Trending Now

കോന്നി, പ്രമാടം, ഏനാദിമംഗലം സര്‍ക്കാര്‍ ആശുപത്രികളില്‍ 4.25 കോടിയുടെ മൂന്ന് ഐസൊലേഷന്‍ വാര്‍ഡുകള്‍ അനുവദിച്ചു

 

കോന്നി വാര്‍ത്ത ഡോട്ട് കോം : സാംക്രമിക രോഗബാധ ഉണ്ടാകുന്നവര്‍ക്ക് മികച്ച ചികിത്സാ സൗകര്യം ഉറപ്പുവരുത്താന്‍ കോന്നി നിയോജക മണ്ഡലത്തിലെ മൂന്ന് സര്‍ക്കാര്‍ ആശുപത്രികളില്‍ ഐസൊലേഷന്‍ വാര്‍ഡ് സജ്ജമാക്കുമെന്ന് അഡ്വ. കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. കോന്നി താലൂക്ക് ആശുപത്രി, ഏനാദിമംഗലം സാമൂഹ്യ ആരോഗ്യ കേന്ദ്രം, പ്രമാടം പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലാണ് ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കുന്നത്.

ഇതിനായി 4.25 കോടി രൂപയാണ് ചെലവഴിക്കുന്നത്. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നാണ് ഇതിനായി തുക മാറ്റിവച്ചിരിക്കുന്നത്. കോന്നി താലൂക്ക് ആശുപത്രിക്ക് 1.25 കോടി, ഏനാദിമംഗലം സിഎച്ച്‌സിക്ക് 1.25 കോടി, പ്രമാടം പിഎച്ച്‌സിക്ക് 1.75 കോടി വീതമാണ് അനുവദിച്ചിരിക്കുന്നത്.

കോന്നി താലൂക്ക് ആശുപത്രിയില്‍ നിലവിലുള്ള കെട്ടിടത്തിലും, ഏനാദിമംഗലത്ത് നബാര്‍ഡ് ഫണ്ടില്‍ നിന്നും നിര്‍മാണം പൂര്‍ത്തിയാക്കിയ കെട്ടിടത്തിലും, പ്രമാടത്ത് പുതിയ കെട്ടിടം നിര്‍മിച്ചുമാണ് വാര്‍ഡ് സജ്ജമാക്കുന്നത്.

ഓരോ ആശുപത്രിയിലും 10 കിടക്കകള്‍ വീതമുള്ള വാര്‍ഡുകളാണ് ക്രമീകരിക്കുന്നത്. എല്ലാ കിടക്കകളിലും കേന്ദ്രീകൃത ഓക്‌സിജന്‍ ലൈന്‍ വഴി ഓക്‌സിജന്‍ നല്കാനുള്ള സൗകര്യമുണ്ടായിരിക്കും. വാര്‍ഡുകളില്‍ നഴ്‌സിംഗ് സ്റ്റേഷനും, രോഗികള്‍ക്ക് ടോയ്‌ലറ്റ് സൗകര്യവും ഏര്‍പ്പെടുത്തും. കോന്നി താലൂക്ക് ആശുപത്രിയിലെ വാര്‍ഡില്‍ വെന്റിലേറ്റര്‍ സൗകര്യവും ഏര്‍പ്പെടുത്തും.

വാര്‍ഡുകളില്‍ ആവശ്യമായ ബയോ മെഡിക്കല്‍ ഉപകരണങ്ങളും, ഫര്‍ണിച്ചറും ഈ പ്രൊജക്ടില്‍ നിന്നു തന്നെ ലഭ്യമാക്കും. വാര്‍ഡിലേക്കും പുറത്തേക്കുമുള്ള വായുസഞ്ചാരം എയര്‍ ഹാന്റിലിംഗ് യൂണിറ്റ് വഴിയായിരിക്കും. ഇതിനാല്‍ പൂര്‍ണമായും അണുവിമുക്തമായ വായുവാകും വാര്‍ഡില്‍ ലഭിക്കുക.

ആരോഗ്യ വകുപ്പ് നേരിട്ടായിരിക്കും പദ്ധതി നടപ്പാക്കുക. കോവിഡ്- 19 ന്റെ മൂന്നാം തരംഗം ഉണ്ടായാല്‍ നേരിടാനും, മറ്റ് സാംക്രമിക രോഗവ്യാപനം തടയാനും ഐസൊലേഷന്‍ വാര്‍ഡ് സഹായകമാകും. കെട്ടിട നിര്‍മാണം ആവശ്യമില്ലാത്ത ആശുപത്രികളില്‍ മൂന്നു മാസത്തിനുള്ളിലും, കെട്ടിടം നിര്‍മിക്കേണ്ടിടത്ത് ആറു മാസത്തിനുള്ളിലും ഐസൊലേഷന്‍ വാര്‍ഡ് സജ്ജമാക്കുമെന്ന് എംഎല്‍എ പറഞ്ഞു. മൂന്ന് ഐസലേഷന്‍ വാര്‍ഡുകളിലായി 30 കിടക്കകള്‍ ലഭ്യമാകും. കോന്നിയുടെ ആരോഗ്യമേഖലയെ പ്രതിസന്ധികളെ നേരിടത്തക്ക നിലയില്‍ ആധുനികമാക്കുമെന്നും, സമയബന്ധിതമായി തന്നെ പദ്ധതി യാഥാര്‍ഥ്യമാക്കുമെന്നും എംഎല്‍എ പറഞ്ഞു.