Trending Now

കോന്നി നിയോജക മണ്ഡലത്തെ മാതൃകാ ടൂറിസം ഗ്രാമമായി മാറ്റും : ജനീഷ് കുമാര്‍ എം എല്‍ എ

 

കോന്നി വാര്‍ത്ത ഡോട്ട് കോം :കോന്നി നിയോജക മണ്ഡലത്തെ മാതൃകാ ടൂറിസം ഗ്രാമമായി മാറ്റാനും, ഇതിനായി മാസ്റ്റർ പ്ലാൻ തയ്യാറാക്കാനും അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ വിളിച്ചു ചേർത്ത ടൂറിസം രംഗത്തെവിദഗ്ദ്ധരുടെ യോഗത്തിൽ തീരുമാനമായി. വിശ്വസഞ്ചാരി സന്തോഷ് ജോർജ്ജ് കുളങ്ങരയുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധസംഘം കോന്നി നിയോജക മണ്ഡലത്തിലെ ടൂറിസം കേന്ദ്രങ്ങളും, ടൂറിസം വികസന സാധ്യതാ പ്രദേശങ്ങളും സന്ദർശിച്ച ശേഷം ചേർന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്.

ആനയെ പ്രധാന ആകർഷക കേന്ദ്രമാക്കി, പ്രകൃതിയെ സംരക്ഷിച്ച്, പ്രകൃതിക്കിണങ്ങുന്ന ടൂറിസം ഗ്രാമമായാണ് കോന്നിയെ മാറ്റിത്തീർക്കുന്നത്. കോന്നിയുടെ പതിനൊന്ന് പഞ്ചായത്തും നിരവധി ടൂറിസം സാധ്യതാ പ്രദേശങ്ങളാൽ സമ്പന്നമാണ്.
ഇവയുടെ വികസനം ഉന്നത നിലവാരത്തിൽ നടത്താനാണ് പദ്ധതി തയ്യാറാക്കുന്നത്. വിദേശ ടൂറിസ്റ്റുകളെ വിപുലമായി ആകർഷിക്കത്തക്ക നിലയിൽ കോന്നി ടൂറിസം വില്ലേജിനെ മാറ്റിത്തീർക്കാൻ കഴിയുമെന്ന് വിദഗ്ദ്ധസംഘം അഭിപ്രായപ്പെട്ടു.

കോന്നി ഇക്കോ ടൂറിസം, അടവി ,ഗവി എന്നിവയാണ് നിലവിൽ പ്രവർത്തിക്കുന്ന ടൂറിസം കേന്ദ്രങ്ങൾ.കോന്നിയും, ഗവിയും രണ്ട് പ്രധാന മേഖലകളാക്കി തിരിച്ച് ടൂറിസം വികസനം സാധ്യമാക്കണമെന്നാണ് വിദഗ്ദ്ധ സമിതി പ്രധാനമായും അഭിപ്രായപ്പെട്ടത്.
കോന്നി കേന്ദ്രമാക്കി ടൂറിസം വികസനം നടത്തുമ്പോൾ ഏനാദിമംഗലം പഞ്ചായത്തിലെ അഞ്ചുമലപാറ, കലഞ്ഞൂർ പഞ്ചായത്തിലെ രാക്ഷസൻ പാറ, പ്രമാടം പഞ്ചായത്തിലെ നെടുംപാറ, അരുവാപ്പുലം പഞ്ചായത്തിലെ കാട്ടാത്തിപ്പാറ എന്നീ മലകൾ കേന്ദ്രീകരിച്ചും ടൂറിസം പദ്ധതി നടപ്പിലാക്കും. അടവിയിൽ കൂടുതൽ ട്രീടോപ്പ് ഹട്ടുകൾ ഉന്നത നിലവാരത്തിൽ നിർമ്മിക്കണമെന്നും സംഘം അഭിപ്രായപ്പെട്ടു. മണ്ണീറ വെള്ളച്ചാട്ടം, കല്ലേലി ചെളിക്കുഴി വെള്ളച്ചാട്ടം തുടങ്ങിയവ സഞ്ചാരികൾക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ
ഒരുക്കി വികസിപ്പിക്കണം. വനത്തിനുള്ളിലെ ആരാധനാ കേന്ദ്രങ്ങളെ ഉൾപ്പെടുത്തി പിൽഗ്രിം ടൂറിസവും നടപ്പിലാക്കാൻ കഴിയും.

