Trending Now

പള്ളിക്കല്‍, ഏനാദിമംഗലം, ചിറ്റാര്‍ പഞ്ചായത്തുകളില്‍ ട്രിപ്പിള്‍ ലോക്ക് ഡൌണ്‍ ഏര്‍പ്പെടുത്തി

പള്ളിക്കല്‍, ഏനാദിമംഗലം, ചിറ്റാര്‍ പഞ്ചായത്തുകളില്‍ ട്രിപ്പിള്‍ ലോക്ക് ഡൌണ്‍ ഏര്‍പ്പെടുത്തി

 

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അനുസരിച്ച് ജില്ലയില്‍
പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും: ജില്ലാ കളക്ടര്‍

പള്ളിക്കല്‍, ഏനാദിമംഗലം, ചിറ്റാര്‍ ഗ്രാമപഞ്ചായത്തുകള്‍ ഡി കാറ്റഗറിയില്‍

കോന്നി വാര്‍ത്ത ഡോട്ട് കോം : ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ(ടിപിആര്‍) അടിസ്ഥാനത്തില്‍ പത്തനംതിട്ട ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ആവശ്യമെങ്കില്‍ പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ പറഞ്ഞു. ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിലാണ് കളക്ടര്‍ ഇക്കാര്യം അറിയിച്ചത്.

കാറ്റഗറി ഡി യിലുള്ള പഞ്ചായത്തുകളില്‍ കടുത്ത നിയന്ത്രണങ്ങള്‍ തുടരും. ചെറിയ രീതിയിലുള്ള കൂട്ടായ്മകളും ആഘോഷങ്ങളും ജില്ലയില്‍ വര്‍ധിച്ചു വരുന്നുണ്ട്. കോവിഡ് മാനദണ്ഡപ്രകാരമുള്ള എണ്ണം ആളുകള്‍ മാത്രമേ ഇതില്‍ പങ്കെടുക്കുന്നുള്ളൂവെന്ന് ഉറപ്പു വരുത്തും. അനാവശ്യമായി കൂട്ടം കൂടിയാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

ടിപിആര്‍ അഞ്ചില്‍ താഴെയുള്ള പ്രദേശങ്ങള്‍ കാറ്റഗറി എ വിഭാഗത്തിലും അഞ്ചു മുതല്‍ 10 വരെയുള്ള പ്രദേശങ്ങള്‍ കാറ്റഗറി ബിയിലും(സെമി ലോക് ഡൗണ്‍) 10 മുതല്‍ 15 വരെയുള്ളവ കാറ്റഗറി സി വിഭാഗത്തിലും(ലോക് ഡൗണ്‍) ഉള്‍പ്പെടുത്തി. 15 ന് മുകളില്‍ ടിപിആര്‍ ഉള്ള പ്രദേശങ്ങള്‍ കാറ്റഗറി ഡിയില്‍(ട്രിപ്പിള്‍ ലോക് ഡൗണ്‍) ആയിരിക്കും. ഇതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും നിയന്ത്രണം.

തിങ്കള്‍ മുതല്‍ വെള്ളി വരെ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കാം. എ, ബി, സി വിഭാഗങ്ങളില്‍ കടകള്‍ രാത്രി എട്ട് വരെ അനുവദനീയമായ ദിവസങ്ങളില്‍ പ്രവര്‍ത്തിക്കാം. ഈ പ്രദേശങ്ങളിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അനുസരിച്ച് മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കും. ജൂലൈ 24, 25 തീയതികളില്‍ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ ആയിരിക്കും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി, എ.ഡി.എം അലക്സ് പി.തോമസ്, ദുരന്ത നിവാരണ ഡെപ്യൂട്ടി കളക്ടര്‍ ടി.ജി ഗോപകുമാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എ.എല്‍ ഷീജ, എന്‍.എച്ച്.എം ഡി.പി.എം: ഡോ.സി.എസ് നന്ദിനി ഡി.ഡി.പി കെ.ആര്‍ സുമേഷ്, ജില്ലാ ഫയര്‍ ഓഫീസര്‍ കെ.ഹരികുമാര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

കാറ്റഗറി എയില്‍ ഉള്‍പ്പെടുന്ന തദ്ദേശ സ്ഥാപനങ്ങള്‍

പത്തനംതിട്ട നഗരസഭ, മൈലപ്ര, സീതത്തോട്, കോട്ടാങ്ങല്‍, തണ്ണിത്തോട്, ഓമല്ലൂര്‍, എഴുമറ്റൂര്‍, കടപ്ര, കൊറ്റനാട്, ഇരവിപേരൂര്‍, ഇലന്തൂര്‍ ഗ്രാമപഞ്ചായത്തുകള്‍.

കാറ്റഗറി ബിയില്‍ ഉള്‍പ്പെടുന്ന തദ്ദേശ സ്ഥാപനങ്ങള്‍

അടൂര്‍, പന്തളം, തിരുവല്ല നഗരസഭകളും കോയിപ്രം, അരുവാപ്പുലം, നിരണം, കോന്നി, വള്ളിക്കോട്, റാന്നി പെരുനാട്, ഏറത്ത്, തോട്ടപ്പുഴശേരി, കുളനട, നെടുമ്പ്രം, മല്ലപ്പുഴശേരി, പുറമറ്റം, വെച്ചൂച്ചിറ, കലഞ്ഞൂര്‍, കല്ലൂപ്പാറ, പ്രമാടം, റാന്നി അങ്ങാടി, പെരിങ്ങര, മലയാലപ്പുഴ, അയിരൂര്‍, കുറ്റൂര്‍, പന്തളം തെക്കേക്കര, ചെന്നീര്‍ക്കര, റാന്നി പഴവങ്ങാടി, തുമ്പമണ്‍, കോഴഞ്ചേരി, ആറന്മുള, ചെറുകോല്‍, മെഴുവേലി, നാറാണംമൂഴി എന്നീ ഗ്രാമപഞ്ചായത്തുകളും.

കാറ്റഗറി സി യില്‍ ഉള്‍പ്പെടുന്ന തദ്ദേശ സ്ഥാപനങ്ങള്‍

റാന്നി, നാരങ്ങാനം, കവിയൂര്‍, വടശ്ശേരിക്കര, മല്ലപ്പള്ളി, ആനിക്കാട്, കടമ്പനാട്, ഏഴംകുളം, കുന്നന്താനം, കൊടുമണ്‍ എന്നീ ഗ്രാമപഞ്ചായത്തുകളും.

കാറ്റഗറി ഡിയില്‍ ഉള്‍പ്പെടുന്ന തദ്ദേശ സ്ഥാപനങ്ങള്‍

പള്ളിക്കല്‍, ഏനാദിമംഗലം, ചിറ്റാര്‍ എന്നീ ഗ്രാമ പഞ്ചായത്തുകള്‍.

error: Content is protected !!