Trending Now

കോന്നി വകയാറില്‍ കാട്ടുപന്നികള്‍ കൂട്ടത്തോടെ ചത്തു വീഴുന്നു

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി പഞ്ചായത്ത് വാര്‍ഡ് പതിമൂന്നില്‍ വകയാര്‍ ഭാഗത്ത് കാട്ടു പന്നികള്‍ കൂട്ടത്തോടെ ചത്തു വീണു . വകയാര്‍ എസ്റ്റേറ്റ് ഭാഗത്താണ് കൂടുതലായി കാട്ടു പന്നികളെ ചത്ത നിലയില്‍ കണ്ടെത്തിയത് . ഏറെ ദിവസത്തെ പഴക്കം ഉണ്ട് . പൊന്ത കാട്ടിലും മറ്റും നിരവധി കാട്ടു പന്നികള്‍ ചത്തു . ഇതിനോടകം ചീഞ്ഞളിഞ്ഞ രണ്ടു കാട്ടു പന്നികളുടെ അവശിഷ്ടം കണ്ടെത്തി . മേഖലയില്‍ കാട്ടു പന്നികള്‍ കൂട്ടത്തോടെ ചത്തിട്ടുണ്ട് എന്നു പ്രദേശവാസികള്‍ പറയുന്നു .

വാര്‍ഡ് അംഗം അനി സാബു വനപാലകരെ വിവരം അറിയിച്ചു .അവര്‍ എത്തി ഒരു ചത്ത പന്നിയെ മറവ് ചെയ്തു . അരുവാപ്പുലം മേഖലയില്‍ ഏതാനും മാസമായി പന്ത്രണ്ടോളം കാട്ടു പന്നികളെ ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു . കല്ലേലി വയക്കര ഭാഗത്തും ഇത്തരത്തില്‍ ചത്ത പന്നികളെ കണ്ടെങ്കിലും വന പാലകര്‍ എത്തി കുഴിച്ചിട്ടു .

പന്നികളില്‍ പന്നി പനി പടരുന്നു എന്നതിന്‍റെ സൂചനയാണ് ഇതെന്ന് വനപാലകര്‍ വീണ്ടും വീണ്ടും പറയുന്നു . അരുവാപ്പുലത്ത് ചത്ത പന്നിയുടെ ആന്തരിക അവയവങ്ങള്‍ ലാബില്‍ പരിശോധിച്ചിരുന്നു . ഏത് തരത്തില്‍ ഉള്ള പന്നി പനിയാണെന്ന് മാത്രം വന പാലകര്‍ പറയുന്നില്ല .

പന്നികളില്‍ എങ്ങനെ പനി വ്യാകമായി കടന്നു കൂടി എന്ന് വന പാലകര്‍ അന്വേഷിക്കണം . കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി ഉള്ള ഉപയോഗിച്ച മാസ്ക്കുകള്‍ അലക്ഷ്യമായി പല ഭാഗത്തും വലിച്ചെറിഞ്ഞതിലൂടെ ആണോ വന്യ മൃഗമായ പന്നികളില്‍ പനി പടര്‍ന്നത് എന്ന് അന്വേഷിക്കണം . അരുവാപ്പുലം ഭാഗത്ത് വനം വകുപ്പിന്‍റെ തേക്ക് തോട്ടത്തില്‍ അടിക്കാടുകള്‍ വളര്‍ന്ന് നില്‍ക്കുന്നു .പകല്‍ ഇതില്‍ മുഴുവനും കാട്ടു പന്നികള്‍ ഉണ്ട് . രാത്രിയായാല്‍ ഇവ കാട് വിട്ട് കൃഷിയിടങ്ങളില്‍ എത്തുന്നു . നേരം പുലരുവോളം കൃഷിയിടാത്തില്‍ താങ്ങുന്ന പന്നികള്‍ കാര്‍ഷിക വിളകള്‍ ഒന്നായി നശിപ്പിക്കുന്നു .

പന്നികളെ ഉന്‍മൂലനം ചെയ്യാന്‍ കൃഷിയിടത്തില്‍ മാരകമായ വിഷം വിതറിയതാണോ പന്നികള്‍ കൂട്ടത്തോടെ ചാകുവാന്‍ എന്നുള്ള കാര്യവും വനം വകുപ്പ് അന്വേഷിക്കണം .
ഇങ്ങനെ ചത്തു കിടക്കുന്ന പന്നികളുടെ മാംസം തെരുവ് നായ്ക്കള്‍ തിന്നുകയാണ് . ഇതിലൂടെ നായ്ക്കളില്‍ രോഗ ബാധ ഏല്‍ക്കാന്‍ സാധ്യത ഉണ്ട് . റബര്‍ തോട്ടങ്ങളിലെ അടിക്കാടുകള്‍ എത്രയും വേഗം നീക്കം ചെയ്യാന്‍ ഉടമകള്‍ തയാറാകണം . അടികാടുകള്‍ ഒഴിവായാല്‍ പന്നികള്‍ അവിടെ വിട്ട് പോകും .
വകയാറിലും പരിസര പ്രദേശങ്ങളിലും പന്നികള്‍ ചത്തു കിടക്കുന്നതു കണ്ടാല്‍ വാര്‍ഡ് അംഗത്തെയോ വന പാലകരെയോ വിവരം അറിയിച്ചാല്‍ വേണ്ട ജാഗ്രതാ നിര്‍ദേശം ലഭിക്കും .