Malayalam Online News Portal|മലയാളം ഓൺലൈൻ വാർത്തകൾ

പണം കണ്ടെത്തി ഓൺലൈൻ ക്ലാസിന് ഫോൺ വാങ്ങി നൽകേണ്ടത് അധ്യാപകരെന്ന് നിഷ്‌കർഷിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസവകുപ്പ്

News Editor

ജൂലൈ 16, 2021 • 3:23 pm

പണം കണ്ടെത്തി ഓൺലൈൻ ക്ലാസിന് ഫോൺ വാങ്ങി നൽകേണ്ടത് അധ്യാപകരെന്ന് നിഷ്‌കർഷിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസവകുപ്പ്

ഓൺലൈൻ പഠനത്തിന്റെ ഭാഗമായി ഡിജിറ്റൽ ഉപകരണങ്ങൾ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട ക്യാമ്പയിൻ സംബന്ധിച്ച ഉത്തരവിൽ പണം കണ്ടെത്തി ഓൺലൈൻ ക്ലാസിന് ഫോൺ വാങ്ങി നൽകേണ്ടത് അധ്യാപകർ ആണെന്ന് നിഷ്‌കർഷിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്.

ജൂലൈ ഒമ്പതിലെ സർക്കാർ ഉത്തരവിൽ സ്‌കൂൾതല സമിതിയാണ് ഡിജിറ്റൽ ഉപകരണങ്ങൾ ഇല്ലാത്ത കുട്ടികളെ കണ്ടെത്തേണ്ടത് എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ആവശ്യക്കാർക്ക് ഉപകരണങ്ങൾ ലഭ്യമാക്കാനുള്ള ചുമതലകൂടി ഈ സമിതിയിൽ നിക്ഷിപ്തമായിരിക്കും എന്നാണ് ഉത്തരവിൽ പരാമർശിച്ചിട്ടുള്ളത്.

അധ്യാപകരോ സ്‌കൂൾതല സമിതിയോ ഇതിനുവേണ്ടി സ്വന്തം നിലയിൽ പണം മുടക്കണം എന്നല്ല, മറിച്ച് കുട്ടികൾക്ക് ഇത് ലഭ്യമാക്കാനുള്ള ചുമതലയെപറ്റിയാണ് ഉത്തരവിൽ സൂചിപ്പിച്ചിരിക്കുന്നത്.

സ്‌കൂൾതല സമിതിയുടെ ഘടനയും ഉത്തരവുകളിൽ വ്യക്തമാണ്. ഇക്കാര്യത്തിൽ സ്‌കൂൾതല സമിതിക്ക് ഉപകരണങ്ങൾ ലഭ്യമാക്കുന്നതിന് സംഭാവന, സ്വകാര്യ പൊതുമേഖലാ സ്ഥാപനങ്ങളുടെ സാമൂഹ്യ ഉത്തരവാദിത്വനിധി, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ/സഹകരണ സ്ഥാപനങ്ങൾ/ സർക്കാർ ധനസഹായം, പൂർവ്വവിദ്യാർത്ഥികൾ, വിദ്യാഭ്യാസ തത്പരർ തുടങ്ങി നാട്ടിലെ വിപുലമായ സാധ്യതകൾ ഏകോപിപ്പിച്ച് ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നതിലൂടെ ലക്ഷ്യത്തിലെത്താൻ കഴിയണം എന്നാണ് ഉദ്ദേശിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് പ്രചരിക്കുന്ന വാർത്ത അവാസ്തവമാണെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.

Advertisement
Google AdSense (728×90)

Read Next

അഭിപ്രായം രേഖപ്പെടുത്തൽ നിർത്തൽ ആകിയിരികുന്നു.