സ്ത്രീധനപീഡനം, ഗാര്‍ഹിക അതിക്രമങ്ങള്‍ തടയും: ആര്‍.നിശാന്തിനി

സ്ത്രീധനപീഡനം, ഗാര്‍ഹിക അതിക്രമങ്ങള്‍ തടയും: ആര്‍.നിശാന്തിനി

സ്ത്രീധനവുമായി ബന്ധപ്പെട്ട അതിക്രമങ്ങളും ഗാര്‍ഹിക പീഡനങ്ങളും സംബന്ധിച്ച പരാതികളില്‍ ഉടനടി നടപടിയെന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആര്‍.നിശാന്തിനി പറഞ്ഞു. ഇത്തരം പരാതികള്‍ കൈകാര്യം ചെയ്യാന്‍ ആരംഭിച്ച ‘അപരാജിത’ എന്ന ഓണ്‍ലൈന്‍ പോലീസ് സംവിധാനത്തിന്റെ സംസ്ഥാന നോഡല്‍ ഓഫീസറായി നിയോഗിക്കപ്പെട്ട ആര്‍.നിശാന്തിനിക്ക് aparachitha.pol@ kerala.gov.in എന്ന ഇ മെയില്‍ വിലാസത്തില്‍ പരാതികള്‍ അയക്കാം. 9497999955 എന്ന നമ്പരിലും പരാതി അയക്കാം.

പത്തനംതിട്ട ജില്ലയില്‍ ലോക്ക്ഡൗണ്‍ കാലത്ത് ഇത്തരം കേസുകള്‍ വര്‍ധിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും സ്ത്രീപീഡനങ്ങളും സ്ത്രീധനവുമായി ബന്ധപ്പെട്ട ഗാര്‍ഹിക പീഡനങ്ങളും പൊതുവെ വര്‍ധിക്കുന്നുണ്ട്. ഇതു ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണു പുതിയ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും ഏതു പ്രായത്തിലുള്ള വനിതകള്‍ നല്‍കുന്ന പരാതികള്‍ക്കും മുന്തിയ പരിഗണന നല്‍കി അടിയന്തര പരിഹാര നടപടി കൈകൊള്ളുമെന്നും ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി.

പുരോഗമന കാലഘട്ടത്തിലും സ്ത്രീകള്‍ ഭര്‍തൃ ഗൃഹങ്ങളില്‍ സ്ത്രീധനത്തിന്റെ പേരില്‍ അതിക്രമങ്ങള്‍ക്ക് ഇരകളാക്കപ്പെടുന്നതു തികച്ചും അപരിഷ്‌കൃതമാണ്. ഇത്തരം ക്രൂരതകള്‍ തടയുകയും കുറ്റവാളികള്‍ക്കെതിരെ കര്‍ക്കശമായ നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്. പുരുഷാധിപത്യ ചിന്താഗതി വച്ചു പുലര്‍ത്തുന്നവരാണു സ്ത്രീകളെ ഇത്തരത്തില്‍ കൈകാര്യം ചെയ്യുന്നത്. ഇവരെ നിലയ്ക്കുനിര്‍ത്തുന്ന തരത്തില്‍ പോലീസ് നടപടിയുണ്ടാകും.

പെണ്ണിനെ പണവും സമ്പത്തും നേടാനുള്ള ഉപകരണമായി മാത്രം കാണുന്നവര്‍ സമൂഹത്തെ പിന്നോട്ടടിക്കുന്നവരാണെന്നും സ്ത്രീകള്‍ക്കെതിരെ അതിക്രമം കാട്ടുന്നവരെ നിയമനടപടികള്‍ക്കു വിധേയരാക്കുമെന്നും സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കുമെന്നും ജില്ലാ പോലീസ് മേധാവി ചൂണ്ടിക്കാട്ടി.

കോവിഡ് പോരാളികളെ ആദരിച്ചു

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവരുന്നവരെ ആദരിക്കുന്നതിന്റെ ഭാഗമായി ജില്ലാ പോലീസ് എസ്പിസി പദ്ധതിയും നന്മ ഫൗണ്ടേഷനും ബേക്കേഴ്സ് അസോസിയേഷനും ചേര്‍ന്ന് ആംബുലന്‍സ് ഡ്രൈവര്‍മാരെയും പൊതുശ്മശാന തൊഴിലാളികളെയും ആദരിച്ചു. ജില്ലാ പോലീസ് ആസ്ഥാനത്ത് കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് നടന്ന ചടങ്ങിലാണ് ഇവരെ ആദരിച്ചത്. ജില്ലാ പോലീസ് അഡിഷണല്‍ എസ്പി:എന്‍.രാജന്‍ ഉദ്ഘാടനം ചെയ്തു. കോവിഡ് മഹാമാരികാലത്ത് രോഗവ്യാപനത്തിനെതിരെ പൊരുതുന്ന വിവിധ വിഭാഗങ്ങളില്‍ ആംബുലന്‍സ് ഡ്രൈവര്‍മാരും പൊതു ശ്മശാന തൊഴിലാളികളും വലിയ സേവനങ്ങളാണു നല്‍കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. രോഗബാധിതരെ എത്രയും വേഗം ആശുപത്രികളിലും കോവിഡ് സെന്ററുകളിലും എത്തിക്കുന്നതില്‍ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ സ്തുത്യര്‍ഹമായ സേവനമാണു ചെയ്തുവരുന്നത്. കോവിഡ് ബാധിച്ചു മരിക്കുന്നവരെ സംസ്‌കരിക്കുന്നതില്‍ സ്വന്തം സുരക്ഷ പോലും മറന്നു പ്രവര്‍ത്തിക്കുന്ന പൊതുശ്മശാന തൊഴിലാളികളും ആദരിക്കപ്പെടേണ്ടവരാണെന്നും അദ്ദേഹം പറഞ്ഞു.

സാദര എന്ന് പേരിട്ട പരിപാടിയുടെ ആദ്യഘട്ടത്തില്‍ ആശുപത്രികളിലെ ശുചീകരണ തൊഴിലാളികളെ കഴിഞ്ഞവര്‍ഷം ആദരിച്ചിരുന്നു. കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ തൊഴിലാളികളെയാണ് അന്ന് ഉള്‍പെടുത്തിയത്. രണ്ടാംഘട്ട പരിപാടിയാണ് ജില്ലാ പോലീസ് ആസ്ഥാനത്ത് നടത്തിയത്.

സ്റ്റുഡന്റസ് പോലീസ് കേഡറ്റ്‌സ് പ്രൊജക്റ്റ് ജില്ലാ നോഡല്‍ ഓഫീസറും നര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി യുമായ ആര്‍.പ്രദീപ് കുമാര്‍, ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി എം.കെ സുല്‍ഫിക്കര്‍, ഡിസിആര്‍ബി ഡിവൈഎസ്പി എ.സന്തോഷ് കുമാര്‍, ജനറല്‍ ആശുപത്രി സുപ്രണ്ട് ഡോ.തേജ്പാല്‍, എസ്പിസി ജില്ലാ അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ സുരേഷ് കുമാര്‍, ബേക്കേഴ്സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് സാദിക്ക്, ജനറല്‍ സെക്രട്ടറി വിനീഷ് തുടങ്ങിയവര്‍ സംസാരിച്ചു.