവിപേരൂര്‍, നെടുമ്പ്രം, കല്ലൂപ്പാറ, കുന്നന്താനം, കടമ്പനാട്, ഏനാദിമംഗലം, മെഴുവേലി, നിരണം.