പത്തനംതിട്ട നഗരസഭയില്‍ ഓണ്‍ലൈന്‍ സേവനങ്ങള്‍ നിലവില്‍ വന്നു

 

കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട നഗരസഭയിലെ കെട്ടിടങ്ങളുടെ നികുതി അടയ്ക്കുന്നതിനും ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതിനും ഓണ്‍ലൈന്‍ സേവനം നിലവില്‍ വന്നു. ഈ സംവിധാനം പൊതുജനങ്ങള്‍ക്ക് ഏറെ പ്രയോജനകരമാകും.

നഗരസഭ ഓഫീസില്‍ നേരിട്ട് എത്താതെ tax.lsgkerala.gov.in എന്ന വെബ്‌സൈറ്റിലൂടെ കെട്ടിട നികുതി വിവരങ്ങള്‍ മനസിലാക്കുന്നതിനും നികുതി അടയ്ക്കുന്നതിനും ഇതോടെ കഴിയും. കൂടാതെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് അടക്കം കെട്ടിടങ്ങളുമായി ബന്ധപ്പെട്ട് വരുന്ന മറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനായി ലഭിക്കും. ഇത്തരം സേവനങ്ങള്‍ക്കായി നഗരസഭാ കാര്യാലയത്തില്‍ എത്തുന്നവര്‍ക്ക് പലപ്പോഴും ഉദ്യോഗസ്ഥര്‍ അവധിയില്‍ ആകുന്നതിനാല്‍ സേവനം യഥാസമയം ലഭ്യമാകാതെ വരുന്നു. ഈ ബുദ്ധിമുട്ട് സേവനങ്ങള്‍ ഓണ്‍ലൈനാകുന്നതോടെ അവസാനിക്കും.

വെബ്‌സൈറ്റ് ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ അഡ്വ.ടി സക്കീര്‍ ഹുസൈന്‍ നിര്‍വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ ആമിന ഹൈദരാലി അധ്യക്ഷത വഹിച്ചു.