ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍
സ്പെഷ്യല്‍ ഓഫീസര്‍ വിലയിരുത്തി
konnivartha.com : പത്തനംതിട്ട ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ സര്‍ക്കാര്‍ നിയോഗിച്ച സ്പെഷ്യല്‍ ഓഫീസറും കെ.എസ്.ഇ.ബി ചെയര്‍മാനുമായ ഡോ. ബി.അശോകിന്റെ നേതൃത്വത്തില്‍ കളക്ടറേറ്റില്‍ അവലോകന യോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തി.
മേയ് 12 മുതല്‍ ജൂണ്‍ 29 വരെ വാക്സിന്‍ എടുത്ത പ്രവാസികള്‍ക്ക് ലഭിച്ച സര്‍ട്ടിഫിക്കേഷന്‍ സംസ്ഥാനത്തിന്റെതു മാത്രമായതു കൊണ്ട് വിദേശത്തേക്ക് മടങ്ങി പോകാന്‍ കഴിയുന്നില്ലെന്ന പ്രശ്നം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്പ്പെടുത്തിയിട്ടുണ്
ജില്ലയില്‍ 2,99,495 പേര്‍ ആദ്യ ഡോസ് വാക്സിന്‍ ലഭിക്കാത്തവരായി ഉണ്ടെന്നും രണ്ടാം ഡോസ് ലഭിക്കാത്ത 4,04,402 പേരുണ്ടെന്നും അതിനാല്‍ കൂടുതല്‍ വാക്സിന്‍ ലഭിക്കേണ്ടത് ആവശ്യമാണെന്നും യോഗം വിലയിരുത്തി. ഇത് സര്‍ക്കാരിനെ അറിയിക്കും.
ദിവസേന 30,000 ഡോസ് നല്‍കാനുള്ള സംവിധാനങ്ങള്‍ ജില്ലയ്ക്ക് ഉണ്ട്. 26,000 ആക്ടീവ് കേസുകള്‍ ഉണ്ടായാല്‍ അവയെ നേരിടാനുള്ള സംവിധാനം ജില്ലയില്‍ ഉണ്ടാകണം. അവയില്‍ ആറ് ശതമാനം രോഗികള്‍ സി കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന കിടപ്പുരോഗികളാണ്. ഇതിന് അനുസരിച്ചുള്ള ഓക്സിജന്‍ ബെഡ്, ഐസിയു ബെഡ് എന്നിവ 100 എണ്ണം വീതം വര്‍ധിപ്പിക്കണം. ജില്ലയിലെ വിവിധ ആശുപത്രികളിലായി നടക്കുന്ന ഓക്സിജന്‍ പ്ലാന്റുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണമെന്നും സ്പെഷ്യല്‍ ഓഫീസര്‍ നിര്‍ദേശിച്ചു.
കളക്ടറേറ്റില്‍ നടന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്.അയ്യര്‍, ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ടി.ജി. ഗോപകുമാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എ.എല്‍. ഷീജ, എന്‍എച്ച്എം ഡിപിഎം ഡോ. സി.എസ് നന്ദിനി, ആര്‍സിഎച്ച് ഓഫീസര്‍ ഡോ.ആര്‍ സന്തോഷ്‌കുമാര്‍, ജെഎഎംഒ ഡോ. എം.എസ് രശ്മി, ഡിപിഎംഎസ്‌യു നോഡല്‍ ഓഫീസര്‍ ഡോ.നിതിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.