കോന്നി റിസര്‍വ് വനം പ്രഖ്യാപനം: നോട്ടീസ് നല്‍കിയതില്‍ ആശങ്ക വേണ്ടെന്ന് ഡിഎഫ്ഒ
കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി റിസര്‍വ് വനം പ്രഖ്യാപനവുമായി ബന്ധപ്പെട്ട് സ്ഥലവാസികള്‍ക്ക് ഫോറസ്റ്റ് സെറ്റില്‍മെന്റ് ഓഫീസര്‍ നോട്ടീസ് നല്‍കിയതില്‍ ആശങ്ക വേണ്ടെന്ന് കോന്നി ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ കെ.എന്‍. ശ്യാം മോഹന്‍ലാല്‍ അറിയിച്ചു.
വനം വകുപ്പിന്റെ അധീനതയിലുളള കോന്നി ആന ക്യാമ്പിലെ 3.36 ഹെക്ടര്‍, കോന്നി ബംഗ്ലാവ് ഹില്ലിലെ 3.07 ഹെക്ടര്‍, എലിയറയ്ക്കല്‍ സോഷ്യല്‍ ഫോറസ്ട്രി കോംപ്ലക്സിലെ 1.69 ഹെക്ടര്‍ സ്ഥലം എന്നീ റവന്യൂ ഭൂമികള്‍ റിസര്‍വ് വനമായി പ്രഖ്യാപിച്ചുകൊണ്ട് 2017 ജൂണ്‍ 30നും ഈ സ്ഥലങ്ങളിന്മേല്‍ ചുറ്റുപാടും താമസിക്കുന്നവര്‍ക്ക് എന്തെങ്കിലും അവകാശങ്ങള്‍ ഉന്നയിക്കാനുണ്ടെങ്കില്‍ അതു നിര്‍ണയിക്കുന്നതിന് ഹിയറിംഗ് നടത്താന്‍ ഉദ്ദേശിച്ച് 2019 ഡിസംബര്‍ 31നും സര്‍ക്കാര്‍ ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.
പ്രഖ്യാപിത റിസര്‍വ് വന ഭൂമികളില്‍ പരമ്പരാഗതമായി ഉപയോഗിച്ചു വരുന്ന നടവഴി, കുടിവെളള സ്രോതസ്, ആരാധനാലയം മുതലായ അവകാശങ്ങള്‍ ഉളളപക്ഷം സ്ഥലവാസികള്‍ അവ തെളിവു സഹിതം ഹിയറിംഗ് വേളയില്‍ ഫോറസ്റ്റ് സെറ്റില്‍മെന്റ് ഓഫീസറായ അടൂര്‍ റവന്യൂ ഡിവിഷണല്‍ ഓഫീസറെ ബോധിപ്പിക്കുന്നതിന് ഉദ്ദേശിച്ചാണ് ഇപ്പോള്‍ ഈ സ്ഥലങ്ങള്‍ക്കു ചുറ്റും താമസിക്കുന്നവര്‍ക്കു നോട്ടീസ് നല്‍കിയിട്ടുളളത്. വനം കൈയേറ്റമോ അതിര്‍ത്തി തര്‍ക്കമോ ഉളള സ്ഥലത്തല്ലാതെ ചുറ്റുപാടും താമസിക്കുന്ന ആള്‍ക്കാരുടെ കൈവശഭൂമിയുമായി ഇക്കാര്യത്തിന് ഒരു ബന്ധവുമില്ല.
വനഭൂമിയുടെ ചുറ്റുപാടും താമസിക്കുന്നവര്‍ വനഭൂമിയിന്മേല്‍ തെളിവു സഹിതം ഏതെങ്കിലും അവകാശം സ്ഥാപിച്ചെടുക്കാന്‍ ഉദ്ദേശിക്കുന്ന പക്ഷം അതു നല്‍കണം എന്നു മാത്രം ഉദ്ദേശിച്ചുകൊണ്ട് നല്‍കിയ നോട്ടീസിനെ സംബന്ധിച്ച് അനാവശ്യമായ ചില ഊഹാപോഹങ്ങളും ആശങ്കകളും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അവയ്ക്ക് യാതൊരു അടിസ്ഥാനവും ഇല്ലെന്നും ഡിഎഫ്ഒ അറിയിച്ചു.