കോവിഡ് മൂന്നാം തരംഗം മുന്നില്‍ കണ്ട് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണം: ജില്ലാ കളക്ടര്‍
പത്തനംതിട്ട ജില്ലയില്‍ കോവിഡ് മൂന്നാം തരംഗത്തിന്റെ സാധ്യത മുന്നില്‍ കണ്ടുകൊണ്ട് കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി നിര്‍ദേശിച്ചു. ജില്ലയിലെ നഗരസഭ പ്രതിനിധികളെയും സെക്ടറല്‍ മജിസ്‌ട്രേറ്റുമാരെയും ഉള്‍ക്കൊള്ളിച്ച് നടത്തിയ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍.
നിലവില്‍ പത്തനംതിട്ട, അടൂര്‍, തിരുവല്ല നഗരസഭകള്‍ ബി കാറ്റഗറിയിലും പന്തളം നഗരസഭ സി കാറ്റഗറിയിലുമാണുള്ളത്. എന്നാല്‍ ജില്ലയില്‍ ദിനംപ്രതി കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ നഗരസഭകളില്‍ കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പിലാക്കണം.
ബി കാറ്റഗറിയില്‍ അവശ്യവസ്തുവില്‍പ്പന കടകള്‍ അല്ലാത്തവയ്ക്ക് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലാണു തുറക്കാന്‍ അനുമതിയുള്ളത്. ഈ ദിവസങ്ങളിലല്ലാതെ മറ്റു ദിവസങ്ങളില്‍ ഇത്തരം കടകള്‍ തുറക്കുന്നില്ലെന്നു നഗരസഭകള്‍ ഉറപ്പുവരുത്തണം.
കടകള്‍ തുറന്നു പ്രവര്‍ത്തിക്കുന്ന ദിവസങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ആവശ്യമെങ്കില്‍ പോലീസ് സഹായത്തോടെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യണം. സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ കടകള്‍ കേന്ദ്രീകരിച്ച് റാന്‍ഡം പരിശോധനകള്‍ നടത്തണം. ഒരു കാരണവശാലും കോവിഡ് നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നതില്‍ വീഴ്ചകള്‍ ഉണ്ടാകാന്‍ പാടില്ല. അടൂര്‍ മേഖലയില്‍ കോവിഡ് കേസുകള്‍ ദിനംപ്രതി വര്‍ധിച്ചു വരികയാണ്. അതിനാല്‍ തന്നെ അടൂര്‍ നഗരസഭ പ്രത്യേക കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും കളക്ടര്‍ പറഞ്ഞു.
ജില്ലാ പോലീസ് മേധാവി ആര്‍.നിശാന്തിനി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എ.എല്‍ ഷീജ, അഡീഷണല്‍ എസ്.പി കെ.രാജന്‍, ജില്ലാ ഫയര്‍ ഓഫീസര്‍ കെ.ഹരികുമാര്‍, നഗരസഭാ പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കടുത്തു.