
കോന്നി വാര്‍ത്ത ഡോട്ട് കോം : മൂന്നാം തരംഗം മുന്നിൽ കണ്ട് ആരോഗ്യ വകുപ്പ് വളരെ നേരത്തെ തന്നെ മുന്നൊരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. താലൂക്ക് തലംമുതലുള്ള ആശുപത്രികളിൽ ഓക്‌സിജൻ കിടക്കകളും ഐ.സി.യു.വും സജ്ജമാവുകയാണ്. വെൻറിലേറ്ററുകളുടെ എണ്ണവും വർധിപ്പിച്ചു. ജില്ലാ ജനറൽ ആശുപത്രികളിലെ ഐ.സി.യു.കളെ മെഡിക്കൽ കോളേജുകളുമായി ഓൺലൈനായി ബന്ധിപ്പിക്കും.
കുട്ടികൾക്കുള്ള വാക്‌സിനേഷൻ ആരംഭിച്ചിട്ടില്ല. മൂന്നാം തരംഗം ഉണ്ടായാൽ കുട്ടികളിൽ കൂടുതൽ രോഗവ്യാപനം ഉണ്ടായേക്കാമെന്നാണ് ആശങ്കപ്പെടുന്നത്. അത് മുന്നിൽ കണ്ട് പീഡിയാട്രിക് ചികിത്സാ സംവിധാനങ്ങൾ വർധിപ്പിക്കുന്നുണ്ട്. 490 ഓക്‌സിജൻ സജ്ജീകരണമുള്ള പീഡിയാട്രിക് കിടക്കകൾ, 158 എച്ച്.ഡി.യു. കിടക്കകൾ, 96 ഐ.സി.യു. കിടക്കകൾ എന്നിങ്ങനെ ആകെ 744 കിടക്കകളാണ് കുട്ടികൾക്കായി സജ്ജമാക്കുന്നത്.
ഓക്‌സിജന്റെ ലഭ്യത ഉറപ്പ് വരുത്താൻ പ്രത്യേക പ്രാധാന്യം നൽകുന്നുണ്ട്. 870 മെട്രിക് ടൺ ഓക്‌സിജൻ കരുതൽ ശേഖരമായിട്ടുണ്ട്. നിർമ്മാണ കേന്ദ്രങ്ങളിൽ 500 മെട്രിക് ടണും കെ.എം.എസ്.സി.എൽ. ബഫർ സ്റ്റോക്കായി 80 മെട്രിക് ടണും ഓക്്‌സിജൻ കരുതിയിട്ടുണ്ട്. ഇതുകൂടാതെ ആശുപത്രികളിൽ 290 മെട്രിക് ടൺ ഓക്‌സിജനും കരുതൽ ശേഖരമായിട്ടുണ്ട്. 33 ഓക്്‌സിജൻ ജനറേഷൻ യൂണിറ്റുകളാണ് സജ്ജമാക്കി വരുന്നത്. ഇതിലൂടെ 77 മെട്രിക് ടൺ ഓക്‌സിജൻ അധികമായി നിർമ്മിക്കാൻ സാധിക്കും. ഇതിൽ ഒൻപത് എണ്ണം ഇതിനകം പ്രവർത്തനസജ്ജമായി.
സംസ്ഥാന സർക്കാർ വിവിധ ഫണ്ട് വിനിയോഗിച്ച് നിർമ്മിക്കുന്ന 38 ഓക്‌സിജൻ ജനറേഷൻ യൂണിറ്റുകൾ സ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. സർക്കാരിന്റെ നിർദേശ പ്രകാരം 13 മെട്രിക് ടൺ ഓക്‌സിജൻ പ്രതിദിനം നിർമ്മിക്കുന്നതിനുള്ള ഓക്‌സിജൻ ജനറേഷൻ സിസ്റ്റം സ്വകാര്യ ആശുപത്രികളിൽ സ്ഥാപിച്ചു.
സർക്കാർ ആശുപത്രികൾക്ക് പുറമേ 281 എംപാനൽ ചെയ്ത സ്വകാര്യ ആശുപത്രികളിലും കോവിഡ് ചികിത്സ എ.പി.എൽ. ബി.പി.എൽ. വ്യത്യാസമില്ലാതെ സൗജന്യമാണ്. സർക്കാർ ആശുപത്രികളിൽ ഐ.സി.യു. സൗകര്യമോ വെൻറിലേറ്റർ സൗകര്യമോ ലഭ്യമല്ലെങ്കിൽ ഇത്തരം ആശുപത്രികളിലേക്ക് മാറ്റി ചികിത്സിപ്പിക്കുന്നതിനുള്ള സംവിധാനവുമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
60 വയസ്സിനു മുകളിലുള്ളവരും അനുബന്ധരോഗമുള്ളവരും ഉൾപ്പെടെ ഏകദേശം 9 ലക്ഷം പേർ വാക്‌സിൻ എടുക്കാൻ തയ്യാറായിട്ടില്ല. അവർക്കിടയിൽ വാക്‌സിൻ എടുക്കാൻ ആവശ്യമായ സന്നദ്ധതയുണ്ടാക്കാനും എത്രയും പെട്ടെന്ന് വാക്‌സിൻ നൽകി സുരക്ഷിതരാക്കാനുമുള്ള നടപടികൾ കൈക്കൊണ്ടു വരികയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.