Trending Now

ഒറ്റക്കെട്ടായി ആരോഗ്യ മേഖലയെ മുന്നോട്ട് നയിക്കും: മന്ത്രി വീണാ ജോര്‍ജ്

 

 

 

 

കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഗുണം നാട് അറിയുന്നു: മുഖ്യമന്ത്രി

konnivartha.com : സംസ്ഥാനത്തെ ആരോഗ്യ മേഖലയിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറിയതിന്റെ ഗുണം നാട് അറിഞ്ഞു കൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

നൂറ് ദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി അടൂര്‍ ജനറല്‍ ആശുപത്രിയിലെ പ്രത്യേക നവജാത ശിശു പരിചരണ വിഭാഗം, തിരുവല്ല താലൂക്ക് ആശുപത്രിയിലെ കോവിഡ് ഐസിയു എന്നിവയുടെയും വിവിധ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെയും ആരോഗ്യ സ്ഥാപനങ്ങളിലെ വിവിധ പദ്ധതികളുടെയും ഉദ്ഘാടനവും പുതിയ പദ്ധതികളുടെ ശിലാസ്ഥാപനവും ഓണ്‍ലൈനില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ഡോക്ടര്‍മാരുടെ എണ്ണം വര്‍ധിച്ചു. വൈകുന്നേരം വരെ ഒപി സംവിധാനം നിലവില്‍ വന്നു. ലാബുള്‍പ്പെടെ മികച്ച പരിശോധനാ സംവിധാനങ്ങളും ഏര്‍പ്പെടുത്തി. ഇതോടെ ഇവിടങ്ങളില്‍ നല്ല തോതില്‍ ആളുകള്‍ ചികിത്സയ്ക്കെത്തുന്നു. വിദഗ്ധ ചികിത്സ കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ നല്‍കാന്‍ കഴിയുന്നു എന്നതാണ് വലിയ പ്രത്യേകത.

 

നൂറുദിന കര്‍മ്മ പരിപാടികളുടെ ഭാഗമായി ഒരു കൂട്ടം പദ്ധതികളാണ് ഉദ്ഘാടനം ചെയ്തത്. ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് ഏറെ അഭിമാനം നല്‍കുന്ന ഒന്നാണ് കേരളത്തിന്റെ പൊതുജന ആരോഗ്യരംഗം. അത്രമാത്രം മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നടത്തിയത്. നവകേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായി ആവിഷ്‌കരിച്ച ആര്‍ദ്രം പദ്ധതിയിലൂടെ കേരളത്തിന്റെ പൊതുജന ആരോഗ്യ മേഖലയില്‍ സമഗ്രമായ പുരോഗതി ഉണ്ടാക്കാന്‍ സാധിച്ചു. അപ്രതീക്ഷിതമായി നാട്ടില്‍ ആഞ്ഞടിച്ച നിപ, കോവിഡ്  തുടങ്ങി ആരോഗ്യ മേഖലയിലെ പ്രതിസന്ധികളെ മാതൃകാപരമായ പ്രവര്‍ത്തനങ്ങളിലൂടെ നേരിടാന്‍ സാധിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 856 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറ്റാനാണ് തീരുമാനിച്ചത്. ഇതില്‍ 474  എണ്ണം പൂര്‍ത്തിയായി. ബാക്കിയുള്ളതില്‍ നിര്‍മാണം കഴിഞ്ഞ ആറെണ്ണം കൂടി  ഉദ്ഘാടനം ചെയ്യുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

 

