Trending Now

അര്‍ഹതപ്പെട്ട എല്ലാവര്‍ക്കും പട്ടയം നല്‍കും: മന്ത്രി കെ. രാജന്‍

അര്‍ഹതപ്പെട്ട എല്ലാവര്‍ക്കും പട്ടയം നല്‍കും: മന്ത്രി കെ. രാജന്‍
പത്തനംതിട്ട ജില്ലയിലെ അര്‍ഹതപ്പെട്ട എല്ലാവര്‍ക്കും പട്ടയം നല്‍കുമെന്ന് റവന്യു- ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ.രാജന്‍ പറഞ്ഞു. ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡിയുടെ സാന്നിധ്യത്തില്‍ പത്തനംതിട്ട കളക്ടറേറ്റില്‍ റവന്യു ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
അര്‍ഹതപ്പെട്ടവര്‍ക്ക് ഒരു കാരണവശാലും പട്ടയം ലഭിക്കാതെ പോകരുത്. മുന്‍പില്‍ വന്നുനില്‍ക്കുന്ന ഓരോരുത്തരും സ്വന്തമാണെന്ന തോന്നല്‍ ഉണ്ടാകുകയാണെങ്കില്‍ പ്രശ്നങ്ങള്‍ക്കു പരിഹാരം ഉണ്ടാകും. ‘എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ’ എന്നതാണു സര്‍ക്കാര്‍ നയം.  നിയമത്തിന്റെ അതിര്‍ വരമ്പ് ലംഘിച്ചുകൊണ്ട് ഒരു പ്രവര്‍ത്തിയും ചെയ്യാന്‍ പാടില്ല. മതപരമോ, രാഷ്ട്രീയമോ ആയ ഒരു രീതിയിലുമുള്ള സ്വാധീനങ്ങളിലും വഴങ്ങാന്‍ പാടില്ല. അതുപോലെ തന്നെ അടിസ്ഥാനപരമായ മാറ്റങ്ങള്‍ വരേണ്ട ഇടമാണ് വില്ലേജ് ഓഫീസുകള്‍. സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളെ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളാക്കാനാണു ശ്രമിക്കുന്നത്. 40 സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. വില്ലേജ് ഓഫീസുകളില്‍ കുടുംബത്തിലേതെന്ന പോലെയുള്ള അന്തരീക്ഷം സൃഷ്ടിച്ചു ജനകീയമാക്കാന്‍ ഉദ്യോഗസ്ഥര്‍ക്കു സാധിക്കും.
നൂറു ദിവസത്തിനുള്ളില്‍ ഭൂനികുതി എവിടെ ഇരുന്നു കൊണ്ടും അടയ്ക്കാന്‍ സാധിക്കുന്ന രീതിയിലേക്കു സംവിധാനങ്ങളില്‍ മാറ്റം കൊണ്ടുവരും. വില്ലേജ് ഓഫീസര്‍മാര്‍ക്ക് വാഹന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെ പറ്റി ആലോചനയുണ്ട്. മറ്റു വകുപ്പുകളിലെന്ന പോലെ വില്ലേജ് അസിസ്റ്റന്റ് മുതല്‍ മുകളിലേക്കു മികച്ച സേവനം കാഴ്ച്ചവയ്ക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തും. റീസര്‍വേ നടപടികള്‍ അതിവേഗത്തിലാക്കാന്‍ നടപടികള്‍ സ്വീകരിക്കും. സര്‍വേ, രജിസ്ട്രേഷന്‍, റവന്യു നടപടികള്‍ യോജിപ്പിച്ച് പ്രവര്‍ത്തിക്കുന്നതിന്റെ ഭാഗമായാണ് റീസര്‍വേ നടപടികള്‍ അതിവേഗം പൂര്‍ത്തീകരിക്കുന്നത്. അഴിമതി എല്ലാ മേഖലയിലും പടര്‍ന്നു പിടിച്ചിട്ടുണ്ടെന്നും അതിനെ മറികടക്കാന്‍ ശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു.
ജൂലൈ ഏഴ് മുതല്‍ റവന്യു സെക്രട്ടറിയേറ്റ് യോഗം ചേരും. സംസ്ഥാനത്ത് ആദ്യമായിട്ടാണ് റവന്യു സെക്രട്ടറിയേറ്റ് യോഗം ചേരുന്നത്. ഇതിനുപുറമെ എല്ലാ മാസവും സബ് കളക്ടര്‍, ഡെപ്യൂട്ടി കളക്ടര്‍മാര്‍ എന്നിവരുമായും എല്ലാ രണ്ടു മാസം കൂടുമ്പോള്‍ വില്ലേജ് ഓഫീസര്‍മാരുമായും മന്ത്രി സംവദിക്കും. റവന്യു വകുപ്പിലെ പ്യൂണ്‍ മുതല്‍ മന്ത്രി വരെ എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും റവന്യു മന്ത്രി പറഞ്ഞു.
