Trending Now

രാഷ്ട്രപതിയുടെ പോലീസ് മെഡല്‍: കേരളത്തില്‍ നിന്ന് 11 പേര്‍ക്ക്

രാഷ്ട്രപതിയുടെ പോലീസ് മെഡല്‍: കേരളത്തില്‍ നിന്ന് 11 പേര്‍ക്ക്

രാഷ്ട്രപതിയുടെ ഇക്കൊല്ലത്തെ പോലീസ് മെഡലിന് കേരളത്തില്‍ നിന്ന് 11 പോലീസ് ഉദ്യോഗസ്ഥര്‍ അര്‍ഹരായി. എ.ഡി.ജി.പി യോഗേഷ് ഗുപ്ത വിശിഷ്ടസേവനത്തിനുളള രാഷ്ട്രപതിയുടെ പോലീസ് മെഡലിന് അര്‍ഹനായി.

ഐ.ജി ജി.സ്പര്‍ജന്‍ കുമാര്‍, എസ്.പിമാരായ ബി.കൃഷ്ണകുമാര്‍, ടോമി സെബാസ്റ്റ്യന്‍ (റിട്ട.), ഡിവൈ.എസ്.പിമാരായ അശോകന്‍.എ, (റിട്ട.), അരുണ്‍ കുമാര്‍.എസ്, ഇന്‍സ്പെക്ടര്‍ സജി കുമാര്‍.ബി, ആംഡ് പോലീസ് സബ് ഇന്‍സ്പെക്ടര്‍ കിഴക്കേ വീട്ടില്‍ ഗണേഷന്‍, സബ് ഇന്‍സ്പെക്ടര്‍ സിന്ധു പി.വി, അസിസ്റ്റന്‍റ് സബ് ഇന്‍സ്പെക്ടര്‍മാരായ സന്തോഷ് കുമാര്‍ സദാശിവന്‍, സതീശന്‍. എം എന്നിവര്‍ക്കാണ് സ്തുത്യര്‍ഹസേവനത്തിനുളള രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ ലഭിച്ചത്.

യോഗേഷ് ഗുപ്ത നിലവില്‍ ബിവറേജസ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആന്‍റ് മാനേജിംഗ് ഡയറക്ടറാണ്. ഏഴുവര്‍ഷത്തോളം ഡല്‍ഹിയിലും കൊല്‍ക്കത്തയിലും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റില്‍ ജോലിചെയ്തു. വിവിധ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിച്ച് തെളിയിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ എസ്.പിയായും സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം, റോഡ് സേഫ്റ്റി ട്രാഫിക്ക്, ഇന്‍റലിജന്‍സ്, അഡ്മിനിസ്ട്രേഷന്‍ എന്നിവിടങ്ങളില്‍ ഐ.ജിയായും ജോലി നോക്കി. സപ്ലൈകോ, കേരളാ ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ എന്നിവിടങ്ങളില്‍ സി.എം.ഡി ആയിരുന്നു. സി.ബി.ഐയിലും ജോലി ചെയ്തിട്ടുണ്ട്.
ഐ.ജി ജി.സ്പര്‍ജന്‍ കുമാര്‍ നിലവില്‍ ക്രൈംബ്രാഞ്ച് തിരുവനന്തപുരം റെയ്ഞ്ച് ഐ.ജിയാണ്. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറായി പ്രവര്‍ത്തിച്ചിച്ചുണ്ട്. ട്രാഫിക്ക് സൗത്ത് സോണ്‍ വിഭാഗം എസ്.പിയായ ബി.കൃഷ്ണകുമാര്‍ ക്രൈംബ്രാഞ്ചിലും സേവനം അനുഷ്ടിച്ചിട്ടുണ്ട്. പോലീസ് ആസ്ഥാനത്തെ സ്പെഷ്യൽ സെൽ എസ്.പിയുടെ അധികച്ചുമതലയും വഹിക്കുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം എന്നിവിടങ്ങളില്‍ ഡിവൈ.എസ്.പിയായി ജോലി നോക്കിയിട്ടുണ്ട്. എറണാകുളം ക്രൈംബ്രാഞ്ച് എസ്.പിയായി വിരമിച്ച ടോമി സെബാസ്റ്റ്യന്‍ ട്രാഫിക്ക് സൗത്ത് സോണ്‍ എസ്.പി, സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ വിജിലന്‍സ് ഓഫീസര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. 2000ല്‍ മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ ലഭിച്ചിരുന്നു. കൊല്ലം ഡിവൈ.എസ്.പിയായി വിരമിച്ച അശോകന്‍.എ വിജിലന്‍സ്, കൊട്ടാരക്കര, ജില്ലാ ക്രൈംബ്രാഞ്ച് എന്നിവിടങ്ങളില്‍ സേവനം അനുഷ്ടിച്ചിട്ടുണ്ട്. 2016 ലും 2021 ലും മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ ലഭിച്ചിരുന്നു. ഡിവൈ.എസ്.പിയായ അരുണ്‍ കുമാര്‍.എസ് ഇപ്പോള്‍ പോലീസ് ട്രെയിനിംഗ് കോളേജ് വൈസ് പ്രിന്‍സിപ്പലാണ്. ഇക്കൊല്ലത്തെ മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ ലഭിച്ചിരുന്നു. വിജിലന്‍സ്, ക്രൈംബ്രാഞ്ച്, പോലീസ് ആസ്ഥാനം എന്നിവിടങ്ങളില്‍ ജോലി ചെയ്തു.

ഇന്‍സ്പെക്ടറായ സജി കുമാര്‍.ബി നിലവില്‍ തിരുവനന്തപുരം വിജിലന്‍സ് സ്പെഷ്യല്‍ സെല്ലിൽ ജോലി ചെയ്യുന്നു. 2012 ല്‍ മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ ലഭിച്ചിരുന്നു. കണ്ണൂര്‍ ആസ്ഥാനമായുളള കേരളാ ആംഡ് പോലീസ് നാലാം ബറ്റാലിയനിലെ ആംഡ് പോലീസ് സബ് ഇന്‍സ്പെക്ടറാണ് കിഴക്കേ വീട്ടില്‍ ഗണേശന്‍. 2017 ല്‍ മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ ലഭിച്ചിരുന്നു.

നിലവില്‍ തൃശ്ശൂര്‍ സിറ്റി വനിതാ പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടറാണ് സിന്ധു.പി.വി. 2017 ല്‍ മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ ലഭിച്ചിരുന്നു. അസിസ്റ്റന്‍റ് സബ് ഇന്‍സ്പെക്ടറായ സന്തോഷ് കുമാര്‍.എസ് നിലവില്‍ വിജിലന്‍സ് തിരുവനന്തപുരം മരുതംകുഴി യൂണിറ്റില്‍ ജോലിനോക്കിവരികയാണ്. 2009ല്‍ മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ ലഭിച്ചിരുന്നു. അസിസ്റ്റന്‍റ് സബ് ഇന്‍സ്പെക്ടറായ സതീശന്‍.എം തൃശ്ശൂര്‍ റൂറലിലെ കൊരട്ടി പെലീസ് സ്റ്റേഷനില്‍ ആണ്. 2013ല്‍ മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ ലഭിച്ചിരുന്നു.