28 ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്ററുകളും ഇതോടൊപ്പം പ്രവര്‍ത്തനം ആരംഭിക്കുകയാണ്. രണ്ടരകോടി രൂപ ചെലവിലാണ് ഇവ ഒരുക്കിയത്. സംസ്ഥാനത്തെ 1603 ആരോഗ്യ സബ് സെന്ററുകളെ ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് കേന്ദ്രങ്ങളായി നേരത്തെ ഉയര്‍ത്തിയിരുന്നു. ഇവിടങ്ങളില്‍ ജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം ഇതോടെ ലഭ്യമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വയനാട്ടിലെ ആദിവാസി സമൂഹത്തിന് പ്രത്യേക പരിഗണന നല്‍കിക്കൊണ്ട് ചില പദ്ധതികളും ആരംഭിക്കുകയാണ്. ഗര്‍ഭിണികളായ ആദിവാസി സ്ത്രീകള്‍ക്ക് കുടുംബസമേതം താമസിച്ച് പ്രസവ ശുശ്രൂഷ ലഭിക്കുന്ന കേന്ദ്രങ്ങള്‍ക്കും തുടക്കമായി. 6,14, 000 രൂപ ചെലവിലാണ് ബത്തേരിയിലും വൈത്തിരിയിലും ആന്റി നാറ്റല്‍ ട്രൈബല്‍ ഹോമുകള്‍ തുടങ്ങുന്നത്. 20 ലക്ഷം രൂപ ചെലവഴിച്ച് മാനന്തവാടിയില്‍ ടിബി കേന്ദ്രവും ആരംഭിക്കുകയാണ്. ആദിവാസി സമൂഹത്തോടുള്ള സര്‍ക്കാരിന്റെ കരുതല്‍ വെളിവാക്കുന്ന പദ്ധതികളാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവല്ല താലൂക്ക് ആശുപത്രി കോവിഡ് ഐസിയു
ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

തിരുവല്ല താലൂക്ക് ആശുപത്രിയിലെ കോവിഡ് ഐസിയുവിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിച്ചു. മാത്യു ടി. തോമസ് എംഎല്‍എ നാട മുറിച്ച് കോവിഡ് ഐസിയു നാടിനു സമര്‍പ്പിച്ചു.

തിരുവല്ല താലൂക്ക് ആശുപത്രിയിലെ നിലവിലുള്ള നാല് കിടക്കകള്‍ ഉള്ള ഐസിയുവിന് അടുത്തുള്ള വാര്‍ഡില്‍ ആറ് ഐസിയു കിടക്ക ഉള്‍പ്പെടുത്തിക്കൊണ്ട് എന്‍എച്ച്എം  കോവിഡ് ഫണ്ടില്‍ നിന്നും 11.25 ലക്ഷം രൂപ വിനിയോഗിച്ചാണ് പുതിയ ഐസിയു സജ്ജീകരിച്ചത്.  സെന്‍ട്രലൈസ്ഡ് ഓക്സിജിന്‍, സ്വകാര്യതയ്ക്കായി കര്‍ട്ടന്‍ പാര്‍ട്ടീഷന്‍, പവര്‍ ബായ്ക്കപ്പിനായി  യുപിഎസ്, പ്രത്യേകം നഴ്‌സ്  സ്റ്റേഷന്‍ എന്നീ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തി.  700 ചതുരശ്ര അടി വിസ്തൃതിയുണ്ട് ഐസിയു വിഭാഗത്തിന്.
ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, തിരുവല്ല നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബിന്ദു ജയകുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍മാരായ ബിന്ദു ജേക്കബ്, ജിജി വട്ടശേരില്‍, ശ്രീനിവാസ് പുറയാറ്റ്, ജെനു മാത്യു, പ്രേംജിത് ശര്‍മ്മ, ജോസ് പഴയിടം, ചന്ദ്രലാല്‍, റെയ്‌ന ജോര്‍ജ്, അഡ്വ. രതീഷ് കുമാര്‍, അഡ്വ. എം.ബി. നൈനാന്‍, ബിന്ദു വേലായുധന്‍, ഡോ. ജി. അജയ് മോഹന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഒറ്റക്കെട്ടായി ആരോഗ്യ മേഖലയെ മുന്നോട്ട് നയിക്കും: മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്തെ ആരോഗ്യ മേഖലയെ ഒറ്റക്കെട്ടായി നയിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. നൂറ് ദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി അടൂര്‍ ജനറല്‍ ആശുപത്രിയിലെ പ്രത്യേക നവജാത ശിശു പരിചരണ വിഭാഗം, തിരുവല്ല താലൂക്ക് ആശുപത്രിയിലെ കോവിഡ് ഐസിയു എന്നിവയുടെയും വിവിധ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെയും ആരോഗ്യ സ്ഥാപനങ്ങളിലെ വിവിധ പദ്ധതികളുടെയും ഉദ്ഘാടനവും പുതിയ പദ്ധതികളുടെ ശിലാസ്ഥാപനവും മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനില്‍ നിര്‍വഹിച്ച ചടങ്ങില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു ആരോഗ്യമന്ത്രി.

