Trending Now

കോന്നി കെ.എസ്.ആർ.ടി.സി ഡിപ്പോ ഉടൻ യാഥാർത്ഥ്യമാകുന്നു

 

konnivartha.com :കോന്നി കെ എസ്സ് ആര്‍ ടി സി ഡിപ്പോയ്ക്ക് ഏറ്റെടുത്ത ഭൂമി കെ എസ്സ് ആര്‍ ടി സിയ്ക്കു കൈമാറും

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നികെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്കായി ഏറ്റെടുത്ത ഭൂമി കെ.എസ്.ആർ.ടി.സി ഉടമസ്ഥതയിലേക്ക് ആഗസ്റ്റ് 5 നകം മാറ്റുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. ഇതിനായി എം.എൽ.എയുടെ നേതൃത്വത്തിൽ കെ.എസ്.ആർ.ടി.സിയുടെ ലാൻ്റ് സ്പെഷ്യൽ ഓഫീസർമാരും, റവന്യൂ ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം സ്ഥലം സന്ദർശിച്ചു.

2013 മുതൽ തടസ്സപ്പെട്ട് കിടക്കുന്ന കെ.എസ്.ആർ.ടി.സി സ്ഥലമേറ്റെടുക്കലാണ് യാഥാർത്ഥ്യമാകാൻ പോകുന്നത്. ഈ വർഷം ഫെബ്രുവരിയിൽ മന്ത്രിയെയും, കെ.എസ്.ആർ.ടി.സി എം.ഡി.യെയും പങ്കെടുപ്പിച്ച് എം.എൽ.എ തിരുവനന്തപുരത്ത് നടത്തിയ യോഗത്തിലാണ് കോന്നി കെ.എസ്.ആർ.ടി.സി യാഥാർത്ഥ്യമാക്കുന്നതി
നാവശ്യമായ തീരുമാനമുണ്ടായത്.യോഗത്തെ തുടർന്ന് കെ.എസ്.ആർ.ടി.സി
യ്ക്കായി കണ്ടെത്തിയിട്ടുള്ള 2.41 ഏക്കർ സ്ഥലം കെ.എസ്.ആർ.ടി.സിയുടെ ഉടമസ്ഥതയിലേക്ക് മാറ്റാനുള്ള നടപടി നടത്താൻ തീരുമാനിച്ചിരുന്നു. സ്ഥലം ഉടമസ്ഥതയിലാക്കുന്നതിനൊപ്പം യാഡ് നിർമ്മാണത്തിനുള്ള പണം അനുവദിക്കുന്നതിനും തീരുമാനിച്ചിരുന്നു.

മെയ് മാസം ആറാം തീയതി കെ.എസ്.ആർ.ടി.സി എം.ഡിയുടെ നടപടി ഉത്തരവിലൂടെ 1.45 കോടി രൂപ തനതു ഫണ്ടിൽ നിന്നും യാഡ് നിർമ്മാണത്തിനായി അനുവദിച്ചിരുന്നു. പ്രൊജക്ട് മാനേജ്മെൻ്റ് കൺസൾട്ടൻ്റായ എച്ച്.എൽ.എൽ നാണ് നിർമ്മാണ ചുമതല നല്കിയിട്ടുള്ളത്.

വസ്തു കെ.എസ്.ആർ.ടി.സിയുടെ ഉടമസ്ഥതയിലേക്ക് മാറ്റുന്ന നടപടിക്രമങ്ങളുടെ ഭാഗമായി എം.എൽ.എയ്ക്ക് ഒപ്പമെത്തിയ റവന്യൂ, കെ.എസ്.ആർ.ടി.സി സംഘം ഭൂമി അതിർത്തി തിരിച്ച് അളന്ന് തിട്ടപ്പെടുത്തി.തുടർ നടപടികൾ സ്വീകരിച്ച് ആഗസ്റ്റ് 5 നകം ഭൂമി കെ.എസ്.ആർ.ടി.സിയുടെ ഉടമസ്ഥതയിലാക്കി റവന്യൂ വകുപ്പ് നടപടി പൂർത്തിയാക്കും.

ഭൂമി കൈമാറി കിട്ടിയാൽ ഉടൻ തന്നെ യാഡ് നിർമ്മാണം ആരംഭിക്കും. എത്രയും വേഗം യാഡ് നിർമ്മാണം പൂർത്തിയാക്കി ഡിപ്പോ പ്രവർത്തനം ആരംഭിക്കാനാണ് കെ.എസ്.ആർ.ടി.സിയ്ക്ക് ലഭിച്ചിട്ടുള്ള നിർദ്ദേശം.

ഭൂമി കെ.എസ്.ആർ.ടി.സി ഉടമസ്ഥതയിലേക്ക് മാറിയാൽ ഉടൻ തന്നെ കോന്നി ഡിപ്പോയിൽ വൈദ്യുതി,കുടിവെള്ള കണക്ഷനുകൾ ലഭ്യമാക്കുമെന്ന് എം.എൽ.എ പറഞ്ഞു. തുടർന്ന് ഓഫീസും പുതിയ കെട്ടിടത്തിലേക്ക് മാറ്റും. കോന്നി ദീർഘകാലമായി ആഗ്രഹിച്ച കോന്നി കെ.എസ്.ആർ.ടി.സി ഡിപ്പോ ഉടൻ യാഥാർത്ഥ്യമാകുമെന്നും എം.എൽ.എ പറഞ്ഞു.
എം.എൽ.എയോടൊപ്പം ബ്ലോക്ക് പഞ്ചായത്തംഗം തുളസീമണിയമ്മ, ഗ്രാമ പഞ്ചായത്തംഗം കെ.ജി.ഉദയകുമാർ, കെ.എസ്.ആർ.ടി.സി ലാൻ്റ് സ്പെഷ്യൽ ഓഫീസർമാരായ എം.പി.വിനോദ് ,എസ്. വിനീഷ്, ഡപ്യൂട്ടി തഹസീൽദാർ സജീവ് കുമാർ, സർവ്വെയർമാരായ അനിൽ ജോയ്, കെ.സി.അനിൽ ,കെ.എസ് .ആർ.ടി.സി സ്റ്റേഷൻ മാസ്റ്റർ സി.എ.ഗോപാലകൃഷ്ണൻ തുടങ്ങിയവർ സന്ദർശനത്തിൽ പങ്കെടുത്തു.

error: Content is protected !!