എഡിഎം അലക്സ് പി തോമസ്, അടൂര്‍ ആര്‍ഡിഒ എ. തുളസീധരന്‍ പിള്ള, തിരുവല്ല ആര്‍ഡിഒ ബി. രാധാകൃഷ്ണന്‍, അസിസ്റ്റന്റ് കളക്ടര്‍ സന്ദീപ് കുമാര്‍, ഡെപ്യൂട്ടി കളക്ടര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വില്ലേജ് ഓഫീസുകളുടെ കെട്ടിടങ്ങളും സേവനങ്ങളും 
സ്മാര്‍ട്ടാക്കും: റവന്യു മന്ത്രി 
സംസ്ഥാനത്തെ എല്ലാ വില്ലേജ് ഓഫീസുകളുടെയും കെട്ടിടങ്ങളും സേവനങ്ങളും സ്മാര്‍ട്ടാക്കുമെന്ന് റവന്യൂ- ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ. രാജന്‍ പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ അടൂര്‍ താലൂക്ക് ഓഫീസ്, ഏനാത്ത് വില്ലേജ് ഓഫീസ് എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും കളക്ടറേറ്റ്, താലൂക്ക് ഓഫീസ്, വില്ലേജ് ഓഫീസ് എന്നിവിടങ്ങളില്‍ ഘട്ടം ഘട്ടമായി സന്ദര്‍ശനം നടത്തും. പട്ടയം കൊടുക്കാനുള്ള അപേക്ഷകള്‍, അടൂര്‍ റവന്യൂ ടവര്‍ നിര്‍മാണം, സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ നിര്‍മാണം തുടങ്ങിയവ സംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി മന്ത്രി ചര്‍ച്ച നടത്തി. 100 ദിന കര്‍മ പദ്ധതികയില്‍ ഉള്‍പ്പെടുത്തി പണി പൂര്‍ത്തിയാകാത്ത വില്ലേജ് ഓഫീസുകളുടെ നിര്‍മാണം ഉടന്‍ പൂര്‍ത്തീകരിക്കും. ഫര്‍ണിച്ചര്‍, കാബിന്‍ തുടങ്ങിയ സജീകരണങ്ങള്‍ ഒരുക്കും. ജില്ലാ കളക്ടര്‍, എഡിഎം എന്നിവരുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും.
വില്ലേജ് ഓഫീസുകള്‍ സജീവമാക്കണം. സ്മാര്‍ട്ട് വില്ലേജ് പ്രവര്‍ത്തനം ഒരു മിഷനായി എടുക്കും. കെട്ടിടങ്ങള്‍ പ്രയോജനപ്പെടുത്തണം. ഇനി വരുന്ന കാലത്ത് പൊതുജനങ്ങള്‍ക്ക് പ്രയോജനപ്പെടുംവിധം ഓഫീസുകളില്‍ കൂടുതല്‍ സജീകരണങ്ങള്‍ ഒരുക്കും. ഓഫീസുകള്‍ ജനകീയവും ജനസൗഹൃദവുമായിരിക്കണമെന്നും മന്ത്രി പറഞ്ഞു. ജില്ലയിലെ വിവിധ റവന്യു ഓഫീസുകളിലെ അറ്റകുറ്റപ്പണികള്‍ യഥാസമയം പൂര്‍ത്തീകരിക്കുന്നതിനായി ഫണ്ട് സമാഹരിക്കുന്നത് പ്രയോജനം ചെയ്യുമെന്ന് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി പറഞ്ഞു.
അടൂര്‍ നഗരസഭ ചെയര്‍മാന്‍ ഡി. സജി, എഡിഎം അലക്സ് പി. തോമസ്,  അടൂര്‍ ആര്‍ഡിഒ എ. തുളസീധരന്‍ പിള്ള, അടൂര്‍ തഹസീല്‍ദാര്‍ ജോണ്‍ സാം, എല്‍ആര്‍ തഹസീല്‍ദാര്‍ ഡി. സന്തോഷ് കുമാര്‍, ഹെഡ്ക്വാര്‍ട്ടേഴ്സ് ഡെപ്യുട്ടി തഹസീല്‍ദാര്‍ നൗഷാദ്, അടൂര്‍ വില്ലേജ് ഓഫീസര്‍ കല, ഏനാത്ത് വില്ലേജ് ഓഫീസര്‍ എസ്. ദീപ്തി,  സിപിഐ ജില്ലാ സെക്രട്ടറി എ.പി. ജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.