പത്തനംതിട്ട നഗരത്തില്‍ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പുനക്രമീകരിച്ചു
കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് നിയന്ത്രണങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ ഇളവുകളുടെ പശ്ചാത്തലത്തില്‍ പത്തനംതിട്ട ജില്ലാ ആസ്ഥാനത്തെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കോര്‍ കമ്മിറ്റി രൂപംനല്‍കി. വിവാഹം, മരണം തുടങ്ങിയ ചടങ്ങുകളില്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ പോലീസിന് കോര്‍ കമ്മിറ്റി നിര്‍ദേശം നല്‍കി. വാര്‍ഡ് തലത്തില്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീമിന്റെ പ്രവര്‍ത്തനം ശക്തമാക്കും.
ആരാധനാലയങ്ങളുടെ ചുമതലക്കാര്‍ ഒരു വ്യക്തിക്ക് 25 ചതുരശ്ര അടി എന്ന നിലയില്‍ സ്ഥലം ക്രമീകരിക്കണം. ജില്ലാ സ്റ്റേഡിയം ഉപയോഗിക്കുന്നവര്‍ കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിക്കണം. നഗരത്തിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന അതിഥി തൊഴിലാളികള്‍ക്ക് പ്രത്യേക വാക്‌സിനേഷന്‍ ക്യാമ്പ് തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ ഞായറാഴ്ച സംഘടിപ്പിക്കും. വ്യാപാര സ്ഥാപനങ്ങളിലെ എല്ലാ തൊഴിലാളികളും വാക്‌സിനേഷന്‍ സ്വീകരിച്ചു എന്ന് ഉറപ്പാക്കും.
നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ ജെറി അലക്‌സ്, നഗരസഭ പ്രതിപക്ഷ നേതാവ് കെ. ജാസിം കുട്ടി, മുനിസിപ്പല്‍ സെക്രട്ടറി ഷെര്‍ള ബീഗം, ഡിവൈഎസ്പി, സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ എന്നിവര്‍ പങ്കെടുത്തു.