ആരും കോവിഡ് ജാഗ്രത കൈവിടരുത്. അഞ്ചു വര്‍ഷം കൊണ്ട് ജീവിതശൈലീ രോഗങ്ങള്‍ കുറച്ചു കൊണ്ടുവരുന്നതിനുള്ള പരിശ്രമം നടത്തുന്നതാണ്. മെഡിക്കല്‍ കോളജുകളെ ഏറ്റവും മികച്ച സ്ഥാപനങ്ങളാക്കും. ജില്ലാ, ജനറല്‍, താലൂക്ക് ആശുപത്രികള്‍ ശക്തിപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.

ഈ സര്‍ക്കാര്‍ വന്നിട്ട് കേവലം രണ്ട് മാസമേ ആയിട്ടുള്ളൂവെങ്കിലും വളരെയധികം ഊര്‍ജിതമായി പദ്ധതികള്‍ സാക്ഷാത്ക്കരിക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ട്. കോവിഡ് സാഹചര്യത്തിലും ആശുപത്രി വികസനം സാക്ഷാത്ക്കരിച്ച ജനപ്രതിനിധികളും സഹപ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ള എല്ലാവരേയും ഒരുപോലെ അഭിനന്ദിക്കുന്നു. കോവിഡ് ചികിത്സയ്ക്കും നോണ്‍ കോവിഡ് ചികിത്സയ്ക്കും സര്‍ക്കാര്‍ ഒരു പോലെ പ്രാധാന്യമാണ് നല്‍കുന്നത്. മൂന്നാം തരംഗത്തെ ശക്തമായി പ്രതിരോധിക്കാനുള്ള സംവിധാനങ്ങള്‍ ആശുപത്രികളിലൊരുക്കുന്നതോടൊപ്പം ആശുപത്രിയിലെ അടിസ്ഥാന സൗകര്യ വികസനത്തിനും വലിയ പ്രാധാന്യം നല്‍കുന്നുണ്ട്.

സബ് സെന്റര്‍ മുതലുള്ള വിവിധ ആരോഗ്യ സ്ഥാപനങ്ങള്‍ എത്രയും വേഗം ജനങ്ങള്‍ക്ക് തുറന്ന് കൊടുക്കുകയാണ്. നമ്മുടെ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ രാജ്യത്ത് തന്നെ മുമ്പിലാണുള്ളത്. സംസ്ഥാനത്ത് ആകെ 121 ആരോഗ്യ സ്ഥാപനങ്ങള്‍ക്കാണ് എന്‍ക്യുഎഎസ്. അംഗീകാരം നേടിയെടുക്കാനായത്. രാജ്യത്തെ മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ വിഭാഗത്തില്‍ ആദ്യത്തെ ഒന്‍പതു സ്ഥാപനങ്ങളും കേരളത്തിലാണ്. അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ എന്‍ക്യുഎഎസ്. അംഗീകാരം നേടുന്ന സംസ്ഥാനവും കേരളമാണെന്നും മന്ത്രി വ്യക്തമാക്കി.

മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, മേയര്‍മാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാര്‍, പഞ്ചായത്ത് പ്രസിഡന്റ്മാര്‍, തദ്ദേശസ്വയംഭരണ പ്രതിനിധികള്‍, കളക്ടര്‍മാര്‍, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, ഡിഎംഒമാര്‍, ഡിപിഎംമാര്‍ എന്നിവര്‍ പങ്കെടുത്തു. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ സ്വാഗതവും ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. വി.ആര്‍. രാജു നന്ദിയും പറഞ്ഞു.

error: Content is protected !!