Trending Now

ആറന്മുള ഉതൃട്ടാതി ജലോത്സവം ആചാരപരമായ ചടങ്ങുകള്‍ പാലിച്ച് നടത്തും: മന്ത്രി വീണാ ജോര്‍ജ്

 

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആറന്മുള തിരുവോണത്തോണി വരവേല്‍പ്പ്, ഉതൃട്ടാതി ജലോത്സവം, അഷ്ടമി രോഹിണി വള്ളസദ്യ എന്നിവ ആചാര അനുഷ്ഠാനങ്ങള്‍ക്ക് അനുസരിച്ച് നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരുടെ സാന്നിധ്യത്തില്‍ പള്ളിയോട സേവാ സംഘം പ്രതിനിധികളെ ഉള്‍ക്കൊള്ളിച്ച് നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. ആചാര അനുഷ്ഠാനങ്ങളില്‍ പങ്കു ചേരുന്നവര്‍ കുറഞ്ഞത് ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചിരിക്കണം. ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനു മുന്‍പായി കോവിഡ് ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു.
നിലവിലെ പള്ളിയോട സേവാസംഘം ഭരണ സമിതിയുടെ കാലാവധി പൂര്‍ത്തിയായതിനാല്‍ പുതിയ ഭരണസമിതിക്കായുള്ള തെരഞ്ഞെടുപ്പ് ഓഗസ്റ്റ് ഒന്നിന് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്താന്‍ ജില്ലാ കളക്ടര്‍ അനുമതി നല്‍കി. തിരുവോണത്തോണിക്ക് അകമ്പടി സേവിക്കുന്ന മൂന്ന് മേഖലകളില്‍ നിന്നുള്ള ഓരോ പള്ളിയോടങ്ങളിലെയും 40 പേരെ മാത്രം ഉള്‍പ്പെടുത്തി ആറന്മുള ക്ഷേത്രത്തില്‍ എത്തിച്ചേരുന്നതിന് തീരുമാനിച്ചു. തുഴക്കാര്‍ കരയില്‍ ഇറങ്ങാതെ തിരുവോണത്തോണിക്ക് അകമ്പടി സേവിക്കുന്നതിനായി മൂന്ന് പള്ളിയോടങ്ങള്‍ക്കും അനുമതി നല്‍കി.

ഉതൃട്ടാതി ജലോത്സവം പ്രതീതാത്മകമായ രീതിയില്‍ മൂന്ന് പള്ളിയോടങ്ങളെ ഉള്‍ക്കൊള്ളിച്ച് ജലഘോഷയാത്രയായി നടത്തും. ചടങ്ങുകള്‍ നടത്തുമ്പോള്‍ പൊതുജനങ്ങളുടെ സാന്നിധ്യമില്ലെന്ന് ഉറപ്പുവരുത്തണം. വള്ളസദ്യ പരിമിതമായ ചടങ്ങുകളോടുകൂടി നടത്തുന്നത് സംബന്ധിച്ച് ആ ദിവസങ്ങളിലെ കോവിഡ് സാഹചര്യം വിലയിരുത്തി ഉചിതമായ തീരുമാനമെടുക്കാനും യോഗം തീരുമാനിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി, ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍. അജയകുമാര്‍, തിരുവല്ല ആര്‍ഡിഒ ബി.രാധാകൃഷ്ണന്‍, അടൂര്‍ ആര്‍ഡിഒ എ. തുളസീധരന്‍പിള്ള, ഡിഎം ഡെപ്യൂട്ടി കളക്ടര്‍ ടി.ജി. ഗോപകുമാര്‍, ഡിഎംഒ (ആരോഗ്യം) ഡോ.എ.എല്‍. ഷീജ, ജില്ലാ ഫയര്‍ ഓഫീസര്‍ കെ. ഹരികുമാര്‍, ഡിഡിപി കെ.ആര്‍. സുമേഷ്, കോഴഞ്ചേരി തഹസീല്‍ദാര്‍ കെ.ഓമനക്കുട്ടന്‍, ആറന്മുള, മല്ലപ്പുഴശേരി, തോട്ടപ്പുഴശേരി, കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് അധ്യക്ഷന്മാര്‍, ആറന്മുള പള്ളിയോട സേവാസംഘം സെക്രട്ടറി പി.ആര്‍. രാധാകൃഷ്ണന്‍, പള്ളിയോട സേവാസംഘം പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!