കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട കൊച്ചുകോയിക്കൽ ഫോറസ്റ്റ് സ്റ്റേഷനിലെ കുട്ടിയാന കൊച്ചുകോയിക്കൽ ” കണ്ണൻ” ഹാപ്പിയാണ്.
വനപാലകരുടെ സംക്ഷണയിലാണ് അവൻ. ദിവസവും രാവിലെ കുളി അതു കഴിഞ് ഒലി വോയിൽ തേച്ച് കുണുങ്ങി കുണുങ്ങി ഒരു നടപ്പ് അത് കണ്ടാൽ ആരും ഒന്നു നോക്കി പോവും. അത്രയ്ക്കു സുന്ദരനാണ് കൊച്ചു കോയിക്കൽ ” കണ്ണൻ” എന്ന കുട്ടിയാന.
അമ്മയാന അടുത്തില്ലങ്കിലും അവൻ വനപാലകരുടെ സംരക്ഷണയിൽ സദാ സമയം ഹാപ്പിയാണ്. കൊച്ചുകോയിക്കൽ ഫോറസ്റ്റ് സ്റ്റേഷനിലെ പ്രത്യേക കൂട്ടിലാണ് വനപാലകർ സംരക്ഷിച്ചു വളർത്തുന്നത്.ദിവസവും രണ്ടര മണിക്കൂർ ഇടവിട്ട് പാലും മറ്റ് പോഷകാഹാരങ്ങളും നൽകുന്നുണ്ട്. ലാക്ടോജൻ 150 ഗ്രാം, കോക്കനട്ട് പൗഡർ 100 ഗ്രാം, ഗ്ലൂക്കോസ് 150 ഗ്രാം, പ്രോട്ടിൻ പൗഡർ 10 ഗ്രാം, സൺ ഫ്ലവർ ഓയിൽ 10 മില്ലിഗ്രാം വീതം തിളപ്പിച്ചാറ്റിയ വെള്ളത്തിൽ കലക്കി കൊടുക്കുന്നത്. ഇതിനിടയിൽ ഒരു ലിറ്റർ വെള്ളത്തിൽ ഒരു പായ്ക്കറ്റ് ഒ ആർ എസ് പൊടിയും കലക്കി കൊടുക്കും. കൂടാതെ പൊടിയരി, ഏത്തപ്പഴം, ശർക്കര, ക്യാരറ്റ് എന്നിവ പുഴുങ്ങി പാനിയായിട്ട് കൊടുക്കും.ആരോഗ്യ സ്ഥിതിയിൽ പൂർണ തൃപ്തരാണ്.
ആങ്ങമൂഴി കിളിയെറിഞ്ഞാൻകല്ല് ചെക്ക് പോസ്റ്റിനു സമീപം ജനവാസ കേന്ദ്രത്തിൽ ആഗസ്റ്റ് 19 ന് വ്യാഴാഴ്ച ഉച്ചയ്ക്കാണ് ഒന്നര വയസ്സ് പ്രായം വരുന്ന കുട്ടിക്കൊമ്പനെ കാണുന്നത്.കുറെ സമയം നാട്ടുകാർക്കൊപ്പം ഓടി കളിച്ചും വെള്ളച്ചാട്ടത്തിൽ ചാടി മറിഞ്ഞും ആർത്തുല്ലസിച്ച് നടന്ന കുട്ടിയാനയെ ഏറെ പണിപ്പെട്ടാണ് വനപാലകർ വരുതിയിലാക്കിയത്.
തേവർമല വനത്തിന് സമീപത്ത് കുട്ടിയാനയെ പ്രത്യേക കൂടെരുക്കി അന്ന് രാത്രി വനത്തിൽ എത്തിച്ചിരുന്നു.എന്നാൽ മറ്റാനക്കൂട്ടങ്ങൾ കുട്ടിയാനയ്ക്കു സമീപം എത്തിയെങ്കിലും കൂട്ടാക്കാതെ അവർ മടങ്ങി. ഇതിനെ തുടർന്ന് ഇനി ഈ സ്ഥലത്ത് കുട്ടായാനയെ നിർത്തുന്നതു കൊണ്ടു കാര്യമായ ഗുണം ലഭിക്കില്ലെന്ന വിലയിരുത്തലിനെ തുടർന്നാണ് വനപാലകർ കൊച്ചുകോയിക്കൽ ഫോറസ്റ്റ് സ്റ്റേഷനിലേക്കു മാറ്റിയത്. സ്റ്റേഷനു സമീപം പ്രത്യേക കൂട് ഒരുക്കിയാണ് കുട്ടിയാനയെ സംരക്ഷിക്കുന്നത്.
ഗൂഡ്രിക്കൽ റേഞ്ച് ഓഫിസർ എസ് മണിയുടെ നേതൃത്വത്തിൽ കൊച്ചുകോയിക്കൽ ഡപ്യൂട്ടി റേഞ്ചർ മനോജ്, റാന്നി ദ്രുതകർമ സേന സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ കെ ജി റൗഷാദ് എന്നിവർ അടങ്ങിയ വനപാലക സംഘമാണ് കുട്ടിയാനയെ കൊച്ചുകോയിക്കലിൽ സുരക്ഷിതമായി കൊണ്ടുവന്നത്.
കോന്നി ആനക്കൂട്ടിലേക്കു മാറ്റുന്നതിനു മുന്നോടിയായി പൂർത്തിയാക്കേണ്ട പരിശോധനകൾ നടക്കുകയാണ്. ബ്ലഡും ട്രങ്ക് വാഷും എടുത്തു പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
പരിശോധന ഫലം വന്നതിനു ശേഷമേ കോന്നി ആനക്കൂട്ടിലേക്കു മാറ്റുന്നതിതിനെ കുറിച്ച് ആലോചിക്കുകയുള്ളുവെന്ന് കൊച്ചുകോയിക്കൽ ഡപ്യൂട്ടി റേഞ്ച് ഓഫിസർ മനോജ് പറഞ്ഞു. ഒറ്റ ദിവസം കൊണ്ടു വനപാലകരോട് ഇണങ്ങിയിരുന്നു. കോന്നി വെറ്റിറിനറി സർജൻ ഡോ:ശ്യാം ചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്. വനപാലകരോടെപ്പം വാച്ചർമാരായ തങ്കച്ചനും റോഷനുമാണ് ആന കുട്ടിയെ പരിപാലിക്കുന്നത്.
തോപ്പിൽ രജി