ഓരോ ഫയലും ഓരോ ജീവിതം പോലെ ആണെങ്കില്‍ ഇവര്‍ക്കും വേണം ആനുകൂല്യം

ആലകളില്‍ ഉരുകുന്നത് ജീവിതമാണ് : ഓരോ ഫയലും ഓരോ ജീവിതം പോലെ ആണെങ്കില്‍ ഇവര്‍ക്കും വേണം ആനുകൂല്യം

കോന്നി വാര്‍ത്ത ഡോട്ട് കോം : – കേരളത്തിലെ കാര്‍ഷികവൃത്തി മുതൽ വീട്ടാവശ്യങ്ങൾക്ക് വരെ ആയുധങ്ങൾ നിർമ്മിക്കുകയും മൂർച്ച കൂട്ടുകയും ചെയ്തിരുന്ന വിശ്വകർമ്മ വിഭാഗത്തിൽപ്പെട്ട കൊല്ലപ്പണിക്കാർ രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ കൂടുതൽ പ്രതിസന്ധിയിലായിരിക്കുകയാണ്.
കാര്‍ഷിക ജോലികളും കെട്ടിടനിർമ്മാണവും റബ്ബർ ടാപ്പിംഗുമൊക്കെ സാധാരണ ഗതിയിൽ നടന്നുവന്നെങ്കിൽ മാത്രമേ കൊല്ലപ്പണിക്കാർക്കും ജോലിയുള്ളു.

ലോക്ക് ഡൗൺ മൂലം ഇവയെല്ലാം നിശ്ചലമായതോടെ ഇരുമ്പ് പണി ചെയ്യുന്ന ആലയിലേക്കും ആരും തിരിഞ്ഞ് നോക്കാതെയായി. കേരളത്തിലെ എല്ലാ മേഖലയിലും ജോലി ചെയ്യുന്നവർക്കും ഇതര സംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെയുള്ളവർക്കും സർക്കാർ ധനസഹായം അനുവദിച്ചപ്പോഴും നിർമ്മാണ മേഖലയിൽ വളരെയധികം പ്രാധാനമർഹിക്കുന്ന ഇരുമ്പ് പണിക്കാർക്ക് യാതൊരു ആനുകൂല്യങ്ങളും ലഭിച്ചതുമില്ല. ആലയിൽ ലഭിക്കുന്ന ജോലികൾക്ക് അനുസരിച്ചാണ് കൊല്ലപ്പണിയിലെ വരുമാനം.ചില ദിവസങ്ങളിൽ ആയുധങ്ങൾ ശരിയാക്കുവാൻ ആരും എത്തിയില്ലെങ്കിൽ നിത്യ ചിലവിനുള്ള പണം പോലും വഴിമുട്ടും.

വൻകിട കമ്പനികൾ യന്ത്രങ്ങളിൽ ഗാർഹിക ആയുധങ്ങൾ നിർമ്മിച്ച് വിപണിയിലിറക്കിയതും കൊല്ലപ്പണിയെ സാരമായി ബാധിച്ചു.കുറഞ്ഞ വിലയ്ക്ക് വിൽപ്പനയ്ക്ക് നിരത്തുന്ന ഇത്തരം ആയുധങ്ങൾ വിപണിയിലെത്തിയതോടെ ഇരുമ്പ് പണിക്കാരുടെ ജീവിതം കൂടുതൽ വഴിമുട്ടി.

പിത്തള,ഇരുമ്പ്,കോലരക്ക്, പൊൻകാരം,വെള്ളി,കരി,അരം തുടങ്ങിയവയാണ് ആലയിലെ ജോലിക്ക് ഉപയോഗിക്കേണ്ടി വരുന്ന പ്രധാന അസംസ്കൃത വസ്തുക്കൾ.എന്നാൽ വിപണിയിൽ ഇവയുടെ എല്ലാം വില നാൾക്കുനാൾ വർധിച്ചതും ഇതിനൊടൊപ്പം തന്നെ കൊല്ലപ്പണിയിൽ നിന്ന് ലഭിക്കുന്ന വരുമാനം കുറഞ്ഞതും ഈ മേഖലയിൽ ജോലി ചെയ്യുന്നവരെ കൂടുതൽ പ്രതിസന്ധിയിലാക്കി.ഈ പ്രതിസന്ധികൾക്കിടെയാണ് ലോക്ക് ഡൗൺ പ്രഖ്യാപനവും ഇരുമ്പ് പണിക്കാരുടെ നട്ടെല്ലൊടിച്ചത്.

ജോലി ഇല്ലാതെയായതോടെ ഇരുമ്പ് പണി ചെയ്യുന്നവർ മറ്റ് തൊഴിൽ മേഖലകൾ തേടി പോകേണ്ട അവസ്ഥയാണുള്ളതെന്നും ഈ മേഖലയിലുള്ളവർ പറയുന്നു.ടാപ്പിംഗ് മേഖലയിൽ നിന്നുള്ള കത്തി ഉൾപ്പെടെയുള്ള ആയുധങ്ങളും ആലയിലേക്ക് എത്തിയിരുന്നെങ്കിലും റബ്ബറിൻ്റെ വില തകർച്ച ടാപ്പിംഗ് മേഖലയെ സാരമായി ബാധിച്ചതോടെ ടാപ്പിംഗ് കത്തികൾ നിർമ്മിക്കുവാനും മൂർച്ച കൂട്ടുവാനും ആലയിലേക്ക് ആരും എത്താതെയായി.ഇടയ്ക്കിടെ ആലയിലേക്ക് എത്തികൊണ്ടിരുന്ന ടാപ്പിംഗ് കത്തികൾ ലോക്ക് ഡൗൺ മൂലം എത്താതെയുമായി.നിർമ്മാണ മേഖല സ്തംഭിച്ച് ലോക്ക് ഡൗൺ ഇനിയും തുടർന്നാൽ ജീവിതം എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്ന വ്യാകുലതയിലാണ് സംസ്ഥാനത്തെ ഇരുമ്പ് പണിക്കാർ.

മനോജ് പുളിവേലില്‍ @കോന്നി വാര്‍ത്ത ഡോട്ട് കോം ചീഫ് റിപ്പോര്‍ട്ടര്‍