ഹയര്‍ സെക്കന്‍ഡറി തുല്യതാ പരീക്ഷ ഈ മാസം 26 മുതല്‍

ഹയര്‍ സെക്കന്‍ഡറി തുല്യതാ പരീക്ഷ ഈ മാസം 26 മുതല്‍

കോന്നി വാര്‍ത്ത ഡോട്ട് കോം : സംസ്ഥാന സാക്ഷരതാ മിഷന്‍ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന ഹയര്‍ സെക്കന്‍ഡറി തുല്യത പദ്ധതിയുടെ നാലാം ബാച്ചിന്റെ രണ്ടാം വര്‍ഷ പരീക്ഷകളും അഞ്ചാം ബാച്ചിന്റെ ഒന്നാം വര്‍ഷ പരീക്ഷകളും ഈ മാസം 26 ന് ആരംഭിച്ച് 31 ന് സമാപിക്കും. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു കൊണ്ടാകും പരീക്ഷകള്‍ നടത്തുന്നത്.

വിവിധ കാരണങ്ങളാല്‍ ഹയര്‍ സെക്കന്‍ഡറി പഠനം പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തവരും പത്താംതരം പാസായതിന് ശേഷം ഹയര്‍ സെക്കന്‍ഡറി കോഴ്സില്‍ ചേരാന്‍ കഴിയാതിരുന്നവരുമാണ് ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്സിന്റെ പഠിതാക്കള്‍.

ജില്ലയുടെ വിവിധ ഭാഗങ്ങളിലായി എട്ട് സമ്പര്‍ക്ക പഠന കേന്ദ്രങ്ങളില്‍ ഞായറാഴ്ചകളില്‍ നടത്തിയിരുന്ന സമ്പര്‍ക്ക പഠന ക്ലാസുകള്‍ വഴിയാണ് പഠിതാക്കള്‍ക്ക് ക്ലാസുകള്‍ ലഭിച്ചിരുന്നത്. എന്നാല്‍ കോവിഡ് മൂലം ക്ലാസുകള്‍ ഓണ്‍ലൈനാക്കേണ്ടി വന്നു. ഹ്യുമാനിറ്റീസ്, കൊമേഴ്സ് ഗ്രൂപ്പുകളിലാണ് പഠനം നടന്നിരുന്നത്.

376 പഠിതാക്കള്‍ ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പരീക്ഷ എഴുതുന്നു. എസ്.സി വിഭാഗത്തില്‍ 117 പഠിതാക്കളും എസ്.ടി വിഭാഗത്തില്‍ നാല് പഠിതാക്കളും ഉള്‍പ്പെടുന്നു. ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്നും അഞ്ച് പഠിതാക്കളും ഉള്‍പ്പെടുന്നു.
434 പഠിതാക്കള്‍ ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷ പരീക്ഷ എഴുതുന്നു. എസ്.സി വിഭാഗത്തില്‍ 135 പഠിതാക്കളും എസ്.ടി വിഭാഗത്തില്‍ നിന്ന് ഒരു പഠിതാവും ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്നും അഞ്ച് പഠിതാക്കളും ഉള്‍പ്പെടുന്നു.
ട്രാന്‍സ് ജെന്‍ഡര്‍ പഠിതാക്കളുടെ പ്രത്യേക പഠന പദ്ധതിയായ സമന്വയ പദ്ധതിയുടെ പന്തളത്തെ പഠന വീട്ടില്‍ താമസിച്ചാണ് അവര്‍ പഠനം നടത്തുന്നത്.

പ്രായത്തെ വെല്ലുവിളിച്ചു പഠനാവേശത്തില്‍ ശിവരാജന്‍

കോന്നി വാര്‍ത്ത ഡോട്ട് കോം : അടൂര്‍ ആനന്ദപ്പള്ളി സ്വദേശി എ.ആര്‍ ശിവരാജന്‍ (72) പ്രായത്തെ തോല്‍പ്പിച്ചു കൊണ്ട് സാക്ഷരതാ മിഷന്റെ ഹയര്‍ സെക്കന്‍ഡറി പഠനം പൂര്‍ത്തിയാക്കി പരീക്ഷ എഴുതുന്നു. ഈ മാസം 26 ന് ആരംഭിക്കുന്ന ഹയര്‍ സെക്കന്‍ഡറി തുല്യതാ പരീക്ഷ എഴുതുന്ന ശിവരാജനാ ണ് ജില്ലയിലെ ഏറ്റവും പ്രായം കൂടിയ പഠിതാവ്.

സാക്ഷരതാ മിഷന്റെ തന്നെ തുല്യതാ കോഴ്‌സുകളിലൂടെ ഏഴാം തരവും പത്താം തരവും പാസായി കൊണ്ടാണ് ശിവരാജന്‍ ഇപ്പോള്‍ ഹയര്‍ സെക്കന്‍ഡറിതലം വരെ എത്തിയത്. അടൂര്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കുളിലെ സമ്പര്‍ക്ക പഠന കേന്ദ്രത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകളിലും ഓഫ് ലൈന്‍ ക്ലാസുകളിലും പഠനം പൂര്‍ത്തിയാക്കിയ ശിവരാജന് മക്കളും മരുമക്കളും ഉന്നത വിദ്യാഭ്യാസം നേടിയവരായതിനാല്‍ അവരോടൊപ്പം യോഗ്യത നേടാനുള്ള ആഗ്രഹമാണ് പഠനത്തിനായി പ്രേരിപ്പിച്ചത്.

പെയിന്റിംഗ് തൊഴിലാളിയായ ശിവരാജന്‍ അടൂര്‍ നഗരസഭയിലെ ആനന്ദപ്പള്ളി തുടര്‍ വിദ്യാകേന്ദ്രം പ്രേരക് രാധാമണി ശിവരാജന്റെ ഭര്‍ത്താവാണ്. മക്കളായ രാജേഷും രാജിയും അച്ഛന് പിന്തുണയോടെ ഒപ്പമുണ്ട്.