കോടതിയിലുള്ള വിഷയം വനിതാ കമ്മീഷന്
പരിഗണിക്കാന്‍ കഴിയില്ല: ഷാഹിദ കമാല്‍
കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയം വനിതാ കമ്മീഷന് പരിഗണിക്കാന്‍ കഴിയില്ലെന്നു കേരള വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍ പറഞ്ഞു.
വനിതാ കമ്മീഷന്റെ പത്തനംതിട്ട ജില്ലയിലെ സിറ്റിംഗ് നടത്തി സംസാരിക്കുകയായിരുന്നു അവര്‍. അറിഞ്ഞുകൊണ്ടോ അറിയാതെയോ കോടതിയില്‍ കാലതാമസം ഉണ്ടാകുന്നുവെന്ന കാരണം പറഞ്ഞ് കോടതിയിലുള്ള കാര്യം മറച്ചുവച്ചും വനിതാ കമ്മീഷനില്‍ പരാതി നല്‍കാറുണ്ട്. വനിത കമ്മീഷന്‍ ഹിയര്‍ ചെയ്യുമ്പോള്‍ സൂഷ്മമായി പരിശോധിക്കും. കോടതി പരിഗണിക്കുന്നത് വനിതാ കമ്മീഷന്‍ പരിഗണിക്കില്ല. കോടതികളുടെ പരിഗണനയില്‍ ഇരിക്കുന്ന കേസുകളില്‍ വീണ്ടും കമ്മീഷന് പരാതി നല്‍കാതിരിക്കാന്‍ ശ്രദ്ധിക്കണം. വഴി തര്‍ക്കങ്ങള്‍, സാമ്പത്തിക ഇടപാടുകള്‍ തുടങ്ങിയ വിഷയങ്ങളും വനിതാ കമ്മീഷന് പരിഗണിക്കാന്‍ കഴിയില്ല. ചെറിയൊരു ശതമാനം സ്ത്രീകള്‍ എങ്കിലും വ്യാജ പരാതികള്‍ വനിതാ കമ്മീഷന് നല്‍കുന്നുണ്ട്. അത്തരത്തില്‍ നിയമത്തെ ദുര്യുപയോഗം ചെയ്യാന്‍ പാടില്ലെന്നും ഷാഹിദ കമാല്‍ പറഞ്ഞു.
പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന സിറ്റിംഗില്‍ 51 പരാതികളാണ് പരിഗണനയ്ക്ക് ഉണ്ടായിരുന്നത്. 18 പരാതികള്‍ തീര്‍പ്പാക്കി. രണ്ട് പരാതികള്‍ റിപ്പോര്‍ട്ടിലേക്കായി മാറ്റിവച്ചു. അടുത്ത അദാലത്തിലേക്കായി 31 പരാതികള്‍ മാറ്റിവച്ചു.കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് രണ്ടു സെഷനുകളിലായി രാവിലെ 25 പരാതികളും ഉച്ചകഴിഞ്ഞ് 26 പരാതികളുമാണ് പരിഗണനയ്ക്ക് വന്നത്.
വനിതാ കമ്മീഷന്‍ സി.ഐ സുരേഷ്‌കുമാര്‍, പാനല്‍ അഡ്വക്കേറ്റുമാരായ കെ.ജെ സിനി, എസ്.സീമ തുടങ്ങിയവര്‍ സിറ്റിംഗില്‍ പങ്കെടുത്തു.