വിവിധ ഭാഗങ്ങളിൽ ഫുഡ് കോർട്ടുകൾ,റോപ്പ് വേ, ട്രക്കിംഗ്, സൈക്ലിംഗ്, മുളം ചെങ്ങാടങ്ങൾ, അക്വേറിയം, വാക്സ് മ്യൂസിയം, ഐ മാക്സ് തിയറ്റർ, റോക്ക് പാർക്ക്, കുട്ടികളുടെ അഡ്വഞ്ചർ പാർക്ക്, കുതിര സവാരി,ഹട്ട്, റിസോർട്ട്, ഹോം സ്റ്റേ, ക്രാഫ്റ്റ് വില്ലേജ്, ആയുർവേദം, ഓർഗാനിക് ഫാമിംഗ് തുടങ്ങിയവയും സംഘം നിർദ്ദേശിച്ചിട്ടുണ്ട്.
ഗവി കേന്ദ്രമാക്കി ചിറ്റാർ, സീതത്തോട് പഞ്ചായത്തിലെ ടൂറിസം കേന്ദ്രങ്ങളും വികസിപ്പിക്കാൻ കഴിയുമെന്ന് സംഘം പറഞ്ഞു. കാരിക്കയം, കക്കി ഡാമുകളിൽ ബോട്ടിംഗ്, സീതത്തോട് കക്കാട്ടാറിൽ കയാക്കിംഗ് തുടങ്ങിയവ ആരംഭിക്കാൻ കഴിയും. കോന്നി ഫിഷിൻ്റെ ഭാഗമായി കക്കി ഡാമിൽ ആരംഭിക്കുന്ന കൂട് മത്സ്യകൃഷിയും ടൂറിസവുമായി ബന്ധിപ്പിക്കാൻ കഴിയും.ഗവി മേഖലാ ടൂറിസത്തിൻ്റെ ഭാഗമായി ടൂറിസ്റ്റുകൾക്ക് വിപുലമായ താമസ സൗകര്യം ഒരുക്കണമെന്ന് സംഘം നിർദേശിച്ചു. ഇതിനായി ഒഴിഞ്ഞുകിടക്കുന്ന ലയങ്ങൾ അതേ നിലയിൽ നിലനിർത്തി ഉന്നത നിലവാരത്തിൽ പുനരുദ്ധരിച്ച് താമസ സൗകര്യം ഒരുക്കണമെന്ന നിർദ്ദേശം ഉയർന്നു വന്നു.കെ.ടി.ഡി.സി വനം വകുപ്പുമായി ചേർന്ന് താമസ സൗകര്യം ഒരുക്കണം.

ഫാക്ടറികൾ ഒന്നും തന്നെ പ്രവർത്തിക്കാത്തതിനാൽ അന്തരീക്ഷ മലിനീകരണം കോന്നിയിൽ വളരെ കുറവാണ്. വർഷം മുഴുവൻ മഴ ലഭിക്കുന്ന പ്രദേശവുമാണ്.ഇത് വിദേശ ടൂറിസ്റ്റുകളെയും, സ്വദേശികളേയും ഒരു പോലെ ആകർഷിക്കുന്ന ഘടകമാണ്. പൂർണ്ണമായും പ്ലാസ്റ്റിക്ക് രഹിത ഗ്രാമമായി വേണം കോന്നി ടൂറിസം വില്ലേജ് പ്രവർത്തിക്കേണ്ടത്. ടുറിസം കേന്ദ്രത്തിൽ പരമാവധി ഗ്രീൻ ട്രാൻസ്പോട്ടേഷൻ സംവിധാനങ്ങൾ ഏർപ്പെടുത്തണം. ഗൈഡുകൾ, ആശുപത്രി സഹായം തുടങ്ങിയവ ടൂറിസ്റ്റുകൾക്ക് ഉറപ്പാക്കണമെന്നും സംഘം നിർദ്ദേശിച്ചു.
സർക്കാർ, സ്വകാര്യ സംയുക്ത പങ്കാളിത്തത്തോടെയുള്ള വികസന നിർദ്ദേശങ്ങളാണ് പ്രധാനമായും ഉയർന്നു വന്നത്. ഉയർന്നു വന്ന നിർദ്ദേശങ്ങളെല്ലാം ഉൾക്കൊള്ളുന്ന വിപുലമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കി സർക്കാരിനു സമർപ്പിക്കും.പ്രാദേശിക ടൂറിസം സാധ്യതകൾ എങ്ങനെയായിരിക്കണം വികസിപ്പിക്കുക എന്നും മാസ്റ്റർ പ്ലാൻ വിശദമാക്കും.

കോന്നിയിൽ നിന്നും ആരംഭിച്ച സംഘത്തിൻ്റെ സന്ദർശനം ഗവിയിലാണ് അവസാനിച്ചത്. കോന്നി ഐ.ബി, ഗവി എന്നിവിടങ്ങളിലാണ് സംഘം യോഗം ചേർന്ന് ചർച്ചകൾ നടത്തിയത്. മാസ്റ്റർ പ്ലാൻ തയ്യാറാക്കും വരെ സംഘത്തിൻ്റെ പ്രവർത്തനം തുടരും.

സന്തോഷ് ജോർജ് കുളങ്ങര എന്നിവരെ കൂടാതെ കോന്നി ഡി.എഫ്.ഒ ശ്യാം മോഹൻ ലാൽ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ സുബൈർ കുട്ടി, പ്രമുഖ ആർക്കിടെക്റ്റ് ജോർജ്ജ് കോശി, ഹോസ്പിറ്റാലിറ്റി ആൻ്റ് ടൂറിസം കൺസൾട്ടൻ്റ് റെയ്സൺ.വി.ജോർജ്ജ്, റിട്ടയേഡ് ഡി.എഫ്.ഒയും ഇക്കോ ടൂറിസം വിദഗ്ദ്ധനമായ എസ്.ഉണ്ണികൃഷ്ണൻ, ബ്രാൻ്റ് ആൻ്റ് മാർക്കറ്റിംഗ് കൺസൾട്ടൻ്റ് രമേശ് രംഗനാഥ്, ടൂറിസം അഡ്വൈസർമാരായ ബിയോജ്, ബിനോജ്, ജില്ലാ ടൂറിസം ഇൻഫർമേഷൻ ഓഫീസർ ടി. പവിത്രൻ തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.

വിവിധ കേന്ദ്രങ്ങളിൽ നടത്തിയ സന്ദർശനത്തിൽ ജില്ലാ പഞ്ചായത്തംഗം
ജിജോ മോഡി, പഞ്ചായത്ത് പ്രസിഡൻ്റ് മാരായ എൻ.നവനിത്ത്, ജോബി.ടി. ഈശോ, ബ്ബോക്ക് പഞ്ചായത്ത് അംഗം വർഗ്ഗീസ് ബേബി തുടങ്ങിയവരും പങ്കെടുത്തു.