കോന്നി വാര്‍ത്ത ഡോട്ട് കോം : മണ്ണിടിച്ചിൽ ഭീഷണി മൂലം ഉറക്കം പോലും നഷ്ടപെട്ട പൊന്തനാംകുഴി ഐ എച്ച് ഡി പി കോളനിയിലെ ജനങ്ങൾക്ക് സംസ്ഥാന സർക്കാർ സഹായത്താൽ വീടൊരുങ്ങുന്നു.കോളനിയിലെ മുപ്പത്തിരണ്ട് കുടുംബങ്ങൾക്കാണ് വീടിനും വസ്തുവിനുമായി പത്ത് ലക്ഷം രൂപ വീതം അനുവദിച്ച് സർക്കാർ ഉത്തരവായത്.കോന്നി ഗ്രാമ പഞ്ചായത്തിലെ പതിനഞ്ച്, പതിനാറ് വാർഡുകൾ ഉൾപ്പെടുന്ന പൊന്തനാംകുഴി മുരുപ്പിൽ 2019 ഒക്ടോബർ 21 ൽ കോന്നി ഉപതിരഞ്ഞെടുപ്പ് ദിവസമാണ് കനത്ത മഴയിൽ മണ്ണിടിച്ചിൽ ഉണ്ടാകുന്നത്.ഇതിനുശേഷം ഭീതിയോടെ ആണ് ഇവർ പൊന്തനാംകുഴി മുരുപ്പിൽ താമസിച്ച് വരുന്നത്.
സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചതോടെ വലിയ ആശ്വാസത്തിലാണ്‌പൊന്തനാംകുഴി നിവാസികൾ.മുപ്പത്തിരണ്ട് കുടുംങ്ങളിൽ ഓരോ കുടുംബത്തിനും വസ്തുവാങ്ങുന്നതിന് ആറുലക്ഷവും വീട് വെയ്ക്കുന്നതിനായി നാല് ലക്ഷവുമാണ് അനുവദിച്ചത്.എന്നാൽ ഇവർക്ക് താമസത്തിന് അനുയോജ്യമായ ഭൂമി കണ്ടെത്തി വീട് നിർമിച്ച് നല്കുന്നതുൾപ്പെടെ ഉള്ള കാര്യങ്ങൾ പൂർത്തീകരിക്കുകയാണ് അടുത്ത ഘട്ടം.ഇതിനായുള്ള പ്രവർത്തങ്ങൾ ദ്രുത ഗതിയിൽ പുരോഗമിക്കുകയാണെന്നും കോന്നി തഹൽസിദാർ അറിയിച്ചു.
കനത്ത മഴയിൽ മണ്ണിടിച്ചിലിനെ തുടർന്ന് കഴിഞ്ഞ മാസവും ഇവരെ മാറ്റി പാർപ്പിച്ചിരുന്നു.മണ്ണിടിച്ചിലിന് ശേഷം അടൂർ ആർ ടി ഓ യുടെ നേതൃത്വത്തിൽ ജില്ലാ ജിയോളജിസ്റ്റ്,ജില്ലാ മണ്ണുസംരക്ഷണ ഓഫീസർ എന്നിവർ അടങ്ങുന്ന സംഘം നടത്തിയ സംയുക്ത പരിശോധനയുടെ അടിസ്ഥാനത്തിൽ സമർപ്പിച്ച റിപ്പോർട്ട് പ്രകാരം കോളനിയിലെ 32 കുടുംബങ്ങൾ താമസിക്കുന്ന സ്ഥലം വാസയോഗ്യമല്ലെന്നും അതിൽ തന്നെ മലയുടെ മുകളിലായി നീളത്തിൽ വിള്ളലുകൾ രൂപപ്പെട്ട ഭാഗത്തിന് താഴെയായി അഞ്ച് കുടുംബങ്ങൾ കഴിയുന്നുണ്ടെന്നും ഇവരെ അടിയന്തിരമായി മാറ്റി പാർപ്പിക്കണമെന്നും ഇവിടെ താമസിക്കുന്ന 32 കുടുംബങ്ങൾക്ക് പത്ത് ലക്ഷം രൂപ അനുവദിക്കണമെന്നും അപേക്ഷിച്ച് കലക്റ്റർ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.ഈ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലാണ് പൊന്തനാംകുഴി നിവാസികൾക്ക് ആശ്വാസമായി സർക്കാർ ഉത്തരവ് പുറത്തിറക്കിയത്.
മനോജ് പുളിവേലില്‍ @ചീഫ് റിപ്പോട്ടര്‍, കോന്നി വാര്‍ത്ത ഡോട്ട